അവധി സീസണില്‍ പ്രവാസികള്‍ക്ക് നല്ല കാലം, ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി വിമാനക്കമ്പനി

Wednesday 24 July 2024 7:39 PM IST

മസ്‌കറ്റ്: ഓണം, ക്രിസ്മസ് അവധി സീസണ്‍ ഉള്‍പ്പെടുന്ന സമയത്ത് കേരളത്തിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി. ഒമാനിലെ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സലാം എയറാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര സെക്ടറിലും അന്താരാഷ്ട്ര സെക്ടറിലും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 19 ഒമാനി റിയാല്‍ മുതല്‍ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മസ്‌കറ്റ്, സലാല എന്നിവിടങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സര്‍വീസുകള്‍ക്കാണ് ഓഫറുകള്‍ ലഭ്യമാകുക.

മസ്‌കറ്റില്‍ നിന്ന് സലാല, ദുകം, ഫുജൈറ, ദുബായ്, ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, പെഷവാര്‍, സിയാല്‍കോട്ട്, ഇസ്ലാമാബാദ്, ശിറാസ് സെക്ടറുകളിലേക്ക് 19 റിയാലിന് ടിക്കറ്റ് ലഭിക്കും. കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ഡല്‍ഹി, ജയ്പൂര്‍ ലക്നൗ എന്നിവിടങ്ങളിലേക്കും 25 റിയാലാണ് നിരക്ക്.സെപ്റ്റംബര്‍ 15നും ഡിസംബര്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ മാസം (ജൂലായ്) 31ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും നിബന്ധനയുണ്ട്.

അതേസമയം, ഓഫര്‍ നിരക്കില്‍ ഏഴ് കിലോ ഹാന്‍ഡ് ലഗേജ് മാത്രമാകും അനുവദിക്കുക. കൂടുതല്‍ ബാഗേജിന് അധികം തുക നല്‍കേണ്ടതുണ്ട്. നേരത്തെ അബുദാബിയിലേക്ക് ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, മംഗളൂരു വിമാനത്താവളങ്ങളില്‍ നിന്നാണ് ഈ സര്‍വീസുകള്‍. അടുത്ത മാസം ആദ്യം മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഓഗസ്റ്റ് മാസം ഒമ്പത് മുതല്‍ ആരംഭിക്കും. ഈ വിമാനം എല്ലാ ദിവസവും സര്‍വീസ് നടത്തും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രവാസികള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഈ സര്‍വീസ്. തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള സര്‍വീസ് ഓഗസ്റ്റ് 11 മുതല്‍ ആഴ്ചയില്‍ നാലെണ്ണം എന്ന കണക്കിലാണ് ആരംഭിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് ഓഗസ്റ്റ് 10 മുതലാണ്. ആഴ്ചയില്‍ മൂന്ന് തവണയാണ് ഈ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുക.