25 വ്യവസായ പാർക്കുകൾക്ക് അനുമതി: മന്ത്രി രാജീവ്

Thursday 25 July 2024 12:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഈ വർഷം 25 വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുമെന്ന് മന്ത്രി പി. രാജീവ്. കൂടുതൽ മികച്ച വ്യവസായ സംരഭങ്ങൾ എത്തുന്നതോടെ അവയ്ക്കും അനുമതി നൽകുന്നത് പരിഗണിക്കും. ക്യാമ്പസുകളുടെ വിഭവശേഷി ഉപയോഗിച്ച് നിലവിൽ വരുന്ന പാർക്കുകൾ ചരിത്രം സൃഷ്ടിക്കുമെന്ന് തിരുവനന്തപുരം ഹോട്ടൽ റെസിഡൻസി ടവറിൽ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ അക്കാഡമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് പാർക്കുകൾ വിഭാവനം ചെയ്തത്. വിനിയോഗിക്കാത്ത ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും ലക്ഷ്യമിടുന്നുണ്ട്. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ,പ്രൊഫഷണൽ കോളേജുകൾ,പോളിടെക്നിക്കുകൾ,ഐ.ടി.ഐകൾ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാർക്കുകൾ ആരംഭിക്കാം. പാർട്ട് ടൈം ജോലിയോടെ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഓൺലൈൻ പോർട്ടൽ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ,സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഷാലിജ് പി.ആർ,കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് എന്നിവർ പ്രസംഗിച്ചു.വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി,എ.പി.എം. മുഹമ്മദ് ഹനീഷ് സ്വാഗതവും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ നന്ദിയും പറഞ്ഞു.

Advertisement
Advertisement