അലമാരയിലും അയയിലും കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് അല്പമൊന്ന് ശ്രദ്ധിച്ചോളൂ, ഇല്ലെങ്കിൽ സുന്ദരൻ വട്ടംകറക്കും

Wednesday 24 July 2024 9:59 AM IST

നീലേശ്വരം: ഓട്ടുറുമയുടെ (മുപ്ളി വണ്ട്)​ ശല്യത്തിന് തൊട്ടുപിന്നാലെ രേമപ്പുഴുക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കിനാനൂർ ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങൾ. രാപകൽ ഭേദമില്ലാതെയാണ് ഇവയുടെ ഉപദ്രവം. ചാരനിറത്തിലുള്ള ഇവയുടെ രോമം കൊണ്ടാൽ കടുത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നുവെന്നതാണ് പ്രശ്നം.

ചെടികളിലും മരങ്ങളിലും കണ്ടുവരുന്ന ഇവ വീടുകളിലേക്ക് കയറി തുണികളിലും മറ്റും പറ്റിപ്പിടിക്കുന്നുവെന്നാണ് ഇവിടുത്തുകാർ പറയുന്നത്.വീടിന്റെ അകത്തളങ്ങളിലും നിർബാധം വിഹരിക്കുകയാണിവ.കരിന്തളം തലയടുക്കം, പാറക്കോൽ ഭാഗങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷമായിരിക്കുന്നത്.എന്നാൽ ഉപദ്രവകാരികളായ പുഴുക്കളല്ല ഇവയെന്നാണ് പടന്നക്കാട് കാർഷിക സർവ്വകലാശാലയിലെ ഡോ.കെ എം ശ്രീകുമാർ പറയുന്നത്.

കൃഷിയ്ക്ക് ശത്രുവല്ല

മരത്തടിയിലും തണൽ പ്രദേശത്തെ പാറകളിലും മറ്റും വളരുന്ന പായലുകളാണ് ഇവയുടെ ആഹാരം. അതു കൊണ്ട് തന്നെ ഇവയെ കൊണ്ട് കൃഷിയ്ക്ക് ശല്യമുണ്ടാവില്ല. മരത്തിന്റെ തടി ഭാഗത്ത് മാത്രമാണ് വസിക്കുന്നത്. മാക്രോബ്രോച്ചിസ് ഗിഗാസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. എറെബിഡേ കുടുംബത്തിലെ ഒരു നിശാശലഭമാണ് മാക്രോ ബ്രോച്ചിസ് ഗിഗാസ്. ദേഹത്ത് തൊട്ടാൽ ചെറിച്ചിലോ തിണർപ്പോ ഉണ്ടാവില്ലെന്നാണ് കീടശാസ്ത്ര വിഭാഗം പറയുന്നത്.

മഴക്കാലത്ത് മുട്ട വിരിഞ്ഞ് പുഴുക്കളാവുന്നു. വേനൽ കാലത്ത് പ്യൂപ്പകളായി മാറും. കൂടുതലായും വനപ്രദേശങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്. പുഴുവിനെ കുറിച്ച് പരിഭ്രമം വേണ്ടെന്നാണ് കാർഷിക കോളേജധികൃതർ പറയുന്നത്. ചൈന, ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, ഇന്തോനേഷ്യ, ഹോങ്കോംഗ്, തായ്‌വാൻ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു.കാണാൻ വിരൂപവുമല്ല.

ഇലകൾ ഭക്ഷിക്കാത്തതു കാരണം കർഷകർക്ക് ദ്രോഹമുണ്ടാവില്ല. പരിഭ്രമിക്കേണ്ട ഒരു അവസ്ഥയില്ല. മഴ കുറയുമ്പോൾ ഇവ പ്യൂപ്പകളായി മാറും.

ഡോ. കെ.എം ശ്രീകുമാർ

പ്രൊഫസർ, എച്ച്.ഒ.ഡി അഗ്രികൾച്ചറൽ എന്റമോളജി, കാർഷിക കോളേജ്, പടന്നക്കാട്.

Advertisement
Advertisement