ജുവലറി കവർച്ച: മുഴുവൻ പ്രതികളെയും പിടികൂടി സൂചന നൽകിയത് ജീവനക്കാരനായ പ്രതിയുടെ ബന്ധുക്കൾ

Tuesday 30 July 2019 1:50 AM IST

പത്തനംതിട്ട : നഗരത്തിലെ കൃഷ്ണ ജുവലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് നാലു കിലോ സ്വർണവും 13 ലക്ഷം രൂപയും കവർന്ന കേസിൽ ആറ് പ്രതികളും പിടിയിൽ. കവർച്ചചെയ്ത പണവും സ്വർണവും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സേലത്തുനിന്ന് തമിഴ്‌നാട് പൊലീസ് പിടികൂടിയ പ്രതികളെ കേരള പൊലീസിന് കൈമാറുകയായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്‌ളി ജില്ലയിലുള്ള നിധിൻ ജാദവ് (21), ദാദ സാഹിബ് പ്രഭാകർ ഗേഖ് വാദ് (22), ആകാശ്കർത്ത (22), ഗണപതിവിശ്വാസ് ജാദവ് (22), പ്രശാന്ത് ജാദവ് (21) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയിൽ ഇവരെ പത്തനംതിട്ടയിലെത്തിച്ചു. മറ്റൊരു പ്രതിയും ജുവലറിയിലെ ജീവനക്കാരനുമായ അക്ഷയ് പാട്ടീലിനെ മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റുള്ളവരെ ഞായറാഴ്ച രാത്രി 12 മണിക്കാണ് സേലത്ത് നിന്ന് പിടികൂടിയത്. പൊലീസെത്തുമെന്ന് സൂചന ലഭിച്ചപ്പോഴേക്കും പണവും ആഭരണവും അടങ്ങിയ ബാഗുമായി പ്രധാന പ്രതി നിധിൻ ജാദവ് കടന്നുകളഞ്ഞിരുന്നു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ ഇയാളെയും സേലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.

അക്ഷയ് പാട്ടീൽ കസ്റ്റഡിയിലായതോടെയാണ് പൊലീസിന് തുമ്പ് ലഭിക്കുന്നത്. കവർച്ച നടന്ന് രണ്ട് മണിക്കൂറിന് ശേഷം അക്ഷയ് പാട്ടീൽ ബന്ധുക്കളെ വിളിച്ചിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്താൻ പ്രേരിപ്പിച്ചതെന്നും മർദ്ദിച്ച് കോഴഞ്ചേരി തെക്കേമലയിൽ ഇറക്കിവിട്ടെന്നും അവരോട് പറഞ്ഞു. ബന്ധുക്കൾ അപ്പോൾത്തന്നെ ജുവലറി ഉടമ സുരേഷ് സേട്ടിനെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസിന്റെ നി‌ർദ്ദേശ പ്രകാരം ബന്ധുക്കൾ ഇയാളോട് പൊലീസ് സ്റ്റേഷനിലെത്തി നിരപരാധിത്വം തെളിയിച്ചാൽ രക്ഷപ്പെടാമെന്ന് പറയുകയും ഇത് വിശ്വസിച്ച അക്ഷയ് പാട്ടീൽ സ്റ്റേഷനിലെത്തുകയുമായിരുന്നു. തുടർന്നാണ് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്.

ഒന്നര വർഷം മുമ്പാണ് മഹാരാഷ്ട്ര സ്വദേശി സുരേഷ് സേട്ട് പത്തനംതിട്ടയിൽ കൃഷ്ണ ജുവലറി ആരംഭിച്ചത്. അക്ഷയ് പാട്ടീൽ ഒരാഴ്ചയേ ആയുള്ളു ജോലിക്ക് കയറിയിട്ട്. സുരേഷ് സേട്ടിന്റെ തന്നെ നെയ്യാറ്റിൻകരയിലുള്ള കടയിലും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയായ നിധിൻ ജാദവ് മഹാരാഷ്ട്രയിൽ നിരവധി കേസുകളിലെ പ്രതിയാണ്. പ്രതികളെ തെളിവെടുപ്പിന് ശേഷം ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും.

ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.ആർ. ജോസ്, പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവ്, സി.ഐ ന്യൂമാൻ, എസ്‌.ഐമാരായ കുരുവിള ജോർജ്, അഷ്‌റഫ്, ഷാഡോ പൊലീസ് അംഗങ്ങളായ എസ്‌.ഐ രഞ്ജു, എ.എസ്‌.ഐമാരായ രാധാകൃഷ്ണൻ, വിൽസൺ, എസ്‌.സി.പി.ഒമാരായ വിനോദ്, അജികുമാർ, സി.പി.ഒ ലിജു, സൈബർ സെൽ എസ്‌.സി.പി.ഒ ശ്രീകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.