കർക്കടക വാവുബലിക്ക് വിപുലമായ ഒരുക്കങ്ങൾ

Friday 26 July 2024 2:41 AM IST

തിരുവനന്തപുരം: കർക്കടക വാവുബലിക്കായി ദേവസ്വം വകുപ്പ് വിപുലമായ സൗകര്യങ്ങളൊരുക്കും. വാവുബലി ദിനമായ ഓഗസ്റ്റ് മൂന്നിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 20 ഗ്രൂപ്പുകളിൽ 15 ഗ്രൂപ്പുകളിലും ബലിതർപ്പണ കേന്ദ്രങ്ങളുണ്ട്. ബലിതർപ്പണത്തിന് പ്രസിദ്ധമായ തിരുവല്ലം, ശംഖുംമുഖം, വർക്കല, തിരുമുല്ലവാരം, ആലുവ അരുവിക്കര എന്നിവിടങ്ങളിൽ പതിനായിരക്കണക്കിന് ഭക്തർ ബലിതർപ്പണം നടത്തും. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ രണ്ടുമണി മുതലാണ് ബലിതർപ്പണം.

ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിന് 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് ഫീസ്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും പുലർച്ചെ നാലിനാണ് തർപ്പണം ആരംഭിക്കുന്നത്. ഉച്ചവരെ നീളും.

ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിലും മണ്ഡപങ്ങളിലും കടവിലും പുരോഹിതരെയും സഹപുരോഹിതരെയും നിയമിക്കുന്നുണ്ട്. പ്രവർത്തനം ഏകോപിപ്പിക്കാൻ സ്‌പെഷ്യൽ ഓഫീസർമാരെയും മുന്നൊരുക്കം വിലയിരുത്താൻ സർക്കാർ വകുപ്പുകളെയും തദ്ദേശസ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി. അപകടസാദ്ധ്യതയുള്ള കടവുകളിൽ ഫയർ ഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനം ഉറപ്പാക്കുന്നതായി ദേവസ്വം മന്ത്രി വി. എൻ.വാസവൻ അറിയിച്ചു.

Advertisement
Advertisement