കഴക്കൂട്ടം - ചേർത്തല ഭാഗവും വരാനിരിക്കുന്ന റോഡ് അപകട സാദ്ധ്യതകളും, കേരളത്തിൽ താമസിക്കുന്നവർ ഉറപ്പായും വായിക്കണം

Wednesday 24 July 2024 11:22 AM IST

കേരളത്തിൽ ദേശീയപാത വികസനം ദ്രുതഗതിയിൽ നടക്കുകയാണ്. തിരുവനന്തപുരം കാസർകോട് ദേശീയ പാത വികസനം (ദേശീയപാത 66) വികസനം പൂർത്തിയാവുന്നതോടെ എട്ട് മണിക്കൂർ കൊണ്ട് കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ഓടിയെത്താനാവുമെന്നാണ് പ്രതീക്ഷ. മറ്റ് ദേശീയപാതകളുടെയും തീരദേശ പാതയുടെയും നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. എം.സി റോഡിന് സമാന്തരമായി തിരുവനന്തപുരം- അങ്കമാലി ഗ്രീൻഫീൽഡ് പാത കൂടി പരിഗണനയിലാണെന്നും സംസ്ഥാന ബഡ്ജറ്റിൽ പറയുന്നത്.

എന്നാൽ സ്ഥലപരിമിതിയാൽ പടുത്തുയർത്തുന്ന ഇത്തരം ദേശീയപാതകൾ സൃഷ്‌ടിച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ച് വിശദമായി വിവരിക്കുകയാണ് സർട്ടിഫൈഡ് റോഡ് സേഫ്‌റ്റി ഓഡിറ്ററായ സുബിൻ ബാബു. സുരക്ഷയിൽ യാതൊരു പ്രാധാന്യവും കൽപ്പിക്കാതെ ഉള്ള ഇതുപോലുള്ള വികസന പരിപാടികളിലൂടെ ഒരുപാട് പേരുടെ ജീവന്റെ വില നൽകേണ്ടി വരും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

എഴുത്തിന്റെ പൂർണരൂപം-

ഞെങ്ങി ഞെരുങ്ങി വികസിക്കാൻ ഒരുങ്ങുന്ന നമ്മുടെ നാഷണൽ ഹൈവേ (NH.66) കഴക്കൂട്ടം - ചേർത്തല ഭാഗവും വരാനിരിക്കുന്ന റോഡ് അപകട സാദ്ധ്യതകളും..... ഈ പോസ്റ്റ്‌ മുൻപ് പോസ്റ്റ്‌ ചെയ്തതാണ്. ഇപ്പോൾ ഒരുപക്ഷേ വായിക്കുന്നവരിൽ അർത്ഥ ശൂന്യത സൃഷ്ടിച്ചേക്കാം പക്ഷേ ഭാവിയിലെ ഒരു വലിയ ആപത്ത് സാദ്ധ്യത എന്നിലെ പരിമിതമായ അറിവിൽ കണ്ട ചില ആശയങ്ങൾ പങ്കുവയ്‌ക്കുന്നു. നിർമിതിയുടെ തുടക്കത്തിൽ തിരുത്തപ്പെടാൻ സാധിച്ചാൽ വലിയൊരു മാറ്റം സുരക്ഷയിൽ കൊണ്ടുവരാൻ കഴിയും എന്ന് ഞാൻ പഠിച്ച, പ്രവർത്തിച്ച അറിവിന്റെ,അനുഭവത്തിന്റെ വെളിച്ചത്തിൽ വിശ്വസിക്കുന്നു, തുറന്നെഴുതുന്നു.

ഏതു വികസനം വന്നാലും ശാസ്ത്രീയമായ പ്ലാനിങ് നടത്തുന്നതിൽ നാം വിജയിക്കാറുണ്ടോ. ഇല്ല പലതിന്റെയും പേരിൽ ശാസ്ത്രീയത ഹോമിക്കപ്പെടുന്നുണ്ട്. സ്ഥലപരിമിതി എന്നൊരു വാക്കിൽ നമ്മൾ ഏതൊരു നിർമ്മാണ പ്രവർത്തനത്തിലും ബലി കഴിക്കുക സുരക്ഷ എന്ന അടിസ്ഥാന മൂല്യത്തെയാണ്. റോഡിന്റെ കാര്യത്തിൽ പ്രത്യേകിച്ച്. സ്ഥലപരിമിതി പറഞ്ഞു 45 മീറ്ററിൽ ചുരുക്കി 6വരി പാത, സർവീസ് റോഡുൾപ്പെടെ നിർമ്മിക്കാൻ കച്ചകെട്ടി ഇറങ്ങി. അവിടെയും സുരക്ഷ എന്ന പ്രാഥമിക ഘടകം പൂർണ്ണമായും ബലികഴിക്കപ്പെടുമെന്ന് സാമാന്യ ബോധമുള്ള ആർക്കും ഇതിനോടൊപ്പമുള്ള ചിത്രം നോക്കിയാൽ മനസിലാകും.

ഒരു ലെയ്ൻ (lane ) ( ഒരു ദിശയിലേക്ക് പോകാൻ 2 വരകൾക്കിടയിൽ അനുവദിക്കപ്പെട്ട അകലം) 3.50മീറ്റർ ആണ് അപ്പോൾ 6 ലെയ്ൻ റോഡിനു വേണ്ടത് 21 മീറ്റർ. ഹാർഡ് ഷോൾഡർ ഇരുവശത്തുമായി മിനിമം വേണ്ടത് (2.5m x 2) 5m., സർവ്വിസ് റോഡ് ഇരുവശത്തുമായി വേണ്ടത് (7m x 2)= 14, അപ്പോൾ ഇതുവരെ 40m മിനിമം വേണ്ടി വന്നു. പിന്നെ ഇലക്ട്രിക്, ഫോൺ കേബിൾതുടങ്ങി മറ്റിന അവശ്യ സർവീസുകൾ പോകാനുള്ള ഇടം കൊടുക്കാനില്ല. സ്വാഭാവികമായും ഈ വക സർവീസുകളൊക്കെ സർവ്വിസ് റോഡിനു അടിയിലൂടെ തന്നെ കൊടുക്കേണ്ടി വരും. പിന്നെ പുതിയ പുതിയ പദ്ധതികളുടെ പേരിൽ ഉയർന്നു വരുന്ന പൈപ്പിടലുകൾ വെട്ടിപൊളിക്കലുകൾ എല്ലാം കൂടി പിന്നെ സർവീസ് റോഡിന്റെ അവസ്ഥ പറയണ്ടല്ലോ ഇല്ലേ..പിന്നെ വെള്ളം വാർന്നു പോകാൻ ഓടകൾ അതും സർവീസ് റോഡിൽ ഉൾകൊള്ളിക്കേണ്ടി വരും. കാൽനടയാത്രക്കാർക്കുള്ള (അവരെ റോഡിൽ പരിഗണിക്കാറില്ല, അവരും റോഡ് ഉപയോക്താക്കൾ ആണെന്ന് വണ്ടി ഓടിക്കുന്ന ആരും അംഗീകരിക്കുകയും ഇല്ല വഴിനട സ്വാതന്ത്ര്യം പണ്ടേ മൈൻഡ് ചെയ്യാറില്ല പിന്നെയാണ് ) മിനിമം ഫുട്‌പാത്ത് കൊടുക്കാൻ രണ്ടു വശത്തുമായി സർവീസ് റോഡിൽ 2.5 m വെച്ചു 5m എലും വേണം. പിന്നെ ബസ്ബേകൾ, ഓട്ടോ ടാക്സി സ്റ്റാൻഡ്കൾ, പരിസ്ഥിതി ദോഷം തട്ടാതെ മരങ്ങൾ വച്ചുപിടിപ്പിക്കാനുള്ള സ്ഥലം, സൈക്കൾ ട്രാക്കുകൾ, പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവക്കും ആവശ്യം സ്ഥലം വേണ്ടിടങ്ങളിൽ കണ്ടെത്തേണ്ടതില്ലേ. ഇവർക്കൊക്കെ ഓപ്ഷൻ പ്ലാനിംഗിൽ ഉണ്ടോ എന്നുള്ളതാണ്.ഉണ്ടേൽ സ്ഥലം കൂടുതൽ എടുക്കേണ്ടതല്ലേ ഇതിനോടകം.

ഹൈവേ മിക്കവാറും പൊങ്ങിയും, സർവീസ് റോഡുകൾ ഗ്രൗണ്ട് ലെവലിലും ആയിരിക്കും മിക്കയിടങ്ങളിലും നിർമിക്കുക. അപ്പോൾ ഇടക്കുള്ള സൈഡ് വാൾ കൊടുക്കാൻ പോലും സ്ഥലം ഈ 45m ഇൽ കണ്ടെത്തണം. ഭൂമിയുടെ കിടപ്പനുസരിച്ചു, വശങ്ങളിൽ ഉള്ള കെട്ടിടങ്ങളിലേക്കുള്ള വഴി സാദ്ധ്യത ഒക്കെ നോക്കിയേ ലെവൽ നിർണ്ണായിക്കാൻ കഴിയു. അതുകൊണ്ട് തന്നെ ഹൈവേയും, സർവീസ് റോഡും ഒരു ലെവലിൽ വരുന്നത് ചുരുക്കം സ്ഥലങ്ങളിൽ ആകും.

ഇതിനേക്കാൾ അപകട സാദ്ധ്യത എന്തെന്നാൽ സ്ഥലമെറ്റെടുപ്പ് കഴിഞ്ഞു ഇപ്പോൾ പല വീടുകളുടെയും വാതിലുകൾ ഇനി തുറക്കുക നേരിട്ട് സർവീസ് റോഡുകളിലേക്ക് ആയിരിക്കും എന്നുള്ളതാണ്. ഇപ്പോൾ തന്നെ ഹൈവേയിൽ നോക്കിയാൽ അത് കാണാനാകും. പലരും വീടുകൾ പകുതിക്കു നഷ്ടമായതിന്റെ ബാക്കി കെട്ടി അടച്ചു നിലനിർത്തുന്നത്. സ്ഥലം ഏറ്റെടുത്ത ഘട്ടത്തിൽ ഈ കാര്യം കണ്ണടക്കും. ഇനി ഇടി തുടങ്ങുമ്പോ ജനം ഉദ്യോഗസ്ഥരെ പഴിക്കും. ഗതികെട്ട ഉദ്യോഗസ്ഥർക്ക് മദ്ദളത്തിന്റെ അവസ്ഥയാണ്. നാലുപാടു നിന്നും അടി വാങ്ങൽ, പഴി കേൾക്കൽ.

ഇനി അടുത്ത അപകട സാദ്ധ്യത റോഡിന്റെ മീഡിയൻ (നടുഭാഗത്തെ വേർതിരിക്കൽ ) എത്ര അകലം കൊടുക്കും എന്നുള്ളതിൽ ആണ്. അങ്ങേ അറ്റം ഒപ്പിച്ചാൽ 1.50m കൊടുക്കാൻ കിട്ടിയാലായി. അപ്പൊ അപകടകരമായ ന്യൂ ജേഴ്സി ബാരിയർ എന്ന കോൺക്രീറ്റ് ഭിത്തി നടുവിൽ മീഡിയനായി വെക്കേണ്ടി വരും. (വിദേശി കണ്ടാൽ അപ്പൊ തന്നെ നമുക്ക് കപ്പും തന്നിട്ട് അടുത്ത ഫ്‌ളൈറ്റിൽ തിരികെ പേടിച്ചോടി പോകും )100km/hr വേഗതയിൽ വരുന്ന വാഹനം വളവുകളിലോ മറ്റോ ഒരു നിമിഷം ഡ്രൈവറുടെ ശ്രദ്ധ വിട്ടാൽ മീഡിയനിൽ ഇടിച്ചു റോക്കറ്റ് പോകുന്നത് പോലെ തെറിക്കുന്നത് കാണേണ്ടി വരും. ( ഡൽഹിയിൽ അമിത വേഗതയിൽ ഒരു ഫ്‌ളൈയോവറിന് മുകളിലൂടെ പറന്നു താഴേക്കു വീണ കാറിന്റെ വീഡിയോ എല്ലോരും ഓർക്കുന്നുണ്ടോ. അതിനി നമുക്കും കാണാം ലൈവ് ) നല്ല റോഡ് കണ്ടാൽ സകല നിയന്ത്രണവും മറന്നു പറക്കുന്ന മലയാളിക്ക് അങ്ങ് മുകളിലോട്ടെടുക്കാൻ (rest in peace ) ഫ്രീ ടിക്കറ്റ് കൊടുത്തത് പോലാകും.

45m വീതിയിൽ വരുന്ന മഴവെള്ളം സുരക്ഷിതമായി ഒലിച്ചു പോകാൻ വേണ്ട സൗകര്യങ്ങൾ ഒന്നും ഈ 45mൽ കൊടുക്കാൻ കഴിയില്ല എന്നുള്ളത് പച്ച പരമാർത്ഥം. അപ്പോൾ മഴയത്തു അപകട സാദ്ധ്യത പതിന്മടങ്ങു വർധിക്കും. ഒപ്പം റോഡിലെ വെള്ളപൊക്കവും. മഴയിൽ വെള്ളക്കെട്ടു രൂക്ഷമാകും. ഒക്കെ പോട്ടെ സർവീസ് റോഡിൽ നിന്ന് ഇടയ്ക്കിടയ്ക്ക് മെയിൻ ഹൈവേയിലേക്ക് വാഹനങ്ങൾ സുരക്ഷിതമായി കയറി വേഗത ക്രമമായി വർധിപ്പിച്ചു ഹൈവേയുടെ വേഗതയിലേക്ക് എത്തി സ്മൂത്ത്‌ ആയി ഹൈവേയിലേക്ക് കയറണമെങ്കിൽ അക്‌സെലെറേഷൻ ലെയ്ൻ എന്ന സൗകര്യം കൊടുക്കണം. തിരികെ ഹൈവേയിൽ നിന്ന് വേഗം സുരക്ഷിതമായി കുറച്ചു ഒരു വാഹനത്തിന് സർവീസ് റോഡിലേക്ക് കടക്കാൻ ഡീസലെറേഷൻ ലേയ്ൻ എന്ന സൗകര്യവും കൊടുക്കണം. അതിനുള്ള സ്ഥലമില്ല. അപ്പൊ എന്ത് പറ്റും ഹൈവേയിലേക്ക് വശങ്ങളിലെ സർവീസ് റോഡിൽ നിന്ന് കുറഞ്ഞ വേഗത്തിൽ വാഹനങ്ങൾ കയറേണ്ട സാഹചര്യം വരും. പിന്നത്തെ അവസ്ഥ എന്താകുമെന്ന് പറയേണ്ടല്ലോ. ഹൈവേയിൽ പറന്നു വരുന്നവർ അതിലേക്കു കാണും മുന്നേ ഇടിച്ചു കേറും.

നിർമിക്കുന്ന എഞ്ചിനീയർമാരെ അധിക്ഷേപിച്ചിട്ടു കാര്യമില്ല കാരണം സ്ഥലം ഇല്ലാത്തിടത്തു കൊട്ടാരം പണിയാൻ അവർ ജാലവിദ്യക്കാരല്ല. പിന്നെ കൃത്യമായി ഈ പ്രശ്നങ്ങൾ സാധാരണക്കാരിലേക്ക് എത്തിച്ചു അപകട സാദ്ധ്യതകൾ മുന്നേ വിലയിരുത്തി ഇതുപോലുള്ള മരണക്കെണികൾ ഒഴിവാക്കാൻ എന്ത് വിലകൊടുത്തും ശ്രമിക്കേണ്ടതാർന്നു എന്ന് പൊതുജനത്തിന്, മാദ്ധ്യമങ്ങൾക്ക് പറയാം. പക്ഷേ ഇവിടുത്തെ കക്ഷി രാഷ്ട്രീയ പൊങ്കാല പേടിച്ചു ഒരു ഉദ്യോഗസ്ഥനും അതൊന്നും ചെയ്യുകയില്ല. അതിപ്പോ അവരുടെ സ്ഥാനത്തു നമ്മൾ ആയാലും ചെയ്യില്ല. സിസ്റ്റം കറക്റ്റ് ചെയ്യാൻ പോയാൽ സിസ്റ്റം നമ്മളെ തുടച്ചുമാറ്റി വിടും വീട്ടുകാർക്ക് പോലും വേണ്ടതാകും എന്നുള്ളതാണ്. അതുകൊണ്ട് നല്ലൊരു ശതമാനം ആളുകളും മൗനം പാലിക്കും.പൊതുജനങ്ങൾ അപകട സാഹചര്യങ്ങൾ കൂടുതൽ മനസിലാക്കുക. സ്ഥലമെറ്റെടുപ്പിന് തർക്കം കൂടിയപ്പോൾ ഇതുപോലുള്ള അപകട സാദ്ധ്യതകൾ ജനിച്ചു എന്നുള്ളതാണ് ഇവിടുത്തെ വീഴ്ച. സ്ഥലമെടുക്കാതെ വികസനം സാധ്യമല്ല താനും. പദ്ധതികൾ നൂലിടകൃത്യമായി പരിശോധിച്ച് ഏറ്റവും ശാസ്ത്രീയമായി പ്രയോജനപ്പെടുന്നത് മാത്രം സംയോജിതമായി തിരഞ്ഞെടുക്കുക എന്നുള്ളതാണ് വേണ്ടത്. കണ്ട പദ്ധതികൾ തേടിയുള്ള ഓട്ടത്തിന് പകരം ഏറ്റവും അനുയോജ്യമായവ തമ്മിൽ ബന്ധപ്പെടുത്തി വികസിപ്പിക്കുകയാകും സ്ഥലപരിമിതി ഉള്ളിടത് അനുയോജ്യം. ഒപ്പം എല്ലാ വകുപ്പുകളുടെയും സംയോജനത്തിലൂടെയുള്ള (coordination) പ്രവർത്തനം ആണ് വേണ്ടത്. ഇല്ലേൽ ജെസിബി ക്കു പണികൂടും. എന്നും റോഡ് വെട്ടിപോളിക്കലും. റോഡിൽ നമ്മുടെ അടിസ്ഥാന പ്രശ്നവും അതാണ്‌. നമ്മുടെ കോൺസ്ട്ടിട്യൂഷണൽ റൈറ്റ്സ് പ്രകാരം സർവീസുകൾക്ക് ( kseb, internet, mobile etc.) റോഡിൽ തുല്ല്യ അവകാശം നൽകിയിട്ടുണ്ട്. റോഡിൽ ഇവക്ക് ആവശ്യമുള്ള സ്ഥലം ഇല്ലാത്ത പക്ഷം ഇവയൊക്കെ റോഡ് കയ്യേറും. അതോടെ അപകട സാദ്ധ്യത കൂടും. Departmental Coordination കുറവായതിനാൽ ഓരോരുത്തരും പദ്ധതികൾ ഓരോ സമയത്തു വിഭവനം ചെയ്യും ചുരുക്കി പറഞ്ഞാൽ റോഡ് പണി തീർന്നു കഴിയുമ്പോ പൈപ്പിന്റെ പണി തുടങ്ങും. റോഡിലെ പാച്ച് വർക്കുകൾ ആണ് ഏറ്റവും കൂടുതൽ ഇരു ചക്ര വാഹനക്കാരെ അപകടത്തിൽ എത്തിക്കുന്നത് ഒപ്പം ഇവയുടെ മുകളിലൂടെ ഓടുമ്പോൾ ഉള്ള കുലുക്കം കാര്യമായി നമ്മുടെ ശരീരത്തിലെ എല്ലുകൾ, മസിലുകൾ അതിനേക്കാൾ നമ്മുടെ മാനസിക അവസ്ഥയെബാധിച്ചു നമ്മളെ ഒരു ആഗ്ഗ്രെസ്സീവ് റൈഡർ ആക്കാൻ ഇടയാക്കുന്നുണ്ട്. ഇതൊക്കെ ഒരു സുപ്രഭാതത്തിൽ മമാറ്റി എടുക്കാൻ കഴിയില്ല. പൊതുജനം ഇതു തിരിച്ചറിയണം. കാര്യങ്ങൾ ജനം മനസിലാക്കി തുടങ്ങുമ്പോൾ മെച്ചപ്പെട്ട രീതികൾ ഉൾക്കൊള്ളാനും ആ രീതിയിൽ മാറ്റത്തിന് പരിശ്രമിക്കാനും കഴിയും.6 വരി പാതക്കു പകരം അടിസ്ഥാനപരമായ മുകളിൽ പറഞ്ഞ സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ വേണ്ട മാനദണ്ഡങ്ങൾ ഉൾകൊള്ളിച്ചു 4വരി പാതയാക്കി 80km/hr സ്പീഡിൽ കൊടുത്തിരുന്നേൽ മരണവും അപകട തീവ്രതകളും ഒത്തിരി കുറക്കാമായിരുന്നു.

സുരക്ഷയിൽ യാതൊരു പ്രാധാന്യവും കൽപ്പിക്കാതെ ഉള്ള ഇതുപോലുള്ള വികസന പരിപാടികളിലൂടെ ഒരുപാട് പേരുടെ ജീവന്റെ വില നൽകേണ്ടി വരും എന്നുള്ളതാണ്.

ഞാൻ പഠിച്ച, പരിശീലിച്ച ശാസ്ത്രത്തിൽ തീരെ ഉൾകൊള്ളാൻ കഴിയാത്ത വേദനാജനകമായ കാര്യങ്ങൾ ഇവിടെ കണ്ടതിൽ ചിലവ എന്നിലെ മനസാക്ഷി കൊണ്ട് തുറന്നെഴുതി. അതിൽ ദേഷ്യം തോന്നരുത് ആർക്കും.ഉപദ്രവവും അരുത്.

റോഡ് മീഡിയൻ മിനിമം 4.5 to 5.5m എലും കൊടുക്കണം എന്ന് പറയുന്നത് തന്നെ ഇതുപോലുള്ള വലിയ അപകട സാധ്യതകൾ ഒഴിവാക്കാൻ ആണ്. അപ്പോ ചോദിക്കും ഫുട്ബോൾ കളിക്കാൻ ആണോ അത്രേം സ്ഥലം നടുവിൽ പാഴാക്കി കളഞ്ഞത് എന്ന്. നമ്മുടെ കണ്ണിൽ സുരക്ഷ എന്ന നക്ഷത്രം തെളിയുക ഏതേലും ആപത്തിൽ പെട്ട് നക്ഷത്രക്കാൽ എണ്ണുമ്പോൾ മാത്രമാണ് എന്നുള്ളതാണ് സത്യം.അതുവരെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവനെ കല്ലെറിയും. ജോലിയിൽ ഇരിക്കുന്നവരുടെ പരിമിതികൾ ചെറുതല്ല. ഒരു മരം റോഡിൽ അപകടകരമായ അവസ്ഥയിൽ നിന്നാൽ അതിൽ ഇടിച്ചു പലജീവൻ പൊലിഞ്ഞേക്കാമെന്നു മനസ്സിലാക്കി അത് നീക്കാം ചെയ്യാൻ പോയാൽ പൊതുജനത്തിന്റെ എതിർപ്പ് നമ്മുടെ ജോലി സ്ഥലം വിദൂരതയിലേക്ക് മാറ്റും. പ്രൊ ആക്റ്റീവ് ആയി ചെയ്തെടുക്കാൻ സമ്മതിക്കില്ല. അപകടം കഴിഞ്ഞു റിയാക്റ്റീവ് ആയി ചെയ്യാൻ പോലും ഇവിടെ പാടാണ്. അനുഭവം പറഞ്ഞതാണ്‌.

സാധാരക്കാരായ ജനങ്ങൾക്ക്‌ ഈ അപകട സാദ്ധ്യതകൾ മനസിലായെന്നു കൂടി വരില്ല. നല്ല റോഡ് കണ്ടാൽ മനസ്സറിയാതെ അവർ വേഗത കൂട്ടും.അപ്പോൾ അവർക്കായി റോഡ് നിർമ്മിക്കുമ്പോൾ സുരക്ഷക്ക് ആയിരിക്കണം ആദ്യ സ്ഥാനം കൊടുക്കേണ്ടിയിരുന്നത്. രാഷ്ട്രീയപരമായ തർക്കങ്ങൾ, മത്സരബുദ്ധി, വ്യക്തിഗത താല്പര്യങ്ങൾ, തമ്മിൽ കരിവരിതേക്കലും ഒക്കെ കൂടി ആകുമ്പോൾ ഇതുപോലുള്ള അപകട സാദ്ധ്യതകൾ തിരിച്ചറിയപ്പെടാതെ വരും. അനുഭവിക്കുന്നത് ഇതൊന്നുമറിയാതെ നല്ല റോഡ് കണ്ട മാത്രയിൽ ആക്‌സിലേറ്റർ ചവിട്ടി താക്കുന്നവരും അവരുടെ ഇടിയെൽക്കുന്ന ഒന്നുമറിയാത്ത നിരപരാധികളും.

കഴക്കുറ്റം പുതിയ ഫ്‌ളൈഓവർ 50kmph വേഗതയെ നൽകിയിട്ടുള്ളു. പക്ഷെ നല്ലൊരു ശതമാനം ജനം പോകുന്നത് 70നു മുകളിലാണ്.തീരെ സുരക്ഷിതം അല്ല ആ വേഗത. വാഹനം ഓടിക്കുന്നവർ വളരെ സൂക്ഷിക്കുക. കഴക്കുട്ടത്തെ ഫുട്‌പാത്തിൽ നടക്കാൻ പഠിക്കുന്നവർക്ക് ഒളിമ്പിക്സിൽ സ്പ്രിന്റിൽ ഗോൾഡ് അടിക്കാം. അത്രയ്ക്ക് ശ്രദ്ധയോടെ സൂക്ഷ്മമായി നിരീക്ഷിച്ചു ഓരോ ചുവടും വെച്ചില്ലേൽ നമ്മുടെ കാര്യം എല്ലു രോഗ വിദഗ്ധൻ നോക്കേണ്ടി വരും. കുറ്റം അല്ല വിഷമം കൊണ്ട് പറഞ്ഞുപോകുന്നതാ. എന്താ എല്ലാം ഇങ്ങനെ എന്നുള്ളതിൽ. കാൽനടക്കാർ, കാഴ്ച ബുദ്ദിമുട്ടുള്ളവർ, അംഗഭംഗം ഉള്ളവർ എല്ലോരേം പരിഗണിക്കേണ്ടേ നിരത്തുകൾ നിർമ്മിക്കുമ്പോൾ. അവരും നമ്മുടെ ഭാഗമല്ലേ.

45m സ്ഥലത്തു ശാസ്ത്രീയ അളവുപ്രകാരം 6 വരി പാത വന്നാൽ എങ്ങനെ ഇരിക്കാനാണ് സാദ്ധ്യത എന്നുള്ളതാണ് താഴെ ഉള്ള ചിത്രം. എന്തായാലും ഏതാണ്ട് ഇതിപ്പോലൊക്കെയേ വരാൻ സാധ്യത ഉള്ളു പരിമിത സ്ഥലത്തു. ബാക്കി നേരിൽ നിർമ്മിതി കാണുമ്പോ അറിയാം.നമ്മുടെ നിർമ്മിതികളിൽ സുരക്ഷ ബോധം എന്ത് വിലകൊടുത്തും കൊണ്ടു വന്നേ പറ്റു. ഇപ്പോൾ നടക്കും. പണിഞ്ഞു കഴിഞ്ഞിട്ട് കതിരിന്മേൽ വളം വെച്ചിട് കാര്യമില്ല. പിന്നെ ചാനലുകളായ ചാനലുകൾ മൊത്തം ഉദ്യോഗസ്ഥരെ പഴിക്കും, പൊലീസിനെ, മോട്ടോർ വെഹിക്കിൾസിനെ, എഞ്ചിനീയർമാരെ പഴിക്കും. ഒന്നുകിൽ കൂടുതൽ സ്ഥലം എടുക്കുക ഇല്ലേൽ 4വരി പാതയാക്കി വേഗത 80 ലിമിറ്റ് ചെയ്യുക എന്നിട്ട് ബാക്കി സ്ഥലത്തു സുരക്ഷക്ക് വേണ്ട അടിസ്ഥാന കാര്യങ്ങൾ ഉൾകൊള്ളിക്കുക.. ഇലെൽ 6 വരി100 സ്പീടും കൊടുത്തു വിട്ടാൽ ഓടിക്കുന്നവൻ അവന്റെ വിധി പോലെ എന്ന് വയ്‌ക്കുക അല്ലാതെ നിവർത്തിയില്ല .

സർവീസ് റോഡ് ഓൺ വേ ആയി ആയിരിക്കും നൽകാൻ സാദ്ധ്യത. എല്ലാം കൂടി ആകുമ്പോൾ ജനത്തിന് ക്ഷമകെടും. സ്ഥലമില്ലായ്മയും, സ്ഥലമെറ്റെടുക്കലിന് വേണ്ടി വന്ന ഭീമമായ തുകയും ഒക്കെ കൊണ്ടു ആണ് മിനിമം സ്ഥലത്തിൽ ഞെക്കി ഞെരുക്കേണ്ടി വന്നിട്ടുള്ളത്. ബഹുമാനപ്പെട്ട ഹൈകോടതി തന്നെ നേരിട്ട് വന്നു ഉപദേശിച്ചാലെ തുടക്കത്തിൽ തന്നെ വേണ്ട സുരക്ഷ ഉറപ്പാക്കാനാകു എന്നാണ് തോന്നുന്നത്.

ഇത് ആരേലും ഫുൾ വായിക്കുമോന്നു അറിയില്ല. ഇതിലും ചുരുക്കി ഇത് എഴുതാനും അറിയില്ല. പൂർണമായി വായിക്കാനും നല്ല മനസോടെ ആശയം ആലോചിച്ചു ഉൾകൊള്ളാനും നിർമ്മാണ പ്രവർത്തനങ്ങൾ സ്വയം വീക്ഷിക്കാനും കൂടുതൽ മനസ്സിലാക്കാനും മനസ് കാണിച്ചവർക്ക് / കാണിക്കുന്നവർക്ക് ആയിരം നന്ദി. തെറ്റുകുറ്റങ്ങൾ വന്നുപോയിട്ടുണ്ടേൽ സദയം ക്ഷമിക്കുക. നമ്മെളെല്ലാവരും വിചാരിച്ചാലെ സുരക്ഷ നമ്മിൽ ജനിക്കു. സുരക്ഷിതമായിരിക്കട്ടെ നമ്മുടെ ഓരോ നിമിഷവും. സാമൂഹിക പ്രതിബദ്ധതയോടെ...

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :മുകളിൽ പ്രസ്ഥാവിക്കപ്പെട്ട വിഷയങ്ങൾ ഒരു വ്യക്തി എന്ന നിലയിൽ എന്റെ പരിമിത അറിവിൽ ഒരു സാധാരണ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു ഉള്ളിൽ നിന്ന് മാത്രം പ്രകടിപ്പിച്ചവയാണ്. വ്യക്തിയുടെ അഭിപ്രായമായി മാത്രം കാണുക. തെറ്റുകുറ്റങ്ങൾ വന്നേക്കാം. ക്ഷമിക്കുക. ഒപ്പം ദയവു ചെയ്തു സ്ഥാപനം, രാഷ്ട്രീയം ഒക്കെ ഇതിൽ മെമ്പോടിക്ക് ചാർത്തി വ്യക്തിഹത്യ നടത്തരുത്. അതാണ് കണ്ടു വരുന്നത്. എനിക്കും കുടുംബമുണ്ട് ജീവിക്കണം

Advertisement
Advertisement