ഒരു ലക്ഷം രൂപയ്ക്ക് തിരിച്ചടവ് 750 രൂപ, ജനങ്ങളെ ആകര്‍ഷിക്കുന്ന ഈ വായ്പ നല്‍കാന്‍ ബാങ്കുകളും റെഡി

Tuesday 23 July 2024 7:29 PM IST

തിരിച്ചടവ് തുക വളരെ കൂടുതലും ഉയര്‍ന്ന പലിശയുമാണ് പലരേയും വായ്പകളില്‍ നിന്ന് അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ തിരിച്ചടവും പലിശയും താരതമ്യേന കുറവുള്ള എല്‍എപി (ലോണ്‍ എഗയ്‌ന്‌സ്റ്റ് പ്രോപ്പര്‍ട്ടി) ലോണുകള്‍ ജനങ്ങളെ കൂടുതലായി ആകര്‍ഷിക്കുന്നു. വീട്, ഫ്‌ളാറ്റ്, വസ്തു എന്നിവ ഈടായി നല്‍കിയ ശേഷം എടുക്കുന്ന വായ്പകളെയാണ് എല്‍എപി വായ്പകളെന്ന് പറയുന്നത്. പ്രതിവര്‍ഷം എട്ട് ശതമാനം മുതലാണ് മിക്ക ബാങ്കുകളും എല്‍എപി വായ്പകള്‍ക്ക് ഈടാക്കുന്നത്.

ഒരു ലക്ഷം രൂപ വായ്പയെടുത്താല്‍ 750 രൂപ മുതല്‍ 1000 രൂപ വരെയാണ് തിരിച്ചടവ്. കാലാവധി 15 വര്‍ഷം വരെ ലഭിക്കുന്നുവെന്നതാണ് ഈ വായ്പകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതും സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നതും. വസ്തുവിന്റെ മൂല്യം, വായ്പാ ചരിത്രം, വായ്പയ്ക്ക് അപേക്ഷിക്കുന്ന ആളിന്റെ വരുമാനം തുടങ്ങിയ അടിസ്ഥാനമാക്കിയാണ് വസ്തുവിന്റെ ഈടിന്‍മേല്‍ ലഭിക്കുന്ന വായ്പയുടെ തുക നിശ്ചയിക്കപ്പെടുന്നത്.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വസ്തുവിന്റെ മൂല്യത്തിന്റെ 65 ശതമാനം വരെ വായ്പ അനുവദിക്കുന്നുണ്ട്. അഞ്ചു കോടി രൂപ വരെ ഇത്തരത്തില്‍ വായ്പ ലഭിക്കുന്നു. വിവിധ ബാങ്കുകള്‍ വസ്തു സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഘടന കൂടി നോക്കിയാണ് പണം അനുവദിക്കുന്നത്. നഗരമേഖലകളില്‍ വസ്തുവിന്റെ 80 ശതമാനം വരേയും ഗ്രാമീണ മേഖലയില്‍ 70 ശതമാനം വരേയും വിവിധ ബാങ്കുകള്‍ അനുവദിക്കുന്നുണ്ട്.

വായ്പ എടുക്കുന്നവര്‍ വസ്തു ഗ്യാരണ്ടിയായി കൊടുക്കുമ്പോള്‍ തന്നെ ആ വസ്തു അവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും എന്നത് ഇതിന്റെ പ്രധാന ഒരു നേട്ടമാണ്. വസ്തു വില്‍ക്കുമ്പോള്‍ സംഭവിക്കുന്ന ഉടമസ്ഥാവകാശം നഷ്ടപ്പെടല്‍ ഇത്തരം വായ്പകളില്‍ ഉണ്ടാകുന്നുമില്ല.

Advertisement
Advertisement