സി.പി.എമ്മിന്റെ തിരുത്തലിൽ സർക്കാർ മുഖം മിനുക്കുന്നു

Thursday 25 July 2024 2:03 AM IST

തിരുവനന്തപുരം: സി.പി.എം സംസ്ഥാന നേതൃത്വം നൽകിയ തിരുത്തൽ നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പാക്കി മുഖംമിനുക്കാൻ സർക്കാർ സജ്ജമാകുന്നു. സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങൾ പുനഃപരിശോധിക്കാനുള്ള നിർദ്ദേശങ്ങളടക്കമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന നേതൃയോഗം സർക്കാരിന് നൽകിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസടക്കം കുറയ്ക്കാനുള്ള നടപടികൾ ഉടൻ നടപ്പാക്കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാൻ സർക്കാരിലും സംഘടനയിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്.

സപ്ലൈകോയെ ശക്തിപ്പെടുത്താനും നടപടികൾ സ്വീകരിച്ചേക്കും. തിരഞ്ഞെടുപ്പു കാലത്ത് സ്‌പ്ലൈകോയിൽ നിത്യോപയോഗ സാധനങ്ങളുടെ അപര്യാപ്തത ഏറെ ചർച്ചയായിരുന്നു. ഇതു മറികടക്കാൻ ഫണ്ട് നൽകുന്നതടക്കമുള്ള നടപടികൾ ഉണ്ടായേക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കുടിശികയും സമയബന്ധിതമായി നൽകാനുള്ള നടപടികൾക്കും വേഗം കൂട്ടും. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിയന്തര പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാനാണ് നീക്കം.

സർക്കാർ നടപടികളിലൂടെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രതിച്ഛായ വർദ്ധിപ്പിച്ചാൽ നിലവിലുണ്ടായ തിരിച്ചടി ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശത്തിരഞ്ഞെടുപ്പിലും പരിഹരിക്കാമെന്നാണ് വിലയിരുത്തൽ. നിയമസഭ സമ്മേളനകാലത്ത് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസ്താവനയുടെ തുടർച്ചയായാണ് നടപടികൾ വേഗത്തിലാക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ക്ഷേമപെൻഷൻ വിതരണമടക്കം കാര്യക്ഷമമാക്കാനും തീരുമാനമുണ്ട്. സർക്കാർ നടപടികൾക്കു പുറമേ സംഘടനാതലത്തിൽ പാർട്ടി അംഗീകരിച്ച തിരുത്തൽ നടപടികൾക്കും വേഗം കൂടും.

Advertisement
Advertisement