പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, കൈയിലെത്താന്‍ പോകുന്നത് വന്‍ ലാഭം

Tuesday 23 July 2024 11:37 PM IST

ദുബായ്: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ കോളടിച്ചത് പ്രവാസികള്‍ക്ക്. സ്വര്‍ണത്തിന്റെ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ 15ല്‍ നിന്ന് ആറ് ശതമാനമായി കുറച്ചതാണ് നേട്ടമാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലൂടെ കേരളത്തിലെ പ്രവാസി കുടുംബങ്ങള്‍ക്ക് ഗള്‍ഫില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇറക്കുമതി തീരുവ 15 ശതമാനമായിരുന്നപ്പോള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ അളവില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒമ്പത് ശതമാനത്തോളം കുറച്ച നടപടി കൂടുതല്‍ സ്വര്‍ണം കൊണ്ടുവരുന്നതിന് സഹായകമാകും.

പൊതുവേ കേരളത്തില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഗള്‍ഫില്‍ സ്വര്‍ണം ലഭിക്കുക. നാട്ടിലേക്ക് വരുമ്പോള്‍ ഗള്‍ഫിലെ സ്വര്‍ണം കൊണ്ടുവരുന്നതിന് തീരുവ ഉയര്‍ന്ന തുകയായിരുന്നതിനാല്‍ പലരും മടിച്ചിരുന്നു. കേരളത്തില്‍ കിട്ടുന്നതിനേക്കാള്‍ പരിശുദ്ധിയുള്ള സ്വര്‍ണം ലഭിച്ചിട്ടും ഇറക്കുമതി തീരുവകൂടിയാകുമ്പോള്‍ വില കേരളത്തിലുള്ളതിനേക്കാള്‍ കൂടുതലാകുന്നുവെന്നതാണ് പല പ്രവാസികളേയും ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നത്.

വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി പോലും സ്വര്‍ണം കള്ളക്കടത്ത് രീതിയിലാണ് നാട്ടിലെത്തിച്ചിരുന്നത്. ഇപ്പോള്‍ ഇറക്കുമതി തീരുവ കുറച്ചതോടെ കള്ളക്കടത്ത് സ്വര്‍ണം നാട്ടിലേക്ക് എത്തുന്നതിന്റെ അളവ് വലിയ അളവില്‍ കുറയുമെന്നാണ് വിപണിയില്‍ പ്രവര്‍ത്തിക്കുന്നവരും പറയുന്നത്. പുതിയ സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്ന് കൂടുതല്‍ പ്രവാസികള്‍ സ്വര്‍ണം വാങ്ങുമെന്ന പ്രതീക്ഷയിലാണ് ജുവലറികളും. നിയമാനുസൃതമായുള്ള സ്വര്‍ണത്തിന്റെ വരവ് കൂടുമെന്നതാണ് നാട്ടില്‍ സ്വര്‍ണവില കുറയുന്നതിന് കാരണമാകാന്‍ പോകുന്നതെന്നും പ്രതീക്ഷിക്കപ്പെടുന്നു.

നിയമപ്രകാരം ഒരാള്‍ക്ക് വിദേശത്ത് നിന്ന് പരമാവധി ഒരു കിലോ സ്വര്‍ണമാണ് ഡ്യൂട്ടി അടച്ച് കൊണ്ടുവരാവുന്നത്. വെള്ളിയാണെങ്കില്‍ 100 ഗ്രാമും. പുതിയ ഇറക്കുമതി നികുതി നിരക്ക് അനുസരിച്ച് അഞ്ച് പവന്‍ സ്വര്‍ണം കൊണ്ടു വരുമ്പോള്‍ പതിനായിരത്തോളം രൂപയുടെ കുറവ് വരും. ബജറ്റില്‍ നികുതി കുറച്ചതോടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണത്തിന് പെട്ടെന്ന് ഡിമാന്റ് കുറയുകയാണെങ്കില്‍ ദുബായ് മാര്‍ക്കറ്റില്‍ വിലകുറയാന്‍ സാദ്ധ്യത കൂടുതലാണ്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ പിന്‍മാറുന്ന മുറയ്ക്ക് സ്വര്‍ണത്തിന്റെ വില ഗള്‍ഫില്‍ ഇനിയും കുറയാന്‍ ആണ് സാദ്ധ്യത.

Advertisement
Advertisement