ആശങ്കയോടെ റിയൽ എസ്‌റ്റേറ്റ് നിക്ഷേപകർ
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും
കൊച്ചി: ഭൂമി വില്പനയിൽ നിന്നുള്ള മൂലധന നേട്ട നികുതി കണക്കാക്കുന്നതിൽ ഇൻഡക്‌സേഷൻ ഒഴിവാക്കാനുള്ള കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് വൻ തിരിച്ചടി സൃഷ്ടിച്ചേക്കും. സംസ്ഥാനത്ത് ഭൂമി വിലയിലെ വർദ്ധന പ്രതിവർഷം പത്ത് ശതമാനത്തിലും താഴെയായതിനാൽ പുതിയ നിർദ്ദേശം നിക്ഷേപകർക്കും ഭൂഉടമകൾക്കും വലിയ ബാദ്ധ്യതയായി മാറുമെന്നാണ് വിലയിരുത്തുന്നത്. ഭൂമി, വീട് എന്നിവയുടെ മൂലധന നേട്ട നികുതി 20 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ബഡ്‌ജറ്റിൽ കുറച്ചതിനൊപ്പമാണ് ഇൻഡക്സേഷൻ ഒഴിവാക്കിയത്. നികുതിയിലെ കുറവ് ഭവന വിപണിക്ക് ഗുണമാകുമെന്നാണ് ധനമന്ത്രി അവകാശപ്പെട്ടിരുന്നു.
എന്നാൽ നാണയപ്പെരുപ്പത്തിന്റെ സ്വാധീനം കണക്കിലെടുത്ത് മൂലധന നേട്ടം കണക്കാക്കുന്ന ഇൻഡക്സേഷൻ സംവിധാനം ഇല്ലാതാകുന്നതോടെ ഭൂമി ഇടപാടുകളിൽ നികുതി ബാദ്ധ്യത കൂടുമെന്ന ആശങ്ക ശക്തമാണ്. നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങിയപ്പോൾ വില കുറച്ച് രജിസ്ട്രേഷൻ നടത്തിയവർക്കും പുതിയ നിർദേശം വിനയാകും. 2001 മാർച്ച് 31ന് ശേഷം വാങ്ങിയ ഭൂമി ഇടപാടുകൾക്കാണ് ഇൻഡക്സേഷൻ ഒഴിവാക്കുന്നത്. അതേസമയം
നിക്ഷേപമെന്ന നിലയിൽ സമീപകാലത്ത് വാങ്ങിയ ഭൂമി വില്ക്കുന്നവർക്ക് മൂലധന നേട്ട നികുതിയിലെ കുറവ് ഗുണമാകും
ഇൻഡക്‌സേഷൻ
നാണയപ്പെരുപ്പ സൂചിക കൂടി കണക്കിലെടുത്ത് മൂലധന നേട്ടം കണക്കാക്കുന്ന സംവിധാനമാണ് ഇൻഡക്‌സേഷൻ. ഭൂമി കൈവശമുള്ള കാലയളവിന് അനുസരിച്ച് നിക്ഷേപകരുടെ നികുതി ബാദ്ധ്യത കുറയാൻ ഇൻഡക്സേഷൻ വലിയ തോതിൽ സഹായമായിരുന്നു. ഇത്തവണ ബഡ്‌ജറ്റിൽ ഈ ആനുകൂല്യം പൂർണമായും ഒഴിവാക്കി.
കേരളത്തിന് തിരിച്ചടിയാകും
കൊവിഡിന് ശേഷം സംസ്ഥാനത്തെ ഭൂമി വിലയിൽ കാര്യമായ വർദ്ധന ദൃശ്യമാകാത്തതിനാൽ പുതിയ നികുതി പരിഷ്‌കാരം കേരളത്തിന് വലിയ തിരിച്ചടിയാകും. നാണയപ്പെരുപ്പ നിരക്കിനേക്കാൾ ഭൂമി വിലയിൽ വർദ്ധനയുണ്ടായാൽ മാത്രമേ മൂലധന നേട്ട നികുതിയിലുണ്ടായ കുറവിന്റെ പ്രയോജനം നിക്ഷേപകർക്ക് ലഭിക്കൂവെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായ കെ. റിജാസ് പറയുന്നു.