വസ്തു നികുതിക്ക് 5% റിബേറ്റ്

Thursday 25 July 2024 2:05 AM IST

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം (ഏപ്രിൽ 30നകം) ഒടുക്കുന്നവർക്ക് അഞ്ചു ശതമാനം റിബേറ്റ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നികുതിദായകർക്ക് നൽകുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. പെർമിറ്റ് ഫീസിനൊപ്പം വർദ്ധിപ്പിച്ച വസ്തുനികുതിയും കുറയ്ക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ, അഞ്ചു വർഷം കൂടുമ്പോൾ 25 ശതമാനം വസ്തുനികുതി വർദ്ധിപ്പിക്കണമെന്നത് ധനകാര്യ കമ്മിഷന്റെ ശുപാർശയും ആക്ടിലുള്ള വ്യവസ്ഥയുമാണ്. ഈ വർദ്ധന ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് റിബേറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചത്.

2018 ഏപ്രിലിൽ നടപ്പാക്കേണ്ടിയിരുന്ന നികുതി പരിഷ്‌കരണം കൊവിഡും രണ്ട് പ്രളയങ്ങളും മൂലം മാറ്റിവെച്ച് 2023ലാണ് നടപ്പിലാക്കിയത്. അഞ്ചുവർഷത്തിലൊരിക്കൽ 25 ശതമാനം ഒറ്റയടിക്ക് വർദ്ധിപ്പിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നതിനാൽ ആക്ടിൽ ഭേദഗതി വരുത്തി ഓരോ വർഷവും അഞ്ചു ശതമാനം വീതമാക്കി. നികുതിയായി ലഭിക്കുന്നതിൽ നിന്ന് ഒരു രൂപ പോലും സർക്കാരിനില്ല. പൂർണമായും ഈ തുക തദ്ദേശസ്ഥാപനങ്ങളാണ് വിനിയോഗിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.