ഉത്തരേന്ത്യൻ വ്യാപാരികളുടെ കള്ളക്കളി തന്ത്രം; കേരളത്തിലെ കർഷകർ 'റാണി' കൃഷി അവസാനിപ്പിക്കുന്നു
സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയെന്നറിയപ്പെടുന്ന ഏലം, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗുണനിലവാരത്തിൽ ഉത്പാദിപ്പിക്കുന്നത് ഇടുക്കിയിലാണ്. കാർഡമം ഹിൽ റിസർവ് (സി.എച്ച്.ആർ) കേന്ദ്രീകരിച്ചായിരുന്നു ഹൈറേഞ്ചിൽ ഏലംകൃഷി ഉണ്ടായിരുന്നത്. 1995- 2000 കാലഘട്ടത്തിൽ രാജ്യാന്തര വിപണിയിൽ ഏലത്തിന് ആവശ്യക്കാർ കൂടിയതോടെ അപ്രതീക്ഷിതമായി വില ഉയർന്നു. 3500- 4000 നിരക്കിലാണ് അന്ന് ഏലയ്ക്ക വിറ്റത്. ഉയർന്ന വില മാറ്റമില്ലാതെ നിലനിന്നതോടെ സാധാരണ കർഷകരും ഏലം കൃഷിയിലേക്ക് തിരിഞ്ഞു.
പച്ചപ്പൊന്നിന്റെ വില 7000 വരെ ഉയർന്നതോടെ കാപ്പി, കുരുമുളക് തുടങ്ങിയവ ഉപേക്ഷിച്ച് ഏലം കൃഷി വ്യാപകമാക്കി. പിന്നീട് പതിയെ കൂപ്പുകുത്തിയ വില കൊവിഡിന് ശേഷമാണ് ഭേദപ്പെട്ട വില ലഭിച്ചുതുടങ്ങിയത്. എന്നാൽ ഇപ്പോൾ ഏലം കൃഷി പാടെ ഉപേക്ഷിക്കാനൊരുങ്ങുകയാണ് ഹൈറേഞ്ചിലെ കർഷകർ. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപ്രതീക്ഷിത വേനൽ, ജലക്ഷാമം, ഉത്പാദന ചെലവിലെ വർദ്ധന, അടിസ്ഥാന വിലയിലെ ചാഞ്ചാട്ടം തുടങ്ങിയ കാരണങ്ങളാണ് കർഷകരുടെ ചുവടുമാറ്റത്തിനു കാരണം. ഏലയ്ക്ക ഉത്പാദനം ഏറ്റവും ഉയർന്നുനിൽക്കുന്ന കുമളി, വണ്ടന്മേട്, നെടുങ്കണ്ടം, ഉടുമ്പൻചോല, ശാന്തമ്പാറ, രാജകുമാരി മേഖലകളിൽ വരൾച്ചയിൽ കനത്ത കൃഷിനാശമാണുണ്ടായത്.
ഈ പ്രദേശത്തെ തോട്ടങ്ങളിലാണ് ഏറ്റവും കൂടുതൽ ഏലയ്ക്ക വിളയുന്നതും. മേയ് മാസം പകൽ താപനില അനിയന്ത്രിതമായി ഉയർന്നതിനിടയിൽ ജലസേചന സൗകര്യങ്ങൾ വേണ്ടത്ര ലഭ്യമാകാതെ പോയതും ഒട്ടുമിക്ക തോട്ടങ്ങളിലും കൃഷിനാശത്തിന് ഇടയാക്കി. ഏകദേശം 20 ഡിഗ്രി താപനിലയിൽ പിടിച്ചു നിൽക്കാൻ ഏലച്ചെടികൾക്കാകും. അന്ന് സംസ്ഥാനത്ത് പകൽ താപനില ഇതിന്റെ ഇരട്ടിയിലേക്ക് നീങ്ങിയത് തോട്ടം മേഖലയെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചു. ഏകദേശം 30- 35 ശതമാനം ഏലക്കൃഷി വരൾച്ചയിൽ കരിഞ്ഞുണങ്ങി.
വിലസ്ഥിരത ഇല്ലായ്മ വെല്ലുവിളി
ഒഫ് സീസണെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഏലയ്ക്ക വില ഉയരാത്തത് വൻകിട ചെറുകിട തോട്ടങ്ങളെ ഒരുപോലെ ബാധിച്ചു. പുതിയ വിളവ് മെച്ചപ്പെടുത്താൻ വളം, കീടനാശിനി പ്രയോഗങ്ങൾക്ക് യാതൊരു വിട്ടുവീഴ്ചയും ചെയ്യാനാകില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളത്തിനും മറ്റും വില അമിതമായി ഉയർന്നത് കർഷകരുടെ സാമ്പത്തികസ്ഥിതി കൂടുതൽ പരുങ്ങലിലാക്കുന്നു. ഉത്പന്ന വില പിന്നിട്ട ഏതാനും ആഴ്ചകളായി ശക്തമായ ചാഞ്ചാട്ടത്തിലാണ്. വില സ്ഥിരത ഉറപ്പുവരുത്താൻ വിപണിക്കാവുന്നില്ല.
ഇതിനിടയിൽ കൂലി വർദ്ധനയും കർഷകരെ പിരിമുറുക്കത്തിലാക്കി. ജൂലായിൽ ശരാശരി ഇനങ്ങൾ കിലോഗ്രാമിന് 2100- 2200 രൂപ റേഞ്ചിലാണ് പല ലേലങ്ങളിലും ഇടപാടുകൾ നടന്നത്. ജൂണിൽ വില 2400–2500 രൂപ നിലവാരത്തിലായിരുന്നു. കഴിഞ്ഞ മാസം പല ലേലങ്ങളിലും അര ലക്ഷം കിലോ ഏലയ്ക്ക വരെ വിൽപ്പനയ്ക്ക് എത്തിയിരുന്നെങ്കിൽ ഇപ്പോൾ വരവ് അതിന്റെ പകുതിയായി ചുരുങ്ങി. ഒഫ് സീസണായതിനാൽ കാർഷിക മേഖലയിൽ ചരക്കിന്റെ നീക്കിയിരിപ്പ് കുറഞ്ഞത് ലേലത്തിലെ വരവിനെ ബാധിച്ചു.
താരതമ്യേന വേനലിനെ അതിജീവിക്കാൻ ശേഷിയുള്ള കാപ്പി കൃഷിയാണ് ഏലം ഉപേക്ഷിച്ചവരിൽ കൂടുതൽ കർഷകരും തിരഞ്ഞെടുക്കുന്നത്. കാപ്പി കൃഷിക്ക് കോഫി ബോർഡ് നൽകുന്ന സബ്സിഡിയും കർഷകർക്ക് പ്രചോദനമാകുന്നു. ഹൈറേഞ്ചിലെ മണ്ണിന്റെ ഘടന കുരുമുളകിനും പാകമായതിനാൽ ഏലം കൃഷി കൈവിട്ട കർഷകർ കുരുമുളകുചെടിയും വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങി. ഏലത്തിനെ അപേക്ഷിച്ച് കാപ്പിക്കും കുരുമുളകിനും നഷ്ടവും ഉത്പാദനച്ചെലവും കുറവാണെന്ന് കർഷകർ പറയുന്നു.
റീ പൂളിംഗ് കള്ളക്കളി
വ്യാപാരികളുടെയും ലേല ഏജൻസികളുടെയും റീപൂളിംഗെന്ന കള്ളക്കളിയും കർഷകർ ഏലംകൃഷി ഉപേക്ഷിക്കുന്നതിന് പ്രധാന ഘടകമാണ്. കർഷകർ പതിക്കുന്ന ഏലയ്ക്ക ലേല എജൻസികളും അവരുടെ ബിനാമികളായ കച്ചവടക്കാരും ചേർന്ന് ലേലത്തിൽ പിടിച്ച് വീണ്ടും ലേലത്തിൽ പതിക്കുന്നതിനെയാണ് റീ പൂളിംഗ് എന്ന് പറയുന്നത്. ഇതുവഴി വില്പനയ്ക്ക് എത്തുന്ന ഏലയ്ക്കയുടെ അളവ് ഉയർത്തി നിറുത്തി ദൗർലഭ്യം ഇല്ലെന്ന് വരുത്തിത്തീർക്കുകയും വില ഉയരാനുള്ള സാദ്ധ്യത തടയുകയുമാണ് തന്ത്രം.
ഈ കള്ളക്കളിയിലൂടെ ഉത്തരേന്ത്യൻ വ്യാപാരികളും ഏജൻസികളും വൻലാഭം കൊയ്യുന്നുണ്ട്. ഓൺലൈൻ ലേലത്തിൽ വില എത്ര ഇടിഞ്ഞാലും ഉത്തരേന്ത്യൻ വിപണിയിൽ വില കാര്യമായി കുറയില്ല. അവിടെ എപ്പോഴും കിലോയ്ക്ക് ശരാശരി 2000 മുതൽ 3000 വരെ വിലയുണ്ടാകും. വിലവ്യത്യാസത്തിന്റെ ഈ നേട്ടം വ്യാപാരികളുടെ പോക്കറ്റിലേക്കാണ് പോകുന്നത്. പരമാവധി ലാഭം ലക്ഷ്യമിട്ട് കർഷകരിൽ നിന്ന് കഴിയുന്നത്ര വില കുറച്ച് വാങ്ങുകയാണ് വ്യാപാരികളുടെ തന്ത്രം. അതിന് ലേല ഏജൻസികളും കൂട്ടുനിൽക്കുന്നു. ഏലത്തിന് തറവില പ്രഖ്യാപിക്കുകയാണ് ഇത് മറികടക്കാനുള്ള പോംവഴി. കിലോയ്ക്ക് 1500 രൂപയെങ്കിലും തറവില പ്രഖാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വിളവെടുപ്പിന് സമയമെടുക്കും
ഏപ്രിൽ- മേയ് കാലയളവിലെ കനത്ത വരൾച്ചയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും ശരങ്ങൾ കരിഞ്ഞുണങ്ങിയത് ഇക്കുറി വിളവ് ചുരുങ്ങാനും ഇടയാക്കുമെന്ന് ഉത്പാദകർ പറയുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഏലയ്ക്ക മൂപ്പ് എത്താനും വിളവെടുക്കാനും പ്രതീക്ഷിച്ചതിലും വൈകുമെന്ന അവസ്ഥയാണ്. സാധാരണ ജൂലായിൽ പല ഭാഗങ്ങളിലും ചെറിയതോതിൽ വിളവെടുപ്പിനു തുടക്കം കുറിക്കാറുണ്ട്. നിലവിലെ സ്ഥിതിയിൽ പുതിയ വിളവ് ആഗസ്റ്റിൽ പ്രതീക്ഷിക്കാനാവില്ലെന്ന് കർഷകർ പറയുന്നു.
കാലാവസ്ഥ മാറ്റങ്ങൾ മൂലം സീസൺ ആരംഭം സെപ്തംബറിലേക്ക് നീളും. അതായത് ഈ വർഷം വിളവെടുപ്പ് കേവലം മൂന്നു റൗണ്ടിൽ ഒതുങ്ങും. സാധാരണ ഡിസംബറിനു മുമ്പായി ആറ് റൗണ്ട് വരെ വിളവെടുപ്പ് നടത്താറുണ്ട്. ആ നിലയ്ക്ക് നോക്കിയാൽ ഉത്പാദനത്തിലുണ്ടാകുന്ന കുറവ് എത്രയെന്ന് ഇപ്പോൾ കൃത്യമായി വിലയിരുത്താനാവില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആഗസ്റ്റ് പകുതിയോടെ ഉത്സവ സീസണിനു തുടക്കം കുറിക്കും. അവിടെ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് അനുഭവപ്പെടുന്നതും ഈ അവസരത്തിൽ തന്നെയാണ്.
കുമളി അടക്കമുള്ള മേഖലകളിലെ ചരക്കുവരവിന് നേരിടുന്ന കാലതാമസം കണക്കിലെടുത്താൽ വില ഉയരേണ്ടതാണ്. ഉത്തരേന്ത്യയിലെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ കരുതൽ ശേഖരം കുറഞ്ഞതും ഇവിടെ നിന്നുള്ള പുതിയ ചരക്കുവരവ് വൈകുമെന്നതും കൂടി കണക്കിലെടുക്കുമ്പോൾ വില ഉയർത്തി ഏലയ്ക്ക സംഭരിക്കാൻ അവർ നിർബന്ധിതരാകും.