സാങ്കേതിക സർവകലാശാലയ്ക്ക് 378 കോടിയുടെ ബഡ്ജറ്റ് നാല് പി.ജി പഠന വകുപ്പുകൾ, ഓട്ടോമേറ്റഡ് ചോദ്യ ബാങ്ക്

Friday 26 July 2024 12:04 AM IST

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ സംരംഭകത്വ താത്പര്യം വളർത്തുന്നതിനുള്ള ക്യാമ്പസ് ഇൻഡസ്ട്രിയൽ റിസർച്ച് പാർക്ക് എൻജിനിയറിംഗ് കോളേജുകളിൽ തുടങ്ങുന്നതിന് 10കോടിയടക്കം വകയിരുത്തി സാങ്കേതിക സർവകലാശാലക്ക് 378 കോടിയുടെ ബഡ്ജറ്റ്. സർവകലാശാലയും വ്യവസായമേഖലയും ചേർന്ന് കുറഞ്ഞത് 5 സംരംഭങ്ങൾ സൃഷ്ടിക്കും. 234 കോടി രൂപ വരവും 378 കോടി രൂപ ചെലവും 144 കോടി രൂപയുടെ കമ്മിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ധനകാര്യ സമിതി അദ്ധ്യക്ഷൻ ഡോ.പി.കെ. ബിജുവാണ് ബോർഡ് ഒഫ് ഗവർണേഴ്സ് യോഗത്തിൽ അവതരിപ്പിച്ചത്.

നാല് പി.ജി പഠന വകുപ്പുകൾ ഈ വർഷം മുതൽ ആരംഭിക്കുന്നതിന് യൂണിവേഴ്സിറ്റി ചെയർ സ്ഥാപിക്കും. 1.4 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. വിളപ്പിൽശാലയിൽ അന്താരാഷ്ട്ര ശാസ്ത്ര വ്യപാര പ്രദർശന കേന്ദ്രം സ്ഥാപിക്കുന്നതിനായി 50ലക്ഷം രൂപ ആദ്യ ഗഡുവായി അനുവദിച്ചു. എഡ്യുടെയ്ൻമെന്റ് മേഖലയെ ശാക്തീകരിക്കുന്നതിന് 1.25 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആനിമേഷൻ, വിഷ്വൽ ഇഫക്‌റ്റുകൾ, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റൻഡഡ്‌ റിയാലിറ്റിഎന്നിവയിലാണ് തുക ചെലവഴിക്കുക. ഒരു കോടി രൂപ ചെലവിൽ യൂണിവേഴ്സിറ്റി ലൈബ്രറിയും 50 ലക്ഷം രൂപ ചെലവിൽ കിൻഫ്രാ പാർക്കിൽ യൂണിവേഴ്സിറ്റി ഐ.ടി സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സെന്ററും സ്ഥാപിക്കും.

ഓട്ടോമേറ്റഡ് ചോദ്യ ബാങ്ക് വികസിപ്പിക്കാൻ 2 കോടി

10 സോഷ്യൽ ലാബുകൾക്കായി 60 ലക്ഷം

വിദ്യാർത്ഥികൾക്ക് കരിയർ പോർട്ടലിന്: 50 ലക്ഷം

അഫിലിയേറ്റഡ് കോളേജുകളുടെ മികവ് ഉറപ്പു വരുത്താൻ 2 കോടി രൂപ

അന്താരാഷ്ട്ര ഹോസ്റ്റൽ, അതിഥി മന്ദിരം, ഡാറ്റ സെന്റർ:10 കോടി വീതം

സ്റ്റാർട്ടപ്പ് ഉത്പന്നം പുറത്തിറക്കിയാൽ ക്രെഡിറ്റ്

കോഴ്‌സ് കാലയളവിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ച് ഉത്പന്നം പുറത്തിറക്കുന്ന വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ് നൽകാനും തീരുമാനമായി. കഴിഞ്ഞയാഴ്ച സർവകലാശാല സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പിലെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത വ്യവസായ മന്ത്രിയുടെ നിർദ്ദേശം സർവകലാശാല അംഗീകരിക്കുകയായിരുന്നു. ഈ വർഷത്തെ ബിരുദദാന ചടങ്ങ് ഓഗസ്റ്റിൽ നടത്താനും ബോർഡ് ഒഫ് ഗവർണേഴ്‌സ് യോഗം തീരുമാനിച്ചു.