നിപ: ഐ.സി.എം.ആർ സംഘമെത്തി

Tuesday 23 July 2024 12:43 AM IST

കോഴിക്കോട് : നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) സംഘം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി. ഡോ. റിമ ആർ സഹായ് (സയന്റിസ്റ്റ് ഡി, മാക്‌സിമം കണ്ടെയ്ൻമെന്റ് ഫെസിലിറ്റി, ഐ.സി.എം.ആർ.എൻ.ഐ.വി, പൂനെ), ഡോ. ദീപക് വൈ പാട്ടീൽ (സയന്റിസ്റ്റ് ഡി.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൺ ഹെൽത്ത്, നാഗ്പൂർ), ഡോ. സതീഷ് ഗെയ്ക്വാദ് (സയന്റിസ്റ്റ് ബി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൺ ഹെൽത്ത്, നാഗ്പൂർ), രാമേശ്വർ ഖെദേക്കർ (ടെക്‌നീഷ്യൻ സി, പോളിയോ വൈറസ് ഗ്രൂപ്പ്, ഐ.സി.എം.ആർ.എൻ.ഐ.വി, പൂനെ), ഡോ. സിബ, സയന്റിസ്റ്റ് ബി, ഐ.സി.എം.ആർ.എൻ.ഐ.വി, കേരള യൂണിറ്റ്), ജിജോ കോശി, സീനിയർ ടെക്‌നീഷ്യൻ ഐ, ഐ.സി.എം.ആർ.എൻ.ഐ.വി, കേരള യൂണിറ്റ്) എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട്ടെത്തിയത്. മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് സന്ദർശിച്ച സംഘം സ്ഥിതിഗതികൾ വിലയിരുത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജി.സജിത്ത് കുമാറുമായി കൂടിക്കാഴ്ച നടത്തിയ സംഘം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് തിരിച്ചു.

@മെഡിക്കൽ കോളേജിൽ രോഗികൾ കുറഞ്ഞു

കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾ കുറഞ്ഞു. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ നാലായിരത്തോളം രോഗികളെത്താറുണ്ടെങ്കിൽ ഇന്നലെ രണ്ടായിരത്തോളം രോഗികൾ മാത്രമാണ് വിവിധ ഒ.പികളിൽ ചികിത്സ തേടിയത്. നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾക്ക് മാറ്റമില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ആശുപത്രിയിൽ സന്ദർശക വിലക്കുണ്ട്. നിലവിൽ വയനാട്ടിൽ നിന്ന് പനി ബാധിച്ചെത്തിയ ഒരു കുട്ടി മാത്രമാണ് നിപ ഐസൊലേഷൻ വാർഡിലുള്ളത്. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Advertisement
Advertisement