ട്രക്കിൽ ജീവന്റെ തുടിപ്പിനായി പ്രാർത്ഥനയോടെ കുടുംബം അർജുന്റെ ട്രക്ക് ഗംഗാവലിയിൽ കണ്ടെത്തി

Thursday 25 July 2024 2:53 AM IST

കോഴിക്കോട്: ട്രക്ക് പുഴയിലുണ്ടെന്ന വിവരം സ്ഥിരീകരിക്കുമ്പോൾ ആശ്വസിക്കണോ കരയണോ എന്നറിയാതെ വിങ്ങുകയായിരുന്നു അർജുന്റെ കുടംബം. ആ ട്രക്ക് അർജുൻ ഓടിച്ചതാണെങ്കിൽ ജീവന്റെ തുടിപ്പെങ്കിലും ബാക്കി വയ്ക്കണമേ എന്നാണ് പ്രാർത്ഥന. വിവരം തേടിയെത്തുന്നവർക്ക് മുന്നിൽ ഭാര്യ കൃഷ്ണപ്രിയയും അമ്മയും കെെകൂപ്പി നിൽക്കുകയാണ്. അവരൊന്നും മിണ്ടിയില്ല.

ഇന്നലെ വെെകിട്ടോടെയാണ് അർജുൻ ഓടിച്ച ട്രക്ക് ഗംഗാവലിയുടെ അടിത്തട്ടിലുണ്ടെന്ന് കണ്ടെത്തിയത്. ആദ്യം കർണാടക മന്ത്രിയും പിന്നീട് എസ്.പിയും സ്ഥിരീകരിച്ചു. വാർത്ത പരന്നതോടെ കണ്ണും നട്ടിരിക്കുകയാണ് കുടംബം. തിരച്ചിലിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും പ്രതീക്ഷയിലായിരുന്നു നാടും വീടും. അർജുനെ കാണാതായതു മുതൽ കുടുംബം മുട്ടാത്ത വാതിലുകളില്ല.

കർണാടക പൊലീസിനും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി. ആദ്യ ഘട്ടത്തിൽ തെരച്ചിൽ മന്ദഗതിയിലായത് കുടുംബത്തെ അങ്ങേയറ്രം വേദനിപ്പിച്ചു. രാഷ്ട്രീയ ഭേദമെന്യേ കേരളക്കര അർജുനായി ഒരുമിച്ചപ്പോഴാണ് തെരച്ചിലിനു വേഗം കൂടിയത്. അർജുനെ കാണാതായ ദിവസവും അടുത്ത ദിവസവും ഫോൺ റിംഗ് ചെയ്തിരുന്നുവെന്നതും വാഹനത്തിന്റെ ജി.പി.എസ് ട്രാക്ക് ചെയ്തത് മണ്ണിടിഞ്ഞ സ്ഥലത്താണെന്നതും കുടുംബത്തിന് പ്രതീക്ഷയേകി. മണ്ണ് മാറ്റുന്നതിൽ കാലതാമസമുണ്ടായതോടെ കുടുംബം ആവശ്യപ്പെട്ടത് പ്രകാരം കരസേനയും നാവികസേനയും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. തെരച്ചിൽ ദിവസം പിന്നിടുന്തോറും ലഭിച്ചിരുന്ന സൂചനകൾക്കെല്ലാം അൽപ്പായുസായിരുന്നു.

ആധുനിക സംവിധാനങ്ങളുണ്ടായിട്ടും തെരച്ചിൽ ഫലം കാണാത്തതിൽ കുടുംബം നിരാശരായിരുന്നു. വേദന കടിച്ചമർത്തി 'മനുഷ്യ ജീവന് ഇത്ര വിലയെ കൽപിക്കുന്നുള്ളൂവോ" എന്ന അമ്മയുടെ വാക്കുകൾ ഹൃദയം പൊള്ളിക്കുന്നതായിരുന്നു.

ദുഷ്കരമായ പല സാഹചര്യങ്ങളിലും സുരക്ഷിതമായി വീട്ടിലെത്തിയ അർജുൻ മനക്കരുത്ത് വിടാതെ ഈ ദുരന്തവും തരണം ചെയ്യുമെന്നാണ് കുടുംബം ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ജൂലായ് എട്ടിനാണ് കർണാടകയിലേക്ക് മരം കയറ്റാനായി അർജുൻ പോയത്. 16ന് പുലർച്ചെ ഭാര്യ കൃഷ്ണപ്രിയയെ വിളിച്ചിരുന്നു. പിന്നീട് ഫോൺ വിളികൾക്ക് മറുപടിയില്ലാതായി. ജീവിത പ്രയാസങ്ങളോട് പൊരുതി വളർന്ന അർജുൻ, കുടുംബം പുലർത്താനായി 23-ാം വയസിലാണ് വലിയ വാഹനത്തിന്റെ വളയം പിടിച്ചുതുടങ്ങിയത്.

Advertisement
Advertisement