ആ വാക്ക് മുകേഷ് അംബാനി പാലിക്കും, ഗുരുവായൂരിലെ സ്വപ്ന പദ്ധതിക്ക് 56 കോടി; ആശുപത്രി ഉടൻ ഉയരും

Tuesday 23 July 2024 10:31 AM IST

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണത്തിന് അനുമതി. ദേവസ്വം വകുപ്പ് ചുമതലയുളള മന്ത്രി വി എൻ വാസവൻ ഈ മാസം 30ന് തറക്കലിടും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി ആശുപത്രി നിർമാണത്തിനായി 56 കോടി രൂപ നൽകാമെന്ന് മുൻപ് വാഗ്ദ്ധാനം ചെയ്തിരുന്നു. ദേവസ്വം മെഡിക്കൽ സെന്ററിന്റെ തെക്ക് ഭാഗത്ത് രണ്ടരയേക്കറിലാണ് ആശുപത്രി ഒരുങ്ങുന്നത്. ഒരു ലക്ഷം ചതുരശ്രയടിയിൽ നാലുനിലകളിലായാണ് ആശുപത്രി പണികഴിപ്പിക്കാനായി തീരുമാനിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട്ടുള്ള ദാമോദരൻ ആർക്കിടെക്റ്റ് എന്ന സ്ഥാപനമാണ് ആശുപത്രിയുടെ രൂപരേഖ തയ്യാറാക്കിയത്.

2022 സെപ്റ്റംബറിൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയപ്പോഴായിരുന്നു മുകേഷ്‌ അംബാനി പണം നൽകുന്നതുമായി ബന്ധപ്പെട്ട വാഗ്ദ്ധാനം നടത്തിയത്. ആശുപത്രിയുടെ രൂപരേഖ അംബാനി ഗ്രൂപ്പിന് നൽകിയിട്ടുണ്ട്. ആശുപത്രിയുടെ നിർമാണത്തിനുള്ള തടസങ്ങൾ മാറിയ സാഹചര്യത്തിൽ, അംബാനി ഗ്രൂപ്പ്‌ തുക നൽകുമെന്നാണ് അറിയുന്നത്. ഈ തുക ആശുപത്രിക്കെട്ടിട നിർമാണത്തിന് മാത്രമാണ്. ബാക്കി തുക ദേവസ്വം ബോർഡ് ചെലവഴിക്കും. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലായിരിക്കും ആശുപത്രിയുടെ നടത്തിപ്പ്.

Advertisement
Advertisement