ജലപരിശോധനയ്ക്ക് കൂടുതൽ ലാബുകൾ, 321 എണ്ണം ആരംഭിച്ചു

Thursday 25 July 2024 12:23 AM IST

കൊച്ചി: ജലഗുണനിലവാരം ഉറപ്പുവരുത്താൻ സംസ്ഥാനത്ത് കൂടുതൽ ജലഗുണ നിലവാര പരിശോധനാ ലാബുകൾ വരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഹരിത കേരളം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഹയർ സെക്കൻഡറി സ്കൂളിലെ രസതന്ത്ര ലാബുകളോട് അനുബന്ധിച്ചാണ് ലാബുകൾ. സംസ്ഥാനത്ത് ഇതുവരെ 321 എണ്ണം ആരംഭിച്ചു. ആകെ 534 ലാബുകൾ തുടങ്ങും. ബാക്കിയുള്ളവ ഉടൻ ആരംഭിക്കും. സൗജന്യമായാണ്പരിശോധന .

കോളിഫോം ബാക്ടീരിയയുടെയും ഫ്ലൂറൈഡിന്റെയും സാന്നിദ്ധ്യവും പി.എച്ച് മൂല്യവും നിർണയിച്ച് ഹെൽത്ത് കാർഡ് നല്കും. അനുവദനീയമായ അളവിൽ കൂടുതലാണെങ്കിൽ വിദഗ്ദ്ധ പരിശോധനയ്ക്കായി ജല അതോറിട്ടിയുടെ ലാബുകളിലേയ്ക്ക് റഫർ ചെയ്യും. ഓരോ പഞ്ചായത്തിലും ഒരു സ്‌കൂളിലാണ് ലാബ്. സ്‌കൂളിലെ ശാസ്ത്രാദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്. എം.എൽ.എ ഫണ്ടും പഞ്ചായത്തുകളുടെ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ചവയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഈ മാസമാണ് ലാബുകൾ ആരംഭിച്ചത്. മലപ്പുറം, വയനാട് ജില്ലകളിൽ ലാബുകൾ ആരംഭിച്ചിട്ടില്ല.

പരിശോധിച്ചത് 28005 സാമ്പിൾ

ഇതുവരെ 28005 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം 1514, കൊല്ലം 1187, ആലപ്പുഴ 801, ഇടുക്കി 2183, തൃശ്ശൂർ 18012, പാലക്കാട് 210, കോഴിക്കോട് 1952, കണ്ണൂർ 1584, കാസർകോട് 562 എന്നീ ജില്ലകളിലാണ് ഇതുവരെ പരിശോധനകൾ നടത്തിയത്. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം വരുന്ന കിണറുകളിലെ ജലം പരിശോധിച്ച് കുടിക്കാൻ യോഗ്യമാണോയെന്ന് നിശ്ചയിക്കുന്നതിനുള്ള പദ്ധതിയാണിത്.

ജില്ല, സ്ഥാപിച്ച ലാബുകൾ, നിർമ്മാണം നടക്കുന്നത്, ആകെ
തിരുവനന്തപുരം ............13
കൊല്ലം...................................11
പത്തനംതിട്ട........................21
ആലപ്പുഴ...............................28
കോട്ടയം...............................31
ഇടുക്കി.................................35
എറണാകുളം...................54
തൃശൂർ................................54
പാലക്കാട്..........................12

മലപ്പുറം..............................0
കോഴിക്കോട്...................29
വയനാട്............................0
കണ്ണൂർ..............................21
കാസർകോട്................12

ഒരു പഞ്ചായത്തിൽ ഒരു ലാബ് ഒരുക്കുകയാണ് ലക്ഷ്യം. ബാക്കിയുള്ളവയുടെ നിർമ്മാണം ഉടൻ ആരംഭിക്കും

ആർ.വി. സതീഷ്

സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ

ജലവിഭവം

ഹരിത കേരളം മിഷൻ

Advertisement
Advertisement