നഷ്ടപാതയിൽ ഓഹരി വിപണി

Thursday 25 July 2024 1:44 AM IST

കൊച്ചി: കേന്ദ്ര ബഡ്ജറ്റിന്റെ രണ്ടാംദിനവും ഓഹരി വിപണിയിൽ ഇടിവ്. മുഖ്യ സൂചികയായ സെൻസെക്സ് 280 പോയിന്റ് കുറഞ്ഞ് 80, 148.88ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 66 പോയിന്റ് കുറഞ്ഞ് 24,413.5ൽ എത്തി. ഓഹരി വിപണിയിലെ നേട്ടത്തിന് നികുതി വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനമാണ് നിക്ഷേപകരെ ചൊടിപ്പിച്ചത്. വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കും ദുർബലമായ ആഗോളവിപണിയും ആഭ്യന്തര വിപണിയെ സ്വാധീനിച്ചു. എസ്.ബി.ഐ, ആക്സിസ് ബാങ്ക് എന്നിവ കനത്ത വില്പന സമ്മർദ്ദം നേരിട്ടു. ചെറുകിട, ഇടത്തരം ഓഹരികളിൽ മികച്ച ഉണർവുണ്ടായി. തണുപ്പൻ രീതിയിൽ ആരംഭിച്ച സെൻസെക്സ് ഒരവസരത്തിൽ 600 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. നിഫ്റ്റി 24, 350 പോയിന്റ് വരെയും താണു. പിന്നീട് വിപണി തിരിച്ച് കയറുകയായിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്രബഡ്ജറ്റിന് പിന്നാലെ 1.5 ശതമാനം ഇടിവാണ് ഓഹരിവിപണിയിലുണ്ടായത്. ദീർഘകാല നിക്ഷേപത്തിലെ ഓഹരി നേട്ടത്തിന്റെ നികുതി 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനം ആക്കാനുള്ള നീക്കം ആളുകളിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള താത്പര്യം ഇല്ലാതാക്കുമെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

രൂപയുടെ മൂല്യത്തിൽ റെക്കാർഡ് ഇടിവ്

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ തകർച്ച രണ്ടാംദിനം തുടർന്നു. ഇന്നലെ രൂപയുടെ മൂല്യം 83.71 ആയി. 83.69 ആയിരുന്നു കഴിഞ്ഞ ദിവസത്തെ രൂപയുടെ മൂല്യം.

Advertisement
Advertisement