എയിംസ് ഇല്ലാതാക്കിയത് എവിടെ വേണമെന്ന തർക്കം

Wednesday 24 July 2024 1:58 AM IST
കേരളകൗമുദി നേരത്തേ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ

തിരുവനന്തപുരം: കേരളത്തിന് എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) കേന്ദ്രബഡ്ജറ്റിൽ ഉൾപ്പെടാതിരിക്കാൻ കാരണം, എവിടെ സ്ഥാപിക്കണമെന്നതിൽ സംസ്ഥാനത്ത് സമയവായം ഇല്ലാത്തതാണെന്ന് സൂചന.

കോഴിക്കോട്ട് ഭൂമി ഏറ്റെടുക്കലടക്കം പ്രാരംഭനടപടികൾ സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 153ഏക്കറും 99ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുത്ത് മതിൽ കെട്ടി. മിക്ക ജില്ലകളിലും എയിംസിനായി പിടിവലിയുണ്ടായി. എയിംസ് എവിടെ അനുവദിക്കും എന്ന തർക്കം തീർന്നിട്ടില്ല. ഇതിൽ ഏകോപനമില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ് കേന്ദ്രം. ബി.ജെ.പിയുടെ താത്പര്യം കൂടി പരിഗണിച്ചാവും എയിംസ് എവിടെ എന്ന് കേന്ദ്രം തീരുമാനിക്കുക. കേരളത്തിന് എയിംസ് അനുവദിക്കാത്തതിലെ വിവേചനം 'കേരളകൗമുദി' നിരവധി തവണ റിപ്പോർട്ട് ചെയ്‌തിരുന്നു.

കാസർകോട്, തിരുവനന്തപുരം, പാലക്കാട് അടക്കം വിവിധ ജില്ലകളിലെ ജനപ്രതിനിധികൾ എയിംസിനുവേണ്ടി പിടിവലിയിലാണ്.കാസർകോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ കേന്ദ്ര ആരോഗ്യമന്ത്റിയെ കണ്ടതിന് പിന്നാലെ കോഴിക്കോട് സ്ഥാപിക്കണമെന്ന ആവശ്യവുമായി എം.കെ. രാഘവൻ എം.പിയും കേന്ദ്രമന്ത്റിയെ കണ്ടു. കോഴിക്കോട് അനുവദിച്ചാൽ മലബാറിലെ ഏഴ് ജില്ലകൾക്കും കോയമ്പത്തൂർ, കൂർഗ് ഉൾപ്പെടെയുള്ള മേഖലകൾക്കും പ്രയോജനപ്പെടുമെന്നാണ് എം.കെ. രാഘവന്റെ വാദം. എൻഡോസൾഫാൻ ഇരകൾ ഏറെയുള്ള കാസർകോടിന്റെ അവകാശമാണ് എയിംസ് എന്നാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ നിലപാട്. കോഴിക്കോട്ട് എയിംസ് വന്നാൽ കാസർകോട്ടെ 6727എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് ഓടേണ്ടിവരില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. കാസർകോട്ട് എയിംസിനായി ജനകീയ സമരങ്ങൾ തുടരുകയാണ്.

200ഏക്കർ നൽകിയാൽ എയിംസ് അനുവദിക്കാമെന്ന് 2014ൽ കേന്ദ്രം പ്രഖ്യാപിച്ചതാണ്. രാജ്യമാകെ 25എയിംസുകളായിട്ടും കേരളത്തിന്റെ കാത്തിരിപ്പ് തുടരുകയാണ്. എയിംസിനായി തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും യു.ഡി.എഫ് സർക്കാർ സ്ഥലം കണ്ടെത്തിയിരുന്നു. കേരളത്തിന് എയിംസിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാർശ നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല.

Advertisement
Advertisement