സിനിമാക്കാർക്ക് പലർക്കുമറിയാം മാധവക്കുറുപ്പിന്റെ കൈപുണ്യം, ഗുണമറിഞ്ഞ പ്രമുഖർ നിരവധി

Tuesday 23 July 2024 2:24 PM IST

ആലപ്പുഴ: കേരളത്തിനകത്തും പുറത്തും കൊടുംവനങ്ങളിൽ കാണപ്പെടുന്നവയും മൺമറയുന്നവയുമായ അത്യപൂർവ്വ മരങ്ങളും സസ്യങ്ങളും ഉൾപ്പെടെ രണ്ടേക്കറിൽ ഔഷധവനം. ആയുർ‌വേദത്തിലെ ആന്റിബയോട്ടിക്കായ ഗുൽഗുലു,​ നിത്യയൗവനത്തിനും സൗന്ദര്യത്തിനും ഐതിഹ്യങ്ങളിൽ പറയുന്ന സോമലത തുടങ്ങി മൂവായിരത്തിലധികം ഔഷധസസ്യങ്ങളുടെ കലവറയാണ് തെങ്ങമം ഇളങ്ങള്ളൂർ പുത്തൻവീട്ടിൽ 81കാരൻ പി.മാധവക്കുറുപ്പിന്റെ ഈ 'മരുന്നുവീട്'.

പതിനേഴാം വയസിൽ അച്ഛൻ മരിച്ച മാധവക്കുറുപ്പ്, അമ്മയ്ക്ക് മരുന്നിനായി നാട്ടിലെ നാരായണൻ വൈദ്യരെ സമീപിച്ചതാണ് വഴിത്തിരിവായത്. കഷായത്തിനും എണ്ണയ്ക്കും വൈദ്യർക്കൊപ്പം മരുന്ന് തേടിയിറങ്ങിയ മാധവൻ അങ്ങാടിക്കടയിലേക്കും പച്ചമരുന്ന് ശേഖരണത്തിലേക്കും തിരിഞ്ഞു. ആറു പതിറ്റാണ്ടിലേറെ തെങ്ങമത്ത് അങ്ങാടിക്കട നടത്തുമ്പോഴും ഔഷധസസ്യങ്ങൾ ശേഖരിക്കുന്നതിലായിരുന്നു താത്പര്യം. സഹോദരനും ഗുജറാത്ത് ഗവ.അഡിഷണൽ സെക്രട്ടറിയുമായിരുന്ന ഗംഗാധരക്കുറുപ്പും സഹായിച്ചു. അച്ഛനിൽ നിന്ന് ആയുർവേദക്കമ്പം മൂത്ത് ആയുഷ് വകുപ്പിൽ ഫാർമസിസ്റ്റായ മകൾ ഉഷ പള്ളിക്കൽ ഗവ.ആയുർവേദ ആശുപത്രിയിൽ നിന്ന് വിരമിച്ചു. ഔഷധത്തോട്ടം പരിപാലിക്കാൻ ഉഷയും കൂട്ടിനുണ്ട്. മക്കളുടെയും ചെറുമക്കളുടെയും താത്പര്യ പ്രകാരം ഔഷധത്തോട്ടമുൾപ്പെടെ ആയുർവേദ ചികിത്സാ കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി. മരുന്നുവീടെന്ന ഇൻസ്റ്റഗ്രാംപേജുമുണ്ട്.

നാരായണൻ വൈദ്യരിൽ നിന്ന് മരുന്നുകളുടെ കൂട്ടും യോഗവും ഹൃദിസ്ഥമാക്കിയ മാധവക്കുറുപ്പ് പ്രത്യേക ഔഷധക്കൂട്ടുകളാൽ നിർമ്മിക്കുന്ന മുറിവെണ്ണയും കരിമഞ്ഞൾ സോപ്പുമുൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് വൻ ഡിമാൻഡാണ്. സിനിമാരംഗത്തെ പല പ്രമുഖരും മാധവക്കുറുപ്പിന്റെ മുറിവെണ്ണയുടെ ഗുണമറിഞ്ഞിട്ടുണ്ട്.

സംസ്ഥാനങ്ങൾ താണ്ടി ഔഷധ സസ്യങ്ങൾ

 ഗുജറാത്ത്,​ ഹരിയാന,​പഞ്ചാബ്,​ ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉൾവനങ്ങളിൽ നിന്നടക്കം ആദിവാസികളുടെ സഹായത്തോടെയാണ് പല ചെടികളും ശേഖരിച്ചത്

 ചെടികൾ പരിചയപ്പെടാനും ഗുണമേന്മ മനസിലാക്കാനും ഗവ.ആയുർവേദ ഡോക്ടർമാരും വിദ്യാർത്ഥികളും അദ്ധ്യാപകരും മരുന്നുവീട്ടിലെത്തുന്നുണ്ട്

'ഔഷധ സസ്യങ്ങളുടെ വംശനാശം തടയാനും പുതുതലമുറയ്ക്ക് പരിചയപ്പെടാനും ഔഷധത്തോട്ടം ഉപകരിക്കും. മരുന്ന് നിർമ്മാണത്തിനുപയോഗിക്കുന്ന പല ഔഷധച്ചെടികളും യഥാർത്ഥമല്ലാത്തതാണ് മരുന്ന് സേവിച്ചാലും രോഗം ഭേദമാകാത്തതിന് കാരണം.'- മാധവക്കുറുപ്പ്.