യോ​ഗ​ത്തി​ന്റെ കാ​വി​വത്ക​ര​ണം എ​തി​ർ​ക്കും​:​ ​എം.​വി​. ​ഗോ​വി​ന്ദൻ,​ ലീ​ഗി​ന്റെ​ ​മ​ത​രാ​ഷ്ട്ര​ ​വാ​ദ​ത്തിനെതിരെ പാർട്ടി പ്രചാരണം നടത്തും

Tuesday 23 July 2024 12:48 AM IST

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ കാവിവൽക്കരണത്തെയും മുസ്ലീം ലീഗിന്റെ മതരാഷ്ട്രവാദത്തെയും എതിർക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എസ്.എൻ.ഡി.പി യോഗത്തിന് സി..പി.എം എതിരല്ല. ബി.ഡി.ജെ.എസിനെ ഉപകരണമാക്കി യോഗത്തെ ആർ.എസ്.എസ് കാവിവത്കരിക്കാൻ ശ്രമിക്കുന്നതിനെയാണ് എതിർക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങളുമായി മുന്നോട്ടു പോയാൽ വിമർശനം തുടരുമെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി

ശ്രീനാരായണ ഗുരു സ്ഥാപിച്ച യോഗത്തിന്റെ നേതാക്കൾ സി.പി.എം. നേതാക്കൾക്കതിരെ വ്യക്തിപരമായ വിമർശനങ്ങൾ നടത്തുകയാണ്. മതരാഷ്ട്രവാദികളുമായി യോജിച്ച് പ്രവർത്തിക്കുന്ന മുസ്ലീം ലീഗിന്റെ നിലപാട് തുറന്നു കാട്ടും. . വർഗീയ ശക്തികൾ പരസ്പരം കുറ്റപ്പെടുത്തി ശക്തിപ്പെടുന്ന അവസ്ഥയാണ് . ന്യൂനപക്ഷങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കാനും ആർ.എസ്.എസ് ശ്രമിക്കുന്നുണ്ട്. ന്യൂനപക്ഷ പരിരക്ഷ പ്രധാന ചുമതലയായി ഇടതുപക്ഷം ഏറ്റെടുക്കും.

ക്ഷേമ പെൻഷൻ

കുടിശിക തീർക്കും.

ക്ഷേമ പെൻഷൻ കുടിശികയടക്കം തീർക്കും. മുൻഗണന നടപ്പാക്കാൻ സി.പി.എം ശ്രമിക്കുന്നുണ്ട്. ധനകാര്യ മാനേജ്‌മെന്റ് നല്ല നിലയിലാണ് നടക്കുന്നത്.വികസന മുരടിപ്പെന്ന വിമർശനത്തിന് അടിസ്ഥാനമില്ല. ബി.ജെ.പിയുടെ മതവാദ രാഷ്ട്രീയത്തിനെതിരെ ആശയ പ്രചാരണം നടത്തും. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ട് നൽകണം. അവിടം കൈയ്യടക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണ്. വിശ്വാസികൾ വർഗീയവാദികളും, വർഗീയവാദികൾ വിശ്വാസികളുമാവില്ല. ദേവസ്വം ബോർഡിന്റെ ക്ഷേത്ര മുറ്റങ്ങളിൽ നിയമം ലംഘിച്ചു ശാഖകൾ നടത്താൻ അനുവദിക്കില്ല.

നഗരമേഖലയിൽ പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇടത് യുവജന -വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ മെച്ചപ്പെട്ട പ്രകടനം നടത്തണം. തദ്ദേശ സ്ഥാപനങ്ങളുടയും സർക്കാരിന്റെയും സംവിധാനമുപയോഗിച്ച് കേരളം ശുചിയാക്കും. ‌ താഴേത്തട്ടിൽ സി.പി.എം പ്രവർത്തകരെ അണിനിരത്തും. നവ മാധ്യമങ്ങളിൽ സി.പി.എം വിരോധം പ്രചരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കനുകൂലമായി പരാമർശം നടത്തിയതിന് ഐ.എ.എസുകാരിയായ ദിവ്യ എസ്.അയ്യർക്കെതിരെ കോൺഗ്രസ് നേതാക്കൾ ആക്രമണമഴിച്ചു വിടുന്നതിന് പിന്നിൽ സ്ത്രീ വിരുദ്ധതയാണ്.

തെറ്റുകൾ വച്ചു

പൊറുപ്പിക്കില്ല

പാർട്ടിയിൽ തെറ്റുകൾ വച്ചുപൊറുപ്പിക്കില്ല. എല്ലാം തിരുത്തും. ഒരാൾക്ക് മാത്രമായി തിരുത്തലില്ല. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജന്റെ ബി.ജെ.പി അനുകൂല പ്രസ്താവന ശരിയല്ലെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുമെന്നും തിരുത്തേണ്ടവർ തിരുത്തിയേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement