കർക്കടക ബലിയിടേണ്ടത് ഓഗസ്റ്റ് മൂന്ന് ശനിയാഴ്‌ച രാവിലെയല്ല,​ ജ്യോതിഷാചാര്യന്മാർ പറയുന്നത് ശ്രദ്ധിക്കൂ

Friday 26 July 2024 12:50 PM IST

തിരുവനന്തപുരം:പിതൃക്കളുടെ മോക്ഷപ്രാപ്‌തിയ്‌ക്കായും അവരുടെ ‌സ്‌നേഹ സ്‌മരണ പുതുക്കാനും നമ്മൾ മലയാളികൾ ബലിതർപ്പണം നടത്തുന്നതാണല്ലോ കർക്കടക വാവുബലി. കർക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് നമ്മൾ ബലിയർപ്പിക്കുന്നത്. ഇത്തവണ കർക്കടക വാവ് ബലി ഓഗസ്‌റ്റ് മൂന്നിനാണെന്നാണ് മിക്ക കലണ്ടറുകളിലും കാണുന്നത്. സൂര്യനുദിക്കും മുൻപാണ് സാധാരണയായി ബലിതർപ്പണം ആരംഭിക്കുക. എന്നാൽ ഇത്തവണ ബലിത‌ർപ്പണം നടത്തേണ്ടത് ശനിയാഴ്‌ച പുലർച്ചെയല്ലെന്ന് വ്യക്തമാക്കുകയാണ് പ്രശസ്‌ത ജ്യോതിഷാചാര്യനായ റാം സാഗർ തമ്പുരാൻ. ഏതാണ് ബലിതർപ്പണത്തിന് ശരിയായ സമയം?​ ആചാര്യൻ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.മറ്റ് പ്രമുഖ ജ്യോതിഷികളും ഇക്കാര്യം ശരിയെന്ന് പറയുന്നു.

ശനിയാഴ്‌ച വൈകുന്നേരം മൂന്ന് മണി അൻപത് മിനിട്ട് 33 സെക്കന്റ് വരെ ചതുർദശിയാണ്. വാവ്‌ബലി സമയം തുടങ്ങുക അതിനാൽ വൈകുന്നേരമാണ്. ഈ സമയം മുതൽ ഞായറാഴ്‌ച നാല് മണി 42 മിനിട്ട് 28 സെക്കന്റ് വരെ വാവ് സമയമാണ്. അന്നാണ് കറുത്തവാവ്. അതിനാൽ ഞായറാഴ്‌ച പുലർച്ചെയാണ് ഇത്തവണ വാവ്‌ബലിയിടേണ്ടത്. ശനിയാഴ്‌ച രാത്രിയും ബലിതർപ്പണത്തിന് ഉത്തമമാണ്. ഇതറിയാതെ ശനിയാഴ്‌ച പുലർച്ചെ ബലിയിടുന്നത് ഉചിതമല്ല.

ബലിതർപ്പണത്തിലെ ആചാരം

മൺമറഞ്ഞുപോയ നമ്മുടെ പൂർവികർക്ക് ബന്ധുക്കളാരെങ്കിലും ഭക്തിയോടെ അന്നവും പൂജയും നടത്തുന്നതാണ് ക‌ർക്കടക വാവ്‌ബലി. സാധാരണ മിക്കവരും മാതാപിതാക്കളുടെ ആത്മശാന്തിക്കായാണ് ഇത് ആചരിക്കുന്നത്. ബലിതർപ്പണത്തിന് 48 മണിക്കൂർ മുൻപ് മുതൽ തന്നെ നി‌ർബന്ധമായും മനസും ശരീരവും അവരുടെ പ്രവൃത്തികളും ശുദ്ധമായിരിക്കണം. ഒരിക്കൽ എന്നാണ് ഈ വ്രതത്തെ പറയാറ്. മത്സ്യമാംസാദികൾ,​ മദ്യം,​ പഴകിയതും ചൂടാറിയതുമായ ഭക്ഷണം എന്നിവ വർ‌ജിക്കണം. തർപ്പണം ആരംഭിച്ചാൽ പിന്നെ കഴിയുന്നത് വരെ ഭക്ഷണമോ വെള്ളംകുടിക്കാനോ പാടില്ല.

പണ്ടുകാലങ്ങളിൽ കൂടുതലും പുരുഷന്മാർ മാത്രം ബലിയർപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ സ്‌ത്രീകളും ബലിയർപ്പിക്കാറുണ്ട്. ആർത്തവദിനങ്ങളിൽ എന്നാൽ സ്‌ത്രീകൾ ബലിയർപ്പിക്കരുതെന്നാണ് ആചാരങ്ങളിൽ പറയുന്നത്.

(റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128)​