അമീബിക് മസ്തിഷ്ക ജ്വരം: 14കാരൻ ആശുപത്രി വിട്ടു,​ രോഗമുക്തി നേടിയത് രാജ്യത്ത് ആദ്യമായി

Tuesday 23 July 2024 12:04 AM IST

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനാലുകാരൻ രോഗം ഭേദമായി ആശുപത്രി വിട്ടു. പി.സി.ആർ പരിശോധനഫലം നെഗറ്റീവായതോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. തിക്കോടി സ്വദേശിയാണ്. 22 ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ഒരാഴ്ച കൂടി മരുന്നുകൾ കഴിക്കണമെന്ന് ചികിത്സിച്ച ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് കൺസൾട്ടന്റ് ഡോ.അബ്ദുൾ റൗഫ് പറഞ്ഞു. ജർമ്മനിയിൽ നിന്ന് എത്തിച്ച മിൾട്ടി ഫോസിൻ മരുന്നടക്കം നൽകിയിരുന്നു.

അമീബിക് മസ്തിഷ്കര ജ്വരം ബാധിച്ചയാൾ രാജ്യത്ത് ആദ്യമായാണ് ജീവിതത്തിലേക്ക് തിരച്ചെത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചു.

1971 മുതൽ 2024 വരെ ലോകത്ത് 11 പേരാണ് പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസിനെ അതിജീവിച്ചത്. 97ശതമാനം മരണ സാദ്ധ്യതയുള്ള രോഗമാണിത്. ജൂലായ് ഒന്നിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചിനാണ് രോഗം സ്ഥിരീകരിച്ചത്.

മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ രോഗ ലക്ഷണങ്ങൾ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. അന്നേ ദിവസം അപസ്മാരം ഉണ്ടായതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യവകുപ്പ് മരുന്ന് പ്രത്യേകമായി എത്തിച്ച് നൽകിയതായി മന്ത്രി പറഞ്ഞു.

അതിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി ചേർന്ന് പ്രാരംഭഘട്ടത്തിൽ രോഗം സ്ഥിരീകരിക്കാനുള്ള മോളിക്യുലർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Advertisement
Advertisement