പൊൻതിളക്കത്തിൽ കളി നിറുത്താനൊരുങ്ങി ശ്രീ

Tuesday 23 July 2024 3:46 AM IST

പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് പി.ആർ ശ്രീജേഷ്

പാരിസ്: പാരിസ് ഒളിമ്പിക്സോടെ വിരമിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ ഹോക്കി ടീമിലെ ഇതിഹാസ ഗോൾകീപ്പറും മലയാളിയുമായ പി.അർ.ശ്രീജേഷ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ച ഹൃദയഹാരിയായ കുറിപ്പിലൂടെയാണ് 36കാരനായ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയറിലെ നാലാമത്തെ ഒളിമ്പിക്സിനൊരുങ്ങുന്ന ശ്രീജേഷ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായാണ് വാഴ്ത്തപ്പെടുന്നത്. ലോകത്തെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലും അദ്ദേഹം പ്രഥമഗണനീയനാണ്. 2006ൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറിയ ശ്രീജേഷ് ഇതുവരെ 328 മത്സരങ്ങളിൽ ഇന്ത്യൻ ഗോൾവലകാത്തു.2020ലെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കലം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ശ്രീ. 2016ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ക്വാർട്ടർ വരെയെത്തിയിരുന്നു. 2014ലെ ഏഷ്യൻ ഗെയിംസിലെ സ്വർണ നേട്ടത്തിലുൾപ്പെടെ ഇന്ത്യയുടെ പലനിർണായക നേട്ടങ്ങളിലും വിജയങ്ങളിലും സുപ്രധാന പങ്കുവഹിച്ചു.

2017ൽ പദ്‌മ ശ്രീ അവാർഡും 2021ൽ കായിക രംഗത്തെ പരമോന്നത ബഹുമതിയായഖേൽ രത്നയും നൽകി രാജ്യം ആദരിച്ചു.

കുടുംബത്തിനും,പരിശീലകർക്കും, സഹതാരങ്ങൾക്കും,ആരാധകർക്കും വിരമക്കിൽ കുറിപ്പിൽ നന്ദി പറഞ്ഞ ശ്രീജേഷ്, പിതാവ് പശുവിനെ വിറ്റ് ആദ്യമായി ഹോക്കി കിറ്റ് വാങ്ങിത്തന്ന കാര്യവും ഓർമ്മിച്ചു. തിരുവനന്തപുരം ജി.വി രാജ സ്കൂളിലെ ആദ്യ കാലഘട്ടം മുതൽ കരിയറിനെക്കുറിച്ച് വിശദമായി ശ്രീജേഷ് കുറിചിട്ടുണ്ട്.

എറണാകുളം പളളിക്കര സ്വദേശിയായ ശ്രീജേഷ് പറാട്ട് രവീന്ദ്ന്റെയും ഉഷയുടെയും മകനാണ്. മുൻ ലോംഗ് ജമ്പ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ. അനുശ്രീയും ശ്രീആൻഷുമാണ് മക്കൾ.

Advertisement
Advertisement