ഒരു മരത്തില്‍ നിന്ന് കിട്ടുന്നത് പതിനായിരം രൂപ, റബറിനേക്കാള്‍ ലാഭമെന്ന് കര്‍ഷകര്‍

Wednesday 24 July 2024 12:59 AM IST

പത്തനംതിട്ട : റമ്പൂട്ടാൻ മരങ്ങളിലെ വലയിൽ മധുരമൂറും ഫലങ്ങൾ വിളവെടുപ്പിന് ഒരുങ്ങി. ഇത്തവണ മരങ്ങൾ കൂടുതലുണ്ടെങ്കിലും കായ്ഫലം കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. മഴയിൽ വിളവെത്തുന്നതിന് മുൻപേ കൊഴിഞ്ഞു പോയതാണ് തിരിച്ചടിയായത്. ഫലം കുറയുമെങ്കിലും വില കഴിഞ്ഞ വർഷത്തേക്കാളും കൂടുതൽ ലഭിക്കുമെന്നത് കർഷകർക്ക് പ്രതീക്ഷയാണ്.

ജില്ലയുടെ മലയോര മേഖലയിലടക്കം കൃഷി വ്യാപകമായുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്തുന്നവരും ഏറെയാണ്. വർഷത്തിലൊരിക്കലാണ് വിളവെടുപ്പെങ്കിലും വിപണിയിൽ മെച്ചപ്പെട്ട വില ലഭിക്കുന്നത് റമ്പൂട്ടാൻ കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.

ഒരേക്കർ റബറിൽ നിന്ന് ഒരുവർഷം ലഭിക്കുന്ന ലാഭം അരലക്ഷം രൂപയിൽ താഴെയായിരിക്കും. എന്നാൽ റമ്പൂട്ടാൻ കർഷകർക്ക് ഒരു മരത്തിൽ നിന്നുതന്നെ കുറഞ്ഞത് 10,000 രൂപയെങ്കിലും ലഭിക്കാറുണ്ട്. റാന്നി, വെച്ചൂച്ചിറ, ചിറ്റാർ, അയിരൂർ, മല്ലപ്പള്ളി, കുമ്പനാട്, കോഴഞ്ചേരി, തിരുവല്ല ഭാഗങ്ങളിലാണ് കർഷകരേറെയുള്ളത്. റമ്പൂട്ടാൻ വിളവെടുപ്പു കാലം എത്തുന്നതോടെ മൊത്തക്കച്ചവടക്കാർ എത്തി കായ്‌‌ഫലം നോക്കി വില പറയുകയാണ് രീതി. പിന്നീട് വലയിട്ടു സംരക്ഷിക്കും. കച്ചവടക്കാരേറെയും തമിഴ്‌നാട്ടുകാരാണ്. വിളവെടുപ്പുകാലത്ത് കിലോയ്ക്ക് 150 മുതൽ 200 രൂപവരെ വിപണിയിൽ വില ഉണ്ടാകും.

വലിപ്പമുള്ളതും കുരുവിൽ നിന്ന് പെട്ടെന്ന് അടർത്തിയെടുക്കാവുന്നതുമായ എൻ 18 വിഭാഗത്തിൽപെട്ട റമ്പൂട്ടാൻ പഴത്തിനാണ് പ്രിയം. ഇവ തൂക്കത്തിലും മികച്ചു നിൽക്കും. 18 കായ്കളുണ്ടെങ്കിൽ ഒരു കിലോഗ്രാം തൂക്കമാകും. മധുരത്തിൽ മുന്നിൽ നിൽക്കുന്ന ഇ 35 ഇനത്തിനും വിപണിയിൽ ആവശ്യക്കാരുണ്ട്. ചെറിയ കായ്കളാണെങ്കിലും വിലയിൽ കുറവുണ്ടാകാറില്ല.

പൊക്കത്തിൽ വളരുന്ന മരങ്ങൾക്കു പകരം ബഡ്‌തൈകളോടാണ് കർഷകർക്ക് പ്രിയം. തൈകൾ പൂർണ വളർച്ചയെത്തുന്നതുവരെ പരിചരണം ആവശ്യമുണ്ടെന്നതൊഴിച്ചാൽ രോഗ, കീടബാധ ഏറെയില്ല.

നിപയിൽ ആശങ്ക

നിപ പേടിയിൽ പഴവർഗമേഖലയിൽ നിലനിൽക്കുന്ന ഭീതി റമ്പൂട്ടാനെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. എന്നാൽ, മരങ്ങൾ വലയിട്ടു നിറുത്തിയതിനാൽ നിപയെ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വ്യാപാരികൾ പറയുന്നു. കുലയോടു എടുത്താൽ പിന്നെ സുരക്ഷിതമാണ്.

കച്ചവടക്കാർ മരങ്ങൾ നോക്കി വിലപറയാൻ എത്തുന്നുണ്ട്. വിപണിയിൽ നിന്ന് നല്ല വില ലഭിക്കുമെന്നാണ് പ്രതീക്ഷ.

രാജൻകുട്ടി, മുക്കം

Advertisement
Advertisement