അദാനി വന്നതോടെ തിരുവനന്തപുരം വിമാനത്താവളം വേറെ ലെവലായി,​ മികച്ച യാത്രാനുഭവം ഉറപ്പാക്കിയതിന് അംഗീകാരം

Tuesday 23 July 2024 7:45 PM IST

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ ലഭിച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തിയാണ് അംഗീകാരം.
അടിസ്ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാനായി വിമാനത്താവളത്തിൽ നടപ്പാക്കിയ ഇ ഗേറ്റ് സംവിധാനം, ഭക്ഷണ-ഷോപ്പിംഗ് സൗകര്യങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ളവ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടു. യാത്രക്കാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത്.

വിമാനത്താവളത്തിൽ 2024 -25 സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിൽ യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ (എ.ടി.എം) എണ്ണത്തിലും റെക്കാഡ് വർദ്ധനയുണ്ടായെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മൂന്നു മാസത്തിനിടെ 12.6 ലക്ഷത്തിലേറെ യാത്രക്കാരാണ് വിമാനത്താവളം വഴി പറന്നത്. പ്രതിമാസ ശരാശരി നാല്‌ ലക്ഷം പിന്നിട്ടു. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണം 10.38 ലക്ഷം ആയിരുന്നു. രണ്ടു ലക്ഷത്തിലേറെ യാത്രക്കാരാണ് ഇത്തവണ കൂടിയത്. ആകെ യാത്രക്കാരിൽ 6.61 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 5.98 ലക്ഷം പേർ വിദേശ യാത്രക്കാരുമാണ്.

2023 -24ൽ 7954 എയർ ട്രാഫിക് മൂവ്‌മെന്റുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേസമയം 6887 ആയിരുന്നു എ.ടി.എം. 14 ശതമാനമാണ് വർദ്ധന. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഷാർജയും ആഭ്യന്തര എയർപോർട്ടുകളിൽ ബംഗളൂരുവും ആണ് മുന്നിൽ.

Advertisement
Advertisement