കുഞ്ഞിക്കുട വാങ്ങാൻ കുഞ്ഞിപ്പെണ്ണെത്തി

Wednesday 24 July 2024 12:00 AM IST

ആലപ്പുഴ: കാത്തിരിപ്പിനൊടുവിൽ കുഞ്ഞിക്കുട തേടി മൂന്നരവയസുകാരി ഹൃതികയെത്തി. ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ മായാവിയുടെ ചിത്രമുള്ള മഞ്ഞക്കുട നാല് ദിവസമായി ഈ ഉടമയെയും കാത്തിരിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് അമ്പലപ്പുഴ ആമയിട ഹൃതികം വീട്ടിൽ വിഷ്ണുപ്രിയ,​ മകൾ ഹൃതികയ്ക്കൊപ്പം കുട തിരികെ വാങ്ങാനെത്തിയത്. വഴിച്ചേരിയിലെ സ്പീച്ച് തെറാപ്പി കേന്ദ്രത്തിൽ പരിശീലനത്തിൽ പോകുംവഴി വ്യാഴാഴ്ചയാണ് ഹൃതികയ്ക്ക് കുട നഷ്ടമായത്.

ബംഗളൂരുവിൽ ആർമി ഉദ്യോഗസ്ഥനായ അച്ഛൻ ഹരീഷിനും അമ്മ വിഷ്ണുപ്രിയക്കുമൊപ്പമായിരുന്നു തിരുവല്ല റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസിൽ അന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടത്. തലേന്ന് വാങ്ങിയതായിരുന്നു കുഞ്ഞിക്കുട. സീറ്റിന്റെ വശത്ത് കുടയും പെൻസിലും വച്ച് ഹൃതിക ഉറങ്ങിപ്പോയി. സ്റ്റോപ്പ് എത്തിയതോടെ കുഞ്ഞിനെയും ബാഗുമെടുത്ത് അവർ ഇറങ്ങി, കുടയുടെയും പെൻസിലിന്റെയും കാര്യം മറന്നു.​ ഹൃതികയുടെ കുഞ്ഞുമുഖം കണ്ടക്ടർ ദിവ്യയുടെ മനസിൽ പതിഞ്ഞിരുന്നു. അവർ കുടയും പെൻസിലും സ്റ്റേഷൻ മാസ്റ്ററെ ഏൽപ്പിച്ചു.

അതേ ബസ്,​ അതേ കണ്ടക്ടർ

സോഷ്യൽ മീഡിയയിലും മറ്റ് മാദ്ധ്യമങ്ങളിലും ഉടമയെ കാത്തിരിക്കുന്ന കുട വാർത്തയായെങ്കിലും, ഫോൺ അധികം ഉപയോഗിക്കാത്ത ഹൃതികയും കുടുംബവും ഇതൊന്നും അറിഞ്ഞില്ല. ഇന്നലെ വീണ്ടും അതേ ബസിൽ കയറിയപ്പോഴും കണ്ടക്ടറായ ദിവ്യയാണ് കുടയും പെൻസിലും ആലപ്പുഴ ഡിപ്പോയിൽ ഉണ്ടെന്ന് പറഞ്ഞത്. ആ ബസിൽ തന്നെ ഹൃതികയും അമ്മയും ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി. എ.ടി.ഒ അജിത് കുടയും പെൻസിലും ഒപ്പം മധുരവും ഹൃതികയ്ക്ക് കൈമാറി.

കൺട്രോളിംഗ് ഇൻസ്പെക്ടർ സണ്ണി പോൾ, സ്റ്റേഷൻ മാസ്റ്റർ ഷാനിദ് അഹമ്മദ് തുടങ്ങിയവർ കുഞ്ഞിന് ആശംസകളുമായെത്തി. ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിക്കുകയും കെ.എസ്.ആർ.ടി.സി ജീവനക്കാർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Advertisement
Advertisement