എട്ടാം ദിനവും അ‌ർജുൻ കാണാമറയത്ത് പ്രതീക്ഷയോടെ കുടുംബം

Tuesday 23 July 2024 1:05 AM IST

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട അർജുനായി എട്ടാം ദിവസത്തെ തെരച്ചിലും വിഫലം. ഇതിൽ ആശങ്കയുണ്ടെങ്കിലും അർജുന്റെ കുടുംബം പ്രതീക്ഷയിലാണ്. അവനെക്കുറിച്ച് ചെറിയ തുമ്പെങ്കിലും കിട്ടണമെന്ന പ്രാർത്ഥനയിലാണ് നാട്.

ഇത്രയും ദിവസത്തെ കാത്തിരിപ്പിനൊരു ഉത്തരം വേണമെന്ന് സഹോദരി അഞ്ജു പറഞ്ഞു. ലോറി അവിടെയുണ്ട്. വെള്ളത്തിലും കരയിലും തെരച്ചിൽ വേണം. കരഞ്ഞ് കണ്ണീരെല്ലാം വറ്റി. വല്ലാത്ത മാനസികാവസ്ഥയിലാണ്.

സൈന്യമെത്തിയത് കൂടുതൽ സംവിധാനങ്ങൾ ഇല്ലാതെയാണ്. വന്നടിഞ്ഞ മണ്ണിലോ പുഴയിലോ അർജുനും വണ്ടിയുമുണ്ടാവും. കേരളത്തിൽ നിന്ന് പലരും അവിടെയെത്തി സഹായിക്കുന്നുണ്ട്. ആരെയും കുറ്റപ്പെടുത്താൻ ഇല്ല. രക്ഷാപ്രവർത്തനം വൈകിയത് തങ്ങളുടെ വിധിയായിരിക്കാമെന്നും വിതുമ്പലോടെ അഞ്ജു പറഞ്ഞു.

ഇന്നലെ രാവിലെ മുതൽ കരയിലും ഗംഗാവാലി പുഴയിലുമായാണ് തെരച്ചിൽ നടക്കുന്നത്. ബംഗളൂരുവിൽ നിന്നെത്തിച്ച 'ഡീപ് സെർച്ച് ഡിറ്റക്ടറും" ഉപയോഗിച്ചാണ് പരിശോധന. ശുഭ വാർത്തകളൊന്നും ഇതുവരെ എത്തിയില്ലെങ്കിലും അർജുന്റെ വീട്ടുകാർ കാത്തിരിക്കുകയാണ്. അർജുനെ കണ്ടെത്താനാകാത്തത് ഗുരുതര വീഴ്ചയാണെന്നാരോപിച്ച് നാട്ടുകാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

 സൈന്യം ഇടപെട്ടില്ലെന്ന് മാതാവ്

അർജുനെ കണ്ടെത്താൻ സൈന്യം വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന് മാതാവ് ഷീല മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോറി അവിടെയില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തെരച്ചിലിന് ആവശ്യമായ ഉപകരണങ്ങൾ അവരുടെ പക്കലുണ്ടായിരുന്നില്ല. കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ പരിഗണിക്കുന്നില്ലെന്നും അവർ ആരോപിച്ചു.

Advertisement
Advertisement