മെഡലിടിക്ക് നിഖാത്ത്

Wednesday 24 July 2024 11:43 PM IST

ഇന്ത്യൻ ബോക്സിംഗിലെ ഒളിമ്പിക് മെഡൽ പ്രതീക്ഷയാണ്നിഖാത്ത് സരിൻ. രണ്ട് തവണ ലോക ചാമ്പ്യനായിട്ടുള്ള നിഖാത്ത് സരിന്റെ ആദ്യ ഒളിമ്പിക്സാണിത്. 50 കിലോ വെയ്റ്റ് കാറ്റഗറിയിലാണ് നിഖാത്ത് മത്സരിക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്സിൽ നിഖാത്ത് ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടത് ആയിരുന്നെങ്കിലും എം.സി മേരികോം ഉള്ളതിനാൽ അവസരം ലഭിച്ചില്ല. സെലക്ഷൻ ട്രയൽസിൽ ജയിച്ചിട്ടും നിഖാത്തിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഇതിനെതിരെ പല പരാതിയും പ്രതിഷേധവും നടത്തിയെങ്കിലും ഫലം കണ്ടില്ല. ആ വാശിയാണ് രണ്ട് തവണ ലോക ചാമ്പ്യൻ പട്ടം നേടിയെടുക്കാൻ തുണച്ചത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നേട‌ിക്കഴിഞ്ഞ ഈ 28കാരി ഹൈദരാബാദ് സ്വദേശിയാണ്.

2022ൽ ഇസ്താംബുളിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് നിഖാത്ത് ആദ്യം ലോക ചാമ്പ്യനായത്. 2023ൽ ന്യൂഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നിലനിറുത്തി.

2022ൽ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേ‌ടിയിരുന്നു.

2023ൽ നടന്ന ഗ്വാംചോ ഏഷ്യൻ ഗെയിംസിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

2 ഇന്ത്യൻ വനിതകളാണ് ഇതിന് മുമ്പ് ഒളിമ്പിക്സിൽ മെഡൽ നേടിയത്. 2012ൽ മേരികോമും 2020ൽ ലവ്‌ലിന ബോർഗോഹെയ്നും. ലവ്‌ലിന ഇത്തവണയും മത്സരിക്കുന്നുണ്ട്.

Advertisement
Advertisement