മേൽശാന്തിക്ക് ഒരു കോടി കടാക്ഷം
Friday 26 July 2024 2:27 AM IST
കട്ടപ്പന : നിത്യോപാസകന് ഒടുവിൽ ഭഗവാന്റെ കടാക്ഷം. കട്ടപ്പന മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രം മേൽശാന്തി മധുസൂദനനാണ് ഒരു കോടി രൂപയുടെ ഭാഗ്യം.
ബുധനാഴ്ച നറുക്കെടുത്ത ഫിഫ്ടി ഫിഫ്ടി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ലഭിച്ചത്. 20 വർഷമായി മേപ്പാറ ക്ഷേത്രത്തിൽ മേൽശാന്തിയാണ് മധുസൂദനൻ. ഇരുപതേക്കർ കൃഷ്ണ ലോട്ടറി ഏജൻസിയിൽ നിന്ന് വാങ്ങിയ എഫ്.ടി 506060 നമ്പർ ടിക്കറ്റിനാണ് സമ്മാനം.
സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. മുമ്പ് ചെറിയ തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് ഒറ്റ നമ്പരിന്റെ വ്യത്യാസത്തിൽ ഒന്നാം സമ്മാനമായ എഴുപത് ലക്ഷം നഷ്ടമായിരുന്നു. ഭാര്യ ആതിര. മക്കൾ: വൈഷ്ണവ്, വൈഗാലക്ഷമി. മേൽശാന്തിക്ക് ഭഗവൽഭക്തരുടെ അഭിനന്ദന പ്രവാഹമാണ്.