നാട്ടിലേക്ക് വരുന്ന പ്രവാസികൾ ചെയ്യാൻ സാദ്ധ്യതയുള്ള തെറ്റ്, സൂക്ഷിച്ചില്ലെങ്കിൽ പിഴയും തടവും; യുഎഇ മുന്നറിയിപ്പ്

Wednesday 24 July 2024 10:17 AM IST

അബുദാബി: യുഎഇ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് കുറച്ച് നാളായി ഉണ്ടായിരിക്കുന്നത്. യാത്രക്കാർ അവരുടെ സുരക്ഷയ്‌ക്കും അപകട രഹിതമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമായി ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെ കസ്റ്റംസ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് അറിയിച്ചിരിക്കുകയാണ് അധികൃതർ. അറിവില്ലായ്‌മ കാരണം നിരവധി യാത്രക്കാരാണ് നിരോധിത സാധനങ്ങളുമായി വിമാനത്താവളത്തിൽ എത്തുന്നത്. ഈ സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.

60,000 ദിർഹത്തിൽ (13,67,355) കൂടുതൽ പണം കയ്യിൽ കരുതാൻ പാടില്ല. ഈ തുകയേക്കാൾ വിലയേറിയ ഉപകരണങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, വിലയേറിയ കല്ലുകൾ എന്നിവ കൈവശം വയ്‌ക്കുകയാണെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) യെ അറിയിക്കണം. അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ അഫ്‌സെഹ് എന്ന ആപ്പ് വഴിയോ അറിയിക്കാൻ സാധിക്കും.

18 വയസിന് താഴെ പ്രായമുള്ള യാത്രക്കാരുടെ കൈവശമുള്ള പണം ഒപ്പം വരുന്നയാളുടെ അനുവദനീയമായ തുകയിലാവും കണക്കാക്കുക. വിവരങ്ങൾ മറച്ചുവയ്‌ക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്ക് തടവ്, പിഴ അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലുമൊന്ന് അനുഭവിക്കേണ്ടി വരുന്നതാണ്. കൂടാതെ പിടിച്ചെടുത്ത വസ്‌തുവകകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിടും.

മയക്കുമരുന്ന്, ചൂതാട്ട ഉപകരണങ്ങളും യന്ത്രങ്ങളും, നൈലോൺ മത്സ്യബന്ധന വലകൾ, പന്നി വർഗത്തിൽപ്പെടുന്ന ജീവനുള്ള മൃഗങ്ങൾ, അസംസ്‌കൃത ആനക്കൊമ്പ്, ചുവന്ന ലൈറ്റുള്ള ലേസർ പേനകൾ, വ്യാജ കറൻസി, മലിനമായ ആണവ രശ്‌മികളും പൊടിയും അടങ്ങിയ വസ്‌തുക്കൾ, വെറ്റില ഉൾപ്പെടെയുള്ള പാൻ വസ്‌തുക്കൾ തുടങ്ങിയ വസ്‌തുക്കളാണ് നിരോധിച്ചിരിക്കുന്നത്.

മാത്രമല്ല, യുഎഇ നിയമപ്രകാരം, യാത്രക്കാർ വാങ്ങുന്ന സമ്മാനങ്ങളുടെ മൂല്യം 3,000 ദിർഹം (68,340) കവിയാൻ പാടില്ല. 200 സിഗരറ്റുകൾ അല്ലെങ്കിൽ 500 ഗ്രാം പുകയില കൊണ്ടുപോകാം. ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ നാല് ലിറ്റർ കവിയരുത്. 18 വയസിൽ താഴെയുള്ള യാത്രക്കാർ പുകയില ഉൽപ്പന്നങ്ങളോ ലഹരി പാനീയങ്ങളോ കൊണ്ടുപോകാൻ പാടില്ല.

നികുതി നൽകാതെ കൊണ്ടുപോകാൻ കഴിയുന്ന സാധനങ്ങൾ:

ടെലസ്‌കോപ്പുകൾ, മൂവി പ്രൊജക്ഷൻ ഉപകരണങ്ങളും അതിന്റെ ഭാഗങ്ങളും, റേഡിയോ, സിഡി പ്ലെയറുകൾ, സിഡികൾ, വ്യക്തിഗത ഉപയോഗത്തിനുള്ള ക്യാമറകൾ, സംഗീത ഉപകരണങ്ങൾ, ടിവി, വ്യക്തിഗത കായിക ഉപകരണങ്ങൾ, ലാപ്‌ടോപ്പ്, പ്രിന്റർ, കാൽക്കുലേറ്റർ, ഭിന്നശേഷിക്കാർക്ക് വീൽചെയർ, മരുന്ന്, ലഗേജുകൾ, വ്യക്തിഗത ആഭരണങ്ങൾ.

നിരോധിത വസ്‌തുക്കൾ:

മയക്കുമരുന്ന്, കള്ളപ്പണം, ബ്ലാക്ക് മാജിക് അല്ലെങ്കിൽ മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കൾ, ചൂതാട്ട ഉപകരണങ്ങൾ, ഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങൾ.

Advertisement
Advertisement