തുടര്‍ച്ചയായി മൂന്നാം ജയം, നേപ്പാളിനേയും തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

Tuesday 23 July 2024 11:54 PM IST

ദാംബുള്ള : വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും ഉഗ്രന്‍ വിജയം നേടി ഇന്ത്യ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തി. 82 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ നേപ്പാളിനെ കീഴടക്കിയത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും രണ്ടാം മത്സരത്തില്‍ യു.എ.ഇയേയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി.മറുപടിക്കിറങ്ങിയ നേപ്പാള്‍ 20ഓവറില്‍ 96/9 എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു.

48 പന്തുകളില്‍ 12 ഫോറുകളും ഒരു സിക്‌സുമടക്കം 81 റണ്‍സ് നേടിയ ഷഫാലി വെര്‍മ്മ,42 പന്തുകളില്‍ അഞ്ചുഫോറും ഒരു സിക്‌സുമടക്കം 47 റണ്‍സ് നേടിയ ഡി.ഹേമലത , 15 പന്തുകളില്‍ 28 റണ്‍സ് നേടിയ ജമീമ റോഡ്രിഗസ് എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

ഹര്‍മന്‍പ്രീത് കൗറിന് പകരം സ്മതി മാന്‍ഥനയാണ് ഇന്ത്യയെ നയിച്ചത്. മലയാളി താരം സജന സജീവന് പ്‌ളേയിംഗ് ഇലവനില്‍ അവസരം ലഭിച്ചെങ്കിലും 12 പന്തുകളില്‍ 10 റണ്‍സ് എടുത്ത് പുറത്തായി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ്മ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അരുന്ധതി ശര്‍മ്മ,രാധാ യാദവ് എന്നിവരാണ് ബൗളിംഗില്‍ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.