'ഫ്രഞ്ച് ഓപ്പൺ'
ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ ഇന്ന് തിരിതെളിയും.
ഇനിയുള്ള രണ്ടരയാഴ്ചക്കാലം ഈഫലിന് താഴെ പുതിയ വേഗവും ഉയരവും തേടിയുള്ള കായിക പ്രതിഭകളുടെ മിന്നലാട്ടങ്ങൾ കൺനിറയെ കാണാൻ ലോകം മുഴുവൻ പാരീസിലേക്ക് കണ്ണും കാതും കൂർപ്പിച്ചിരിക്കും.
സെൻ സൈൻ
പാരീസിന്റെ മടിത്തട്ടായ സെൻ നന്ദിയിൽ ഇന്ത്യൻ സമയംഇന്ന് രാത്രി 11 മുതലാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുന്നത്. ആദ്യമായാണ് ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നദിയിൽ നടക്കുന്നത്. 6 കിലോമീറ്റർ ദൂരം സെൻ നദിയിലൂടെ ബോട്ടുകളിൽ താരങ്ങളെ മാർച്ച് പാസ്റ്റ് ചെയ്യിച്ച് നദിക്കരയിലെ താത്കാലിക വേദിയിൽ എത്തിക്കും.
ദീപം തെളിക്കൽ ഉൾപ്പെടെ ഇവിടെയാണ് നടക്കുക. പാരീസ് നഗരം തന്നെ ഒരു സ്റ്റേഡിയമായിമാറുന്ന രീതിയിലാണ് ഇത്തവണ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഉദ്ഘാടനച്ചടങ്ങുകളുടെ സംവിധായകൻ. ഉദ്ഘാടനച്ചടങ്ങുകളും പരിപാടികളും മൂന്ന് മണിക്കൂറോളം നീണ്ടുനിൽക്കും.
നാലായിരത്തോളം നർത്തകരും മൂവായിരത്തോളം മറ്റ് കലാകാരൻമാരും പങ്കെടുക്കുന്ന പരിപാടികളിൽ ഫ്രഞ്ച് സംസ്കാരത്തിന്റെ പരിച്ഛേദം കാണാനാകും. സെലിൻ ഡിയോൺ, ലേഡി ഗാഗ,അയാ നകമുറ തുടങ്ങിയ ലോക പ്രശസ്ത ഗായകരെല്ലാം ഉദ്ഘാടനച്ചടങ്ങിൽ അണിനിരക്കുമെന്നാണ് വിവരം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുേൽ മാക്രോൺ ഉൾപ്പെടെയുള്ള പ്രമുഖരും ഉണ്ടാകും.
ഓളപരപ്പിലൂടെ
777കിലോമീറ്റർ നീളമുള്ള സെൻനദിയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് ഇത്തവണത്തെ ഒളിമ്പിക്സിന്റെ പ്രധാന ആകർഷണം. 6 കിലോമീറ്ററോളം ദൂരമാണ് നദിയിലൂടെയുള്ള മാർച്ച് പാസ്റ്റ് നടക്കുന്നത്. 10,500 ഓളം കായിക താരങ്ങൾ 94 ഓളം ബോട്ടുകളിലായി സെൻ നദിയിലൂടെ നടക്കുന്ന മാർച്ച് പാസ്റ്റിൽ പങ്കെടുക്കും.
ഒസ്റ്റെർലിറ്റ്സ് പാലത്തിനരികിൽ നിന്നാണ് മാർച്ച് പാസ്റ്റ് ആരംഭിക്കുന്നത്. തുടർന്ന് പാരീസിലെ പൈതൃക ഭാഗങ്ങളായ നോട്രെ ഡാമെ,പോൻട് ഡെസ് ആർട്സ് പാലം,പോണ്ട് നെഫ്യു പാലം തുടങ്ങിയവയെല്ലാം കടന്ന് ട്രോക്കഡെറോയിൽ അവസാനിക്കും. ഒരു ലക്ഷത്തോളം പേർക്ക് ടിക്കറ്റെടുത്ത് നദിക്കരയിൽ പ്രത്യേകം ക്രമീകരിച്ചയിടങ്ങളിൽ നിന്ന് മാർച്ച് പാസ്റ്റ് കാണാനാകും.
പതാകയുമായി സിന്ധുവും
ശരത്തും
രണ്ട് ഒളിമ്പിക്സ് മെഡൽ നേടിയിട്ടുള്ള ബാഡ്മിന്റൺ വിസ്മയം പി.വി സിന്ധുവും ടേബിൾ ടെന്നിസിലെ പ്രായം തളർത്താത്ത പോരാളി അചന്ത ശരത്ത് കമലുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തുക. ബാഡ്മിന്റണിൽ നിന്നും ടിടിയിൽ നിന്നും ഒളിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തുന്ന ആദ്യ താരങ്ങളാണ് ഇരുവരും.
മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പുരുഷ താരങ്ങൾക്ക് കുർത്തയും ബുണ്ടിയും വനിതാ താരങ്ങൾക്ക് സാരിയുമാണ് വേഷം.117 അത്ലറ്റുകളാണ ് ഇന്ത്യയുടെ ഒളിമ്പിക്സ് സംഘത്തിലുള്ളത്. ഇതിൽ 5 പേർ റിസർവ് താരങ്ങളാണ്.
ലൈവ്
സ്പോർട്സ് 18യിലും ഫ്രീയായി
ജിയോ സിനിമയിലും