പത്തനംതിട്ടയിൽ കാറിന് തീപിടിച്ച് രണ്ടുപേ‌ർ വെന്തുമരിച്ചു, കാർ തിരുവല്ല സ്വദേശിയുടേത്

Friday 26 July 2024 2:12 PM IST

പത്തനംതിട്ട: തിരുവല്ലയിൽ കാറിനുള്ളിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലാണ് മൃതദേഹങ്ങൾ. തിരുവല്ല തുകലശേരി സ്വദേശിയുടേതാണ് കാറെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവല്ല വേങ്ങലിലാണ് സംഭവം. മരിച്ചത് വാഹനഉടമ തുകലശേരി സ്വദേശി തോമസ് ജോർജും (69) ഭാര്യ ലൈജി തോമസുമാണ് (63) എന്ന് സ്ഥലത്തെത്തിയവർ അറിയിച്ചു.

ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. പാടശേഖരത്താൽ ചുറ്റപ്പെട്ട ഒഴിഞ്ഞ ഒരു സ്ഥലത്തുവച്ചാണ് കാർ കത്തിയത്. ആദ്യം പൊലീസ് പട്രോളിംഗ് സംഘമാണ് കാർ കത്തുന്നത് കണ്ടത്.കരിയിലയ്‌ക്ക് തീപിടിച്ചെന്നാണ് ആദ്യം കരുതിയത്. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ കെടുത്തി. അപ്പോഴേക്കും കാർ ഫ്രെയിമൊഴികെ ഭാഗങ്ങൾ കത്തിക്കഴിഞ്ഞിരുന്നു. വാഹന ഉടമയുടെ ബന്ധുക്കളെ അപകട സ്ഥലത്തെത്തിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് നടത്തി. ഒരു സ്‌ത്രീയുടെയും പുരുഷന്റെയും ശരീരം വെന്തനിലയിൽ കാറിന്റെ മുൻ സീറ്റിലാണ് കണ്ടത്. സാധാരണയായി ഈ കാർ വാഹന ഉടമ തോമസ് ജോർജും ലൈജിയും മാത്രമാണ് ഉപയോഗിക്കാറെന്നും അതിനാൽ ഇവർ തന്നെയാണ് മരിച്ചതെന്നാണ് അടുത്ത ബന്ധുക്കൾ നൽകുന്ന സൂചന.

തോമസ് ജോർജിനും ലൈജിയ്‌ക്കും സാമ്പത്തിക പ്രശ്‌നമുണ്ടെന്ന് പൊലീസ് അറിയിച്ചു. അതിനാൽ തന്നെ സംഭവം ആത്മഹത്യയാകാം എന്ന സംശയവും നിലനിൽക്കുന്നുണ്ട്.