പാരീസൊരുക്കം
പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനത്തിന് ഇനി രണ്ടുനാൾ മാത്രം
ഫുട്ബാൾ മത്സരങ്ങൾ ഇന്ന് തുടങ്ങും, ആർച്ചറി നാളെ
പാരീസ് : ലോകം കാതോർത്തിരിക്കുന്ന പാരീസ് ഒളിമ്പിക്സിന് തിരിതെളിയാൻ ഇനി രണ്ട് നാളുകൾ മാത്രം. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുന്നത്.
പരമ്പരാഗതരീതിയിൽ നിന്ന് വ്യതിചലിച്ച് സ്റ്റേഡിയത്തിനു പുറത്തുവച്ച് നടത്തുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് പാരീസ് ഒളിമ്പിക്സിന്റെ പ്രധാന ആകർഷണം. ആറുകിലോമീറ്റർ ദൂരം സെൻ നദിയിലൂടെ 85 ബോട്ടുകളിലും ബാർജുകളിലുമായി കായിക താരങ്ങളെ മാർച്ച് പാസ്റ്റ് ചെയ്യിച്ച് നദിക്കരയിലെ താത്കാലിക വേദിയിൽ എത്തിക്കാനും, അവിടെവച്ച് ദീപം തെളിക്കൽ ഉൾപ്പടെയുള്ള ഉദ്ഘാടനപരിപാടികൾ നടത്താനുമാണ് സംഘാടകരുടെ പദ്ധതി. പ്രമുഖ ഫ്രഞ്ച് കലാകാരൻ തോമസ് ജോളിയാണ് ഉദ്ഘാടനപരിപാടികളുടെ സംവിധാനം. ഒരു ലക്ഷം പേർക്ക് ടിക്കറ്റെടുത്ത് നദിക്കരയിലെ പ്രത്യേക സ്ഥാനങ്ങളിലിരുന്ന് ഉദ്ഘാടന ഘോഷയാത്ര അടുത്തുകാണാം. സൗജന്യമായി രണ്ടു ലക്ഷത്തോളം പേർക്ക് മാർച്ച് പാസ്റ്റും കാണാം.
മത്സരങ്ങൾക്കായുള്ള കായികതാരങ്ങളും പരിശീലകരും ഏറെക്കുറെ പാരീസിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇവരുടെ പരിശീലനത്തിരക്കിലാണ് നഗരം. ഒരാഴ്ചയായി കനത്ത സുരക്ഷയിലാണ് ഒളിമ്പിക്സ് ഉദ്ഘാടനവേദിയും പരിസര പ്രദേശങ്ങളും. പാലസ്തീനുമായുള്ള യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഫുട്ബാൾ മത്സരങ്ങളുടെ പ്രാഥമിക റൗണ്ടാണ് തുടങ്ങുന്നത്. പുരുഷ വിഭാഗത്തിൽ നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീനയും മൊറോക്കോയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യൻ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം തുടങ്ങുന്നത്. വനിതാ വിഭാഗത്തിൽ ഇതേസമയം സ്പെയ്നും ഉസ്ബക്കിസ്ഥാനും ഏറ്റുമുട്ടും.