റബറിനെ ഉപേക്ഷിച്ച് നിരവധി പേർ ഈ കൃഷിയിലേക്ക് കടന്നു, കിലോയ്ക്ക് ലഭിക്കുന്നത് 140 രൂപ വരെ, പക്ഷേ ഇപ്പോഴത്തെ പ്രശ്നം മറ്റൊന്ന്

Tuesday 23 July 2024 4:06 AM IST

കോലഞ്ചേരി: നിപയുടെ വരവിൽ തലയിൽ ഇടിത്തീവീണത് റമ്പൂട്ടാൻ കർഷകർക്ക്. അമ്പഴങ്ങയിൽ നിന്നാണ് നിപയുടെ ഉത്ഭവമെന്ന് സംശയമുണർന്നതോടെയാണ് വവ്വാലുകൾ ഏറെ അക്രമിക്കുന്ന റമ്പൂട്ടാൻ നാട്ടുകാർ കൈവിട്ടത്. രണ്ട് ദിവസം കൊണ്ട് വില പകുതിയായി കുറഞ്ഞു. വളരെയേറെ ശ്രദ്ധ നൽകി

വളർത്തിയെടുത്ത റമ്പൂട്ടാൻ വില്പനക്കെത്തുന്ന ഘട്ടം വന്നപ്പോഴാണ് നിപയുടെ ഭീതി വരുന്നത്.

ഇതോടെ നല്ല വില കിട്ടേണ്ട പഴം എടുക്കാൻ ആളില്ലാതായി. വാങ്ങിയ കച്ചവടക്കാർ വില്പന ഒഴിയുകയുമാണ്. കഴിഞ്ഞ വർഷം വരെ പഴം ഒരു കിലോ 100 രൂപ മൊത്ത വിലയിലും 140 രൂപ ചില്ലറ വിലയുമായിരുന്നു വില്പന. കായിടുമ്പോൾ തന്നെ മൊത്ത കച്ചവടക്കാർ എത്തി വില കൊടുത്ത് നെ​റ്റുപയോഗിച്ച് മൂടിയിടുകയാണ് പതിവ്. ഇക്കുറി അഡ്വാൻസ് നൽകി നെറ്റിട്ട് പോയ കച്ചവടക്കാർ പലരും വില്പന എഗ്രിമെന്റിൽ നിന്നും പിന്മാറുകയാണ്.

സാധാരണഗതിയിൽ ജൂൺ മാസം മുതലാണ് റമ്പൂട്ടാൻ പഴുക്കുന്നതും വില്പനയ്ക്ക് തയ്യാറാകുന്നതും. ഇക്കുറി റമ്പൂട്ടാൻ പഴുത്തത് രണ്ട് ഘട്ടമായാണ്. ആദ്യ ഘട്ടം ജൂൺ മുതൽ ജൂലൈ വരെയായിരുന്നു. നല്ല വില്പനയുമുണ്ടായി. രണ്ടാം ഘട്ടം റമ്പൂട്ടാൻ പഴുത്ത് വരുന്നതേയുള്ളൂ. ഹൈബ്രിഡ് റമ്പൂട്ടാൻ മരങ്ങളാണ് കാലം തെ​റ്റി പഴുക്കുന്നത്. പറിച്ചു വച്ച് പഴുപ്പിക്കുന്ന രീതിയല്ല റമ്പുട്ടാന്റേത്. മരത്തിൽ കിടന്നു തന്നെ പഴുക്കണം.

റബറിനു വിലയിടഞ്ഞപ്പോൾ നിരവധി പേർ ഈ കൃഷിയിലേക്ക് കടന്നിരുന്നു.

റമ്പൂട്ടാൻ കൃഷിക്ക് ധാരാളം വെള്ളവും വെയിലും മാത്രം മതി, പ്രത്യേകിച്ച് സംരക്ഷണത്തിന്റെ ആവശ്യമില്ല.

മുൻ വർഷത്തെക്കാളും പ്രതീക്ഷയോടെയാണ് ഇക്കുറി റമ്പൂട്ടാൻ സംരക്ഷിച്ചത്. വലിയ വില നൽകിയാണ് വല വാങ്ങി മൂടിയത്. എന്നാൽ വില്പനയുടെ ഘട്ടമെത്തിയപ്പോൾ വാങ്ങാൻ ആളില്ല. തോട്ടത്തിൽ നിന്നും പറിച്ച് ഫാം ഫ്രഷായി വില്ക്കുന്നതാണ് രീതി.

ആദിത് ബാബു,

യുവ കർഷകൻ

പഴുത്ത് വീണുപോകുന്ന ഘട്ടമെത്തിയപ്പോഴാണ് ഒരാൾക്കു പോലും വേണ്ടതായത്. വെറുതെ കൊടുക്കാമെന്നു വച്ചാൽ പോലും ആവശ്യക്കാരില്ല. വൻ നഷ്ടത്തിലാണ് ഈ വർഷത്തെ കൃഷി.

പി.ബിജുകുമാർ

കർഷകൻ

കോലഞ്ചേരി

റമ്പൂട്ടാൻ വിപണിയിലും ആർക്കും വേണ്ടാതായി.

ബഷീർ

പഴം ഹോൾസെയിൽ വ്യാപാരി

പട്ടിമറ്റം

Advertisement
Advertisement