കേന്ദ്ര ബഡ്ജറ്റിൽ റബറിന് 320 കോടി: കേരളത്തിന് നേട്ടമാകില്ലെന്ന് ആശങ്ക

Thursday 25 July 2024 1:45 AM IST

പത്തനംതിട്ട: കേന്ദ്രബഡ്ജറ്റിൽ നീക്കിവച്ച 320 കോടി കൊണ്ട് കേരളത്തിലെ കർഷകർക്ക് പ്രയോജനമുണ്ടാകില്ലെന്ന് കർഷക സംഘടനകൾ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമായതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ റബർ കൃഷിക്കാണ് റബർ ബോർഡ് പ്രാധാന്യം നൽകുന്നത്. അവിടെ കൃഷി ചെയ്യാൻ ഒരു ഹെക്ടറിന് ഒന്നര ലക്ഷം രൂപ വരെ സബ്സിഡി നൽകും. തൈകളും സൗജന്യ നിരക്കിൽ വിതരണം ചെയ്യും. കേന്ദ്ര ബഡ്ജറ്റിൽ അനുവദിച്ച തുക ഇതിനായി വിയോഗിക്കുമെന്നാണ് കേരളത്തിലെ കർഷകരുടെ ആശങ്ക. സംസ്ഥാനത്ത് റബർ കൃഷിക്ക് ഒരു ഹെക്ടറിന് ഇരുപത്തയ്യായിരം രൂപയാണ് സബ്സിഡി . ഇത് ഏഴു വർഷത്തിനുള്ളിൽ പല തവണകളായാണ് ലഭിക്കുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദുർബല വിഭാഗങ്ങളെന്ന പരിഗണനയിൽ കൂടുതൽ സബ്സിഡി നൽകി ട്രൈബൽ വിഭാഗങ്ങൾക്കിടയിലാണ് റബർ ബോർഡ് നേരിട്ട് കൃഷി നടത്തുന്നത്. കേരളത്തിൽ റബർ മരങ്ങൾക്കുള്ള മഴമറയ്ക്ക് സ്പൈസസ് ബോർഡ് സബ്സിഡി നൽകുന്നുണ്ട്. ഒരു ഹെക്ടറിന് അയ്യായിരം രൂപ വരെ ലഭിച്ചിരുന്നത് അടുത്തകാലത്തായി മുടങ്ങി. ചില ജില്ലകളിലെ കർഷകർക്ക് നാലായിരം രൂപയേ ലഭിച്ചിട്ടുള്ളൂ. റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ജനിതക തൈകളെ അകറ്റിയത് വിനയായി

ഉത്പാദക മികവും രോഗ പ്രതിരോധവും ലക്ഷ്യമിട്ട് റബർ ബോർഡിന്റെ ഗവേഷണ വിഭാഗം ജനിതക മാറ്റംവരുത്തി വികസിപ്പിച്ചെടുത്ത തൈകൾ കേരളത്തിൽ കൃഷി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ജനിതക വിത്തുകൾ നിരോധിച്ച കൂട്ടത്തിലാണ് റബറും ഉൾപ്പെട്ടത്. റബർ ബോർഡ് പ്രോത്സാഹിപ്പിക്കുന്ന ജനിതക തൈകളാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്നത്. ഇത് കേരളത്തിൽ കൃഷി ചെയ്യാൻ അനുവദിക്കണമെന്ന കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.

------------------

റബർ കൃഷി തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

ആസാം, ത്രിപുര, മേഘാലയ, മിസോറാം.

12 ലക്ഷം സംസ്ഥാനത്തെ ചെറുകിട കർഷകർ

" കേന്ദ്ര സർക്കാർ സംസ്ഥാനത്തെ റബർ കർഷകരോട് ഒരു പരിഗണനയും കാട്ടുന്നില്ല. കർഷകർ വലിയ പ്രതിസന്ധിയിലാണ്. കേരളത്തിലെ എം.പിമാർ ഒന്നിച്ച് പാർലമെന്റിൽ വിഷയം ഉന്നയിക്കണം."

സുരേഷ് കോശി, കർഷക സംഘടന നേതാവ്

Advertisement
Advertisement