കശുഅണ്ടി ഇറക്കുമതി അഴിമതി: പ്രോസിക്യൂഷൻ അനുമതിക്ക് ഹൈക്കോടതി നിർദ്ദേശം

Thursday 25 July 2024 12:11 AM IST

കൊച്ചി: കശുഅണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി നടത്തിയെന്ന കേസിൽ സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം പുതിയ തീരുമാനമെടുക്കണം. അതുവരെ തിരുവനന്തപുരം സി.ജെ.എം കോടതിയിലെ തുടർനടപടികൾ മരവിപ്പിച്ചു.

സി.ബി.ഐ കേസിലെ ഒന്നും മൂന്നും പ്രതികളായ രതീഷിനെയും ചന്ദ്രശേഖരനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചതിനെതിരെ കൊല്ലം സ്വദേശി കടകംപള്ളി മനോജ് സമർപ്പിച്ച ഹർജി ഭാഗികമായി അനുവദിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. തങ്ങൾക്കെതിരായ സി.ബി.ഐയുടെ അന്തിമ റിപ്പോർട്ടും സി.ജെ.എം കോടതിയുടെ തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖരനും രതീഷും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി.

2006-2015 കാലഘട്ടത്തിൽ കാഷ്യൂ കോർപ്പറേഷൻ അസംസ്കൃത കശുഅണ്ടി ഇറക്കുമതി ചെയ്തതിലാണ് കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും ആരോപിക്കപ്പെട്ടത്. പ്രാദേശിക വിപണിയിൽ നിന്ന് അസംസ്കൃത കശുഅണ്ടി വാങ്ങാൻ സർക്കാർ ഇക്കാലയളവിൽ 80 കോടി രൂപ അനുവദിച്ചെങ്കിലും പ്രതികൾ ക്രിമനൽ ഗൂഢാലോചന നടത്തി വിദേശത്തുനിന്നടക്കം ഇറക്കുമതി നടത്തിയെന്നായിരുന്നു ആരോപണം.

ഹ‌ർജിക്കാരന്റെ പരാതിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം 2016ൽ കൊച്ചി സി.ബി.ഐ യൂണിറ്റ് അന്വേഷണം ഏറ്റെടുത്തു. കെ.എ. രതീഷ്, മുൻ ചെയർമാൻ ഇ. കാസിം, ആർ. ചന്ദ്രശേഖരൻ, കോട്ടയം ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജെയ്മോൻ ജോസഫ് എന്നിവരായിരുന്നു പ്രതികൾ. അഴിമതി സ്ഥിരീകരിച്ച് 2020 ഡിസംബർ 30ന് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. അതിന് മുമ്പ് കാസിം മരിച്ചു. രതീഷിനെയും ചന്ദ്രശേഖരനെയും പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാർ അനുമതി നിഷേധിച്ചതിനാൽ അന്വേഷണസംഘത്തിന്റെ അഭ്യർത്ഥനപ്രകാരം സി.ബി.ഐ കോടതിയിൽ നിന്ന് കേസ് സി.ജെ.എം കോടതിയിലേക്ക് മാറ്റി. സി.ജെ.എം കോടതി വിചാരണയ്ക്ക് നടപടിയെടുത്തപ്പോഴാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
Advertisement