ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ ആളുകൾ ദുബായിലേക്ക് വിമാനം കയറും? ലക്ഷങ്ങളുടെ ബിസിനസ് സാദ്ധ്യത

Wednesday 24 July 2024 3:01 PM IST

​​അബുദാബി: കേന്ദ്ര ബഡ്‌ജറ്റിൽ ഏറ്റവും കൂടുതൽ പേർ ഉറ്റുനോക്കിയ കാര്യമായിരുന്നു സ്വർണത്തിന്റെ നികുതി നിരക്കിലെ മാറ്റം. ഒടുവിൽ പ്രഖ്യാപനം വന്നപ്പോൾ സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ വലിയ കുറവാണ് കേന്ദ്രം വരുത്തിയത്. ഈ സാഹചര്യത്തിലും ഇന്ത്യയേക്കാൾ വിലക്കുറവിൽ സ്വർണം ലഭിക്കുന്ന ഒരു സ്ഥലമാണ് വ്യാപാരികൾ തിരയുന്നത്. കാലങ്ങളായി ഇന്ത്യക്കാരുടെ ഇഷ്‌പ്പെട്ട ഗോൾഡ് ഹബ്ബായ ദുബായ് ആണ് അതിനുള്ള ഉത്തരം.

ഇറക്കുമതി തീരുവ കുറച്ചതിന് ശേഷവും ഇന്ത്യയേക്കാൾ ആറ് ശതമാനത്തോളം കുറവാണ് ദുബായിലെ സ്വർണ വില. താമസക്കാരും വിനോദ സഞ്ചാരികളും ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ദുബായിൽ നിന്ന് സ്വർണം വാങ്ങാറുണ്ടെന്നാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ അന്താരാഷ്ട്ര ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് ഗൾഫ് മാദ്ധ്യമമായ ഖലീജ് ടൈംസിനോട് പറഞ്ഞത്.

ലോകമെമ്പാടുമുള്ള ജുവലറി ഡിസൈനുകളുടെ വൈവിദ്ധ്യമാർന്നതും സമാനതകളില്ലാത്തതുമായ ശേഖരത്തിന് പേരുകേട്ട ആഗോള ജുവലറി ഹബ്ബാണ് ദുബായ്. ഡിസൈനുകളിൽ ഇത്രയും വൈവിദ്ധ്യം ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ സ്വർണ ബിസിനസ് നടത്തുന്നവരും ദുബായിലേക്ക് എത്താറുണ്ട്. പുതിയ പ്രഖ്യാപനം വലിയ രീതിയിലുള്ള പ്രയോജനമാണ് ഇവരിൽ ഉണ്ടാക്കുന്നതെന്നും ഷംലാൽ പറഞ്ഞു.

സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ വെട്ടിക്കുറച്ചെങ്കിലും ദുബായിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങുന്നതാണ് ഇന്ത്യയിലേതിനേക്കാൾ ലാഭമെന്ന് സെഞ്ച്വറി ഫിനാൻഷ്യൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ വിജയ് വലേച്ചയും വ്യക്തമാക്കി. ബഡ്‌ജറ്റ് പ്രഖ്യാപനത്തിന് മുമ്പ് ദുബായിൽ ഇന്ത്യയേക്കാൾ 15 ശതമാനം വിലക്കുറവായിരുന്നു. യുഎഇയിൽ നിന്ന് സ്വർണം വാങ്ങി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന വ്യാപാരികൾക്ക് ഇതിലൂടെ വലിയ രീതിയിലുള്ള നേട്ടമുണ്ടാകുമെന്നും വലേച്ച കൂട്ടിച്ചേർത്തു.

ഉദാഹരണത്തിന്, മുമ്പ് യുഎഇയിൽ നിന്ന് 100 ഡോളർ വിലവരുന്ന സ്വർണം വാങ്ങി അത് ഇന്ത്യയിൽ എത്തിക്കുമ്പോൾ കസ്റ്റംസ് തീരുവ ഉൾപ്പെടെ 115 ഡോളർ ചെലവാകും. എന്നാൽ, ഇപ്പോൾ ഇറക്കുമതി തീരുവ കുറച്ചതോടെ വലിയ വിലക്കുറവിൽ ഇന്ത്യയിലേക്ക് എത്തിക്കാൻ സാധിക്കുന്നതാണ്.

Advertisement
Advertisement