''സഞ്ജു ഇപ്പോൾ പോകുന്നത് ചുമ്മാ ബഞ്ചിൽ ഇരിക്കാനും വെള്ളം കൊടുക്കാനുമാണ്''
ഈ മാസം അവസാനം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. രോഹിത് ശര്‍മ്മ വിരമിച്ച ഒഴിവില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ പുതിയ ട്വന്റി 20 ക്യാപ്റ്റൻ. ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മ തന്നെ ടീമിനെ നയിക്കും. മലയാളി താരം സഞ്ജു വി സാംസണ്‍ ടി20 ടീമില്‍ ഇടം നേടിയെങ്കിലും ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചതിനു പിന്നാലെയുള്ള ടൂറിലാണ് സഞ്ജു ഒഴിവാക്കപ്പെട്ടത് എന്നതും ശ്രദ്ധേയം. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സഞ്ജുവിന്റെ സെഞ്ചുറിയാണ് ഇന്ത്യയെ 2 - 1 നു പരമ്പര നേടാൻ സഹായിച്ചത്. എന്നിട്ടും സഞ്ജുവിനെ പരിഗണിക്കാത്തതിന് പിന്നിലെ കാരണങ്ങൾ വിശദമാക്കുകയാണ് രഞ്ജിത്ത് രവീന്ദ്രൻ. ഫേസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ-
''സഞ്ജു സാംസൺ ആയിരിക്കുക എന്നതാണ് ഇൻഡ്യൻ ക്രിക്കറ്റിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്ന് ഇൻഡ്യാ സിംബാബ്വേ കളിയുടെ കമന്ററിയിൽ കേട്ടു. അഗാർക്കറിന്റെ പത്ര സമ്മേളനം കണ്ടതോടെ ഒരു കാര്യം മനസ്സിലായി, സഞ്ജു അവരുടെ പ്ലാനിൽ സെക്കൻഡ് ബാക്കപ് പ്ലയറാണ്.
വൺഡേയിൽ രാഹുലും പന്തും ഇല്ലാതിരിക്കുന്ന അവസ്ഥയിലേ സഞ്ജുവിനു സ്ഥാനം കിട്ടു. റ്റി20 യിൽ പന്ത് ഇല്ലാത്തപ്പോഴും! ചുരുക്കത്തിൽ സഞ്ജു ഇപ്പോൾ പോകുന്നത് ചുമ്മാ ബഞ്ചിൽ ഇരിക്കാനും വെള്ളം കൊടുക്കാനുമാണ്. അല്ലെങ്കിൽ ഇൻഡ്യ പരമ്പരയൊക്കെ ജയിച്ചാൽ ഒരു കളി 2-3 ഓവർ കളിക്കാം.
ബിസിസിയുടെ ലോങ്ങ് റ്റേം പ്ലാനിൽ പന്ത് ഒരു പ്രധാന അംഗമാണ്. പന്ത് ഒരു പത്ത് കളി അടുപ്പിച്ച് കളിക്കാതിരുന്നാൽ പോലും അതിനു മാറ്റം ഉണ്ടാവും എന്ന് തോനുന്നില്ല. കഴിഞ്ഞ ഒരു വർഷമായി കിട്ടുന്ന അവസരങ്ങൾ ഒക്കെ മുതലാക്കുന്നുണ്ട് സഞ്ജു. പക്ഷെ അഗാർക്കർ പറഞ്ഞത് "ഡീസന്റ് പെർഫോർമ്മൻസ്" എന്നാണ്.
അതായത് ഒരു സാധാരണ പെർഫോർമ്മൻസ് ഒന്നും പോരാ സഞ്ജുവിനു പന്തിനെ മറികടക്കാൻ. അടുത്ത ഐപിഎൽ ഇൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും മെമ്മറബിൾ ആയുള്ള ബാറ്റിങ്ങോടെ രാജസ്ഥാനെ വിജയിപ്പിച്ചാൽ ഒരു പക്ഷെ ജനരോഷം ഭയന്നെങ്കിലും റ്റീമിൽ എടുക്കും. അല്ലെങ്കിൽ പ്രായമാകുന്നു എന്ന് പറഞ്ഞ് പതിയെ ജുറെയിലിനെ മുന്നിലേക്ക് കൊണ്ടുവരും.
ദിനേശ് കാർത്തിക്കിനേപ്പോലെ ഒരാൾക്ക് റ്റീമിൽ ഇടം കിട്ടാതെ പോയത് സാക്ഷാൽ ധോണി ഉള്ളതുകൊണ്ടാണ്. ആ ഒരു വ്യത്യാസം ഉണ്ടായിരൂന്നു. പക്ഷെ രാഹുലൊ പന്തൊ സഞ്ജുവിനേക്കാൾ ബെറ്റർ ഒന്നുമല്ല. സെലക്ഷൻ കമ്മറ്റി അവർക്ക് ഇഷ്ടമുള്ളവരെ എടുക്കുന്നു, സിമ്പിൾ. അയർലണ്ടിൽ പോയി ക്രിക്കറ്റ് കളിക്കാൻ പറയുന്നില്ല, പക്ഷെ ഒരു റ്റോപ് ഐപിഎൽ റ്റീം, മികച്ച ബ്രാൻഡ് ഡീലുകൾ ഒക്കെ കിട്ടിയാൽ ചിലപ്പോൾ രക്ഷപെടാം. ബീയിങ്ങ് സഞ്ജു സാംസൺ ഈസ് ദി മോസ്റ്റ് ഡിഫികൽറ്റ് തിങ്ങ് റ്റു ബി. സോറി സഞ്ജു, യു ഡിസേർവ്വ്ഡ് ബെറ്റർ!''