പള്ളുരുത്തി വെളി മാർക്കറ്റിൽ നിന്ന് 200 കിലോ പുഴുവരിച്ച മീൻ പിടികൂടി
പള്ളുരുത്തി: വെളിയിലെ മാർക്കറ്റിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ 200 കിലോയോളം വരുന്ന മീൻ പിടികൂടി. വില്പനക്കാരൻ മുങ്ങി.
നഗരസഭ മൊബൈൽ ടെസ്റ്റിംഗ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ഇന്നലെ ആരോഗ്യവിഭാഗം പരിശോധനയ്ക്കായി എത്തിയത്. ഒരുതട്ടിൽ മീൻ ഐസില്ലാതെ അടുക്കിവച്ച നിലയിലായിരുന്നു. പിടിച്ചെടുത്ത മീനിന് മാസങ്ങളോളം പഴക്കമുണ്ടെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ മീൻ നശിപ്പിക്കുന്നതിനായി ബ്രഹ്മപുരത്തേക്ക് മാറ്റി.
പൊലിസിന്റെ രഹസ്യാന്വേഷണവിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് കൊച്ചി നഗരസഭ ഹെൽത്ത് വിഭാഗം പരിശോധനയ്ക്ക് എത്തിയത്. മീൻ സൂക്ഷിച്ചിരുന്ന ആളെ കണ്ടെത്താനായില്ല. പരിശോധന നടക്കുന്നതറിഞ്ഞ് ഇയാൾ മുങ്ങിയതാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
ഏതാനും മാസങ്ങൾക്ക് മുമ്പ് തോപ്പുംപടി, പള്ളുരുത്തി മാർക്കറ്റുകളിൽ നിന്ന് 650 കിലോയിലേറെ പഴക്കമുള്ള മീനുകൾ ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്. മധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശിവകുമാർ, വി.എസ്. അഭിലാഷ്, പി. ഷാനു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.