കേന്ദ്രസർക്കാർ കനിഞ്ഞാൽ കൊല്ലത്തിന്റെ മുഖം മാറും, വരുന്നത് വൻപദ്ധതി
കൊല്ലം: കഴക്കൂട്ടം-കണ്ണൂർ ഐ.ടി കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള കൊല്ലം നഗരപരിധിയിൽ സ്ഥാപിക്കുന്ന കൂറ്റൻ ഐ.ടി പാർക്കിന് രണ്ട് മാസത്തിനകം ഭൂമി കണ്ടെത്താൻ തീരുമാനം.
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഐ.ടി പാർക്കിന് തറക്കല്ലിടാനും ആലോചനയുണ്ട്. സർക്കാർ ഭൂമി കൈമാറിക്കിട്ടുന്നതിൽ തടസമുണ്ടായാലേ സ്വകാര്യ ഭൂമിയെക്കുറിച്ച് ആലോചിക്കൂ.
ആദ്യഘട്ടത്തിൽ കൊല്ലത്തും കണ്ണൂരുമാണ് കൂറ്റൻ ഐ.ടി പാർക്കുകൾ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന് പുറമേ തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉപഗ്രഹ പാർക്കുകൾക്കും സ്ഥലം കണ്ടെത്തിയെങ്കിലും കൊല്ലത്ത് മാത്രം സ്ഥലം കണ്ടെത്തൽ നീളുകയാണ്. അതുകൊണ്ട് തന്നെ പദ്ധതിയിലേക്ക് സ്വകാര്യ പങ്കാളിത്തത്തിന് സർക്കാർ ക്ഷണിച്ച താല്പര്യപത്രത്തിൽ കൊല്ലത്തെ ഭൂമികളൊന്നും ഉൾപ്പെടുത്തിയിരുന്നില്ല.
കൂറ്റൻ ഐ.ടി പാർക്കിന് കുറഞ്ഞത് 25 ഏക്കറെങ്കിലും കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. ഇത് ലഭ്യമാകാത്ത സാഹചര്യത്തിൽ 10 മുതൽ 15 ഏക്കർ വരെയെങ്കിലും വിസ്തീർണമുള്ള ഭൂമികളാണ് ഇപ്പോൾ പരിഗണിക്കുന്നത്.
ലക്ഷ്യമിടുന്നത് സർക്കാർ ഭൂമി
പാർവതി മിൽ ഭൂമി വിട്ടുകിട്ടാൻ കേന്ദ്ര സർക്കാരുമായി ആശയവിനിമയം തുടരുന്നു
മറ്റ് രണ്ട് സർക്കാർ ഭൂമികളുടെ രേഖകളും പരിശോധിക്കുന്നു
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
ഭൂമി ഏറ്റെടുക്കൽ ചെലവ് ഒഴിവാക്കാൻ സ്വകാര്യ ഭൂമിക്കായുള്ള ശ്രമം ഉപേക്ഷിച്ചു
ഐ.ടി കോറിഡോർ
കഴക്കൂട്ടം ടെക്നോപാർക്ക് ഫെയ്സ് 3- കൊല്ലം ചേർത്തല- എറണാകുളം എറണാകുളം- കൊരട്ടി കോഴിക്കോട്- കണ്ണൂർ
ജില്ലയിൽ കൂറ്റൻ ഐ.ടി പാർക്ക് - 01
മിനി ഐ.ടി പാർക്ക് - 05
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള ഭൂമികളുമായി ബന്ധപ്പെട്ട പരിശോധന നടന്നുവരികയാണ്.
കെ.എസ്.ഐ.ടി.ഐ.എൽ അധികൃതർ