സേവനം ചെയ്യാൻ ഈ 'താടിസംഘം'

Friday 26 July 2024 2:30 AM IST
കേരള ബിയേഡ് സൊസെെറ്റി അംഗങ്ങൾ

തൃശൂർ: എല്ലാ വർഷവും നവംബറിൽ താടി വടിക്കാതെ, ആ തുക ജീവകാരുണ്യത്തിനായി മിച്ചം വച്ച് 1200 ഓളം താടിക്കാരൻന്മാർ. കാൻസർ രോഗികൾക്കായി ഇവർ ഇതുവരെ സമാഹരിച്ചു നൽകിയത് ഏകദേശം എട്ടു ലക്ഷം രൂപ. ഏഴു വർഷം മുമ്പ് കേരള ബിയേഡ് സൊസൈറ്റി (കെ.ബി.എസ്) രൂപീകരിച്ചതു മുതലാണ് ഈ സേവനം.

'നോ ഷേവ് നവംബർ' കാമ്പയിനിൽ ചില അംഗങ്ങൾ കൂടുതൽ തുക നൽകും. 2003ൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ ഒമ്പത് താടിക്കാരാണ് 'നോ ഷേവ്' കാമ്പയിൻ തുടങ്ങിയത്. പല സംഘടനകളും ഇത് ഏറ്റെടുത്തെങ്കിലും ഇന്ത്യയിൽ ഏറ്റവുമധികം ആളുകളെ കാമ്പയിനിൽ പങ്കെടുപ്പിച്ചതിന്റെ റെക്കാഡ് തങ്ങൾക്കാണെന്ന് ഭാരവാഹികൾ പറയുന്നു.

കാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാൻ തൃശൂർ അമല ആശുപത്രിയുമായി സഹകരിച്ചും അംഗങ്ങൾ താടിയും മുടിയും നൽകാറുണ്ട്. സംഘടനയ്ക്ക് പുറത്തുള്ളവരെയും സഹകരിപ്പിച്ച് നാല് മാസത്തിലൊരിക്കൽ 120 - 240 പേർ നൽകും. അടുത്തിടെ ഏഴംഗങ്ങൾ 17 സെന്റിമീറ്ററിലധികം വളർന്ന താടിമുടി നൽകി. കിഡ്‌നിയും കരളും ദാനം ചെയ്ത അംഗങ്ങളുമുണ്ട്. അംഗങ്ങളുടെ സാമ്പത്തിക സഹായത്തോടെ വീൽചെയർ, പഠനോപകരണ വിതരണം, രക്തദാനം, പാവങ്ങൾക്ക് ഭക്ഷണവിതരണം എന്നിവയും നടത്തുന്നു.

ലഹരിക്കാർ പുറത്ത്

ലഹരി ഉപയോഗിക്കാത്തവർക്കാണ് സംഘടനയിൽ അംഗത്വം. ഉപയോഗിക്കുന്നതായി തെളിഞ്ഞാൽ പുറത്താക്കും. സ്വഭാവ പശ്ചാത്തലം പരിശോധിച്ചേ അംഗത്വം നൽകാറുള്ളൂ. സംഘടനയിൽ കൂടുതൽ നീളമുള്ള താടിയുള്ളത് പാലക്കാട്ടെ ദർവേഷിനാണ്. സേവനസന്നദ്ധരെങ്കിൽ താടിയില്ലാത്തവർക്കും അംഗമാകാം. നിലവിൽ ഖത്തർ, ഒമാൻ, അമേരിക്ക, കുവൈറ്റ് എന്നിവിടങ്ങളിലും അംഗങ്ങളുണ്ട്.

''സംസ്ഥാനതല സേവന പരിപാടികൾക്കു പുറമെ ജില്ലാക്കമ്മിറ്റികളും അംഗങ്ങളും സ്വന്തം നിലയ്ക്കും സേവനം നടത്താറുണ്ട്.

- ഷഫീക്ക് സുലൈമാൻ, സംസ്ഥാന പ്രസിഡന്റ്, കേരള ബിയേഡ് സൊസൈറ്റി

Advertisement
Advertisement