കെൽട്രോണിന് 17 കോടിയുടെ കരാർ

Friday 26 July 2024 12:17 AM IST

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ ഉപകമ്പനിയായ കുറ്റിപ്പുറം കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിന് (കെ.ഇ.സി.എൽ) പ്രതിരോധ മേഖലയിൽ നിന്ന് 17കോടിയുടെ പുതിയ കരാർ ലഭിച്ചു. പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിൽ നിന്നും കെ.ഇ.സി.എല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

ഇന്ത്യൻ നാവികസേനയുടെ എ.എസ്.ഡബ്ല്യു ഷാലോ വാട്ടർ ക്രാഫ്റ്റിലെ സോണാറുകൾക്ക് ആവശ്യമായ 2000ലധികം നൂതന ട്രാൻസ്ഡ്യൂസർ എലമെന്റുകൾ നിർമ്മിച്ചു നൽകുന്നതിനാണ് ബംഗളൂരിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നൽകിയത്.

സമുദ്രത്തിനടിയിലുള്ള ശബ്ദ തരംഗങ്ങളിലൂടെ കപ്പലുകളുടെയും അന്തർവാഹിനികളുടെയും സാന്നിദ്ധ്യം തിരിച്ചറിയുന്നതിനുള്ള ഉപകരണങ്ങളായ ഹൈഡ്രോഫോണുകളുടെ ഘടകമാണ് ട്രാൻസ്ഡ്യൂസറുകൾ. പ്രതിരോധ രംഗത്ത് കെൽട്രോൺ കൈവരിച്ച സാങ്കേതിക മികവിനുള്ള അംഗീകാരമാണിതെന്ന് പി. രാജീവ് പറഞ്ഞു.

Advertisement
Advertisement