മണ്ഡല - മകരവിളക്ക് മഹോത്സവം ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ: മന്ത്രി വാസവൻ
തിരുവനന്തപുരം: മണ്ഡല - മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്ക് സുരക്ഷിത ദർശനത്തിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ശബരിമലയിലെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥരും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രതിനിധികളുമായി നടത്തിയ യോഗത്തിനുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമാവശ്യമായ ടെൻഡർ നടപടികളടക്കം അതിവേഗം പൂർത്തീകരിക്കും. ചാലക്കയം ഭാഗത്തെ റോഡുകളിലെ പ്രശ്നങ്ങൾ പരിഹരിക്കും. നിലയ്ക്കലിൽ പതിനായിരത്തിനു മുകളിൽ വാഹനങ്ങളുടെ പാർക്കിംഗിന് ക്രമീകരണമേർപ്പെടുത്തും. എരുമേലിയിലെ പാർക്കിംഗ് രണ്ടായിരമായി വർദ്ധിപ്പിക്കും. ഇതിനായി ആറേക്കർ ഭൂമിയേറ്റെടുക്കാൻ ജില്ലാകളക്ടർ നടപടികൾ സ്വീകരിച്ചുവരികയാണ്- മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ ഏകോപനത്തിൽ മുഴുവൻ ഇടത്താവളങ്ങളും സമയബന്ധിതമായി സജ്ജീകരിക്കും. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആക്സിഡന്റ് ട്രോമാകെയർ സംവിധാനമൊരുക്കും. സന്നിധാനത്ത് ഇ.സി.ജി, എക്കോ, ടി.എം.ടി അടക്കമുള്ളവ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. ക്യൂവിലുള്ള ഭക്തരുടെ അടിയന്തര ചികിത്സാർത്ഥം വളണ്ടിയർമാർക്ക് സി.പി.ആർ പരിശീലനം നൽകും. കോട്ടയം, കോന്നി തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ പ്രത്യേക സെൽ ആരംഭിക്കും. ആംബുലൻസ് സർവീസ് നാലാക്കി ഉയർത്തും. നാലാമത്തെ ആംബുലൻസിന്റെ സേവനം മരക്കൂട്ടം ഭാഗത്തായിരിക്കും.
ശുദ്ധജല പ്ലാന്റിന്റെ ശേഷി ഉയർത്തും
ശുദ്ധമായ കുടിവെള്ള വിതരണത്തിന് പ്ലാന്റിന്റെ ശേഷി പതിനായിരം ലിറ്ററാക്കി ഉയർത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. കടകളിൽ വിൽക്കുന്ന കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വർദ്ധിക്കുന്നതായുള്ള പരാതി പരിഹരിക്കാൻ മലിനീകരണ നിയന്ത്രണബോർഡ് സംവിധാനമൊരുക്കിയിട്ടുണ്ട്.
മാലിന്യം തരംതിരിച്ച് കൈമാറുന്നതിന് ശുചിത്വമിഷൻ നടപടി സ്വീകരിക്കും.
വനമേഖലയിലൂടെ കാൽനടയായി വരുന്ന ഭക്തരെ വന്യമൃഗശല്യത്തിൽ നിന്ന് സംരക്ഷിച്ച് സന്നിധാനത്ത് എത്തിക്കാൻ വനംവകുപ്പിന്റെ സഹായമുണ്ടാകും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രതിദിനം 80,000 പേർക്കായിരിക്കും വെർച്വൽ ക്യൂവിലൂടെ ദർശനത്തിന് അനുവാദം. സന്നിധാനത്തും പമ്പയിലും ഭക്തർക്ക് വെയിലും മഴയും ഏൽക്കാതിരിക്കുന്നതിനാവശ്യമായ മേൽക്കൂരകളുടെ നിർമ്മാണം ദേവസ്വം ബോർഡ് ഉടൻ ആരംഭിക്കും. ശബരിമലയിലെ റോപ്വേ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയെന്നും മന്ത്രി പറഞ്ഞു.