തിരുവനന്തപുരം - അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ റെഡ് സിഗ്നലിൽ

Thursday 25 July 2024 2:03 AM IST

തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റിലും അവഗണിച്ചതോടെ തിരുവനന്തപുരം - അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണം പ്രതിസന്ധിയിലായി. സാമ്പത്തിക പ്രതിസന്ധി കാരണം സ്ഥലം ഏറ്റെടുക്കലിന്റെ 25% വഹിക്കാൻ സർക്കാരിന് കഴിയാത്തതാണ് പ്രധാന കാരണം. കിഫ്ബി വഴി പണം നൽകിയാൽ കേന്ദ്ര വ്യവസ്ഥകൾ തിരിച്ചടിയാകും.

ഭൂമിക്ക് പണം മുടക്കിയില്ലെങ്കിൽ ജി.എസ്.ടി വിഹിതവും റോയൽറ്രിയും വേണ്ടെന്നു വയ്ക്കണം. അതും തിരിച്ചടിയാകും. ഒന്നാം പിണറായി സർക്കാരിന്റെ പദ്ധതിയാണ്. നാഷണൽ ഹൈവേ അതോറിട്ടി ഡി.പി.ആറിലേക്ക് കടന്നിരുന്നു.

ദേശീയപാതയുടെ സ്ഥലമേറ്രെടുപ്പിന്റെ 25% സർക്കാരാണ് വഹിക്കുന്നത്. എൻ.എച്ച് 56ന്റെ സ്ഥലമേറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 5200 കോടി വായ്പ എടുത്താണ് കേന്ദ്രത്തിന് നൽകിയത്. ഈ തുക സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് കേന്ദ്രം കുറച്ചത് തിരിച്ചടിയായി. അതുകൊണ്ടാണ് ഇതേ മാതൃകയിൽ പണം നൽകാൻ മടിക്കുന്നത്.

കൊല്ലം – ചെങ്കോട്ട എൻ.എച്ച് 744, ദേശീയപാത 544 ലെ അങ്കമാലി – കുണ്ടന്നൂർ (എറണാകുളം ബൈപ്പാസ്) നിർമ്മാണ സാമഗ്രികളുടെ ജി.എസ്.ടി. വിഹിതവും മണ്ണിന്റെയും കല്ലിന്റെയും റോയൽറ്റിയും ഒഴിവാക്കാമെന്ന് സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. പകരം ഭൂമിയുടെ മുഴുവൻ തുകയും കേന്ദ്രം വഹിക്കും. 741.36 കോടിയുടെ വരുമാനമാണ് സർക്കാർ വേണ്ടെന്നുവച്ചത്. ഇതേ രീതി മറ്റ് പാതകളിലും സ്വീകരിച്ചാൽ വൻ നഷ്ടമുണ്ടാകും

സ്ഥലം ഏറ്രെടുപ്പ് ഉടൻ

കൊല്ലം – ചെങ്കോട്ട, എറണാകുളം ബൈപ്പാസ് സ്ഥലം ഏറ്റെടുപ്പിലേക്ക് നാഷണൽ ഹൈവേ അതോറിട്ടി കടന്നു. വിജ്ഞാപനം ഉടൻ വരും. ആക്ഷേപങ്ങൾ 21 ദിവസത്തിനകം നൽകണം.

കൊല്ലം - ചെങ്കോട്ട പാത: കടമ്പാട്ടുകോണം - ഇടമൺ 187 ഹെക്ടർ

എറണാകുളം ബൈപ്പാസ്: അങ്കമാലി - കുണ്ടന്നൂർ 287 ഹെക്ടർ

ഗ്രീൻഫീൽഡ് ഹൈവേ

എം. സി.റോഡിന് സമാന്തരമായി ആറുവരി പാത. തിരുവനന്തപുരം പുളിമാത്തിൽ തുടങ്ങി കല്ലറ, കടയ്ക്കൽ, അഞ്ചൽ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്‌ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ വഴി അങ്കമാലി വരെ. ആറ് ജില്ലകളിലൂടെയും 13 താലൂക്കുകളിലൂടെയും കടന്നു പോകും. നിർദ്ദിഷ്‌ട വിഴിഞ്ഞം -നാവായിക്കുളം ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കും.നീളം: 257 കിലോമീറ്റർ, വീതി 45മീറ്റർ

Advertisement
Advertisement