മെൻകോൾ ഇൻഡസ്ട്രീസിനെ ഏറ്റെടുത്ത് സെന്റ് ഗോബൈൻ

Saturday 27 July 2024 12:11 AM IST

മലപ്പുറം: പാലക്കാട് കഞ്ചിക്കോടിലെ വാട്ടർ പ്രൂഫിംഗ് ഉത്പന്ന നിർമ്മാതാക്കളായ മെൻകോൾ ഇൻഡസ്ട്രീസിനെ ഫ്രെഞ്ച് കൺസ്ട്രഷൻ കമ്പനിയായ സെന്റ് ഗോബൈൻ ഏറ്റെടുത്തു. ഇന്ത്യൻ വിപണിയിലേക്ക് സെന്റ് ഗോബൈൻ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

തറനിരപ്പിന് താഴെ കെട്ടിട നിർമ്മാണം നടത്തുമ്പോൾ വാട്ടർ പ്രൂഫിംഗ് ചെയ്ത് കെട്ടിടത്തിന്റെ സുരക്ഷയുറപ്പിക്കാനായി ഉപയോഗിക്കുന്ന ഹൈ ഡെൻസിറ്റി പോളി എത്തിലിൻ മെമ്പ്രൈൻ ഉത്‌പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ഫാക്ടറിയാണ് പാലക്കാട് മെൻകോളിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിലെ പ്രവർത്തനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് മെൻകോളിന്റെ കഞ്ചിക്കോട്ടെ ഫാക്ടറിയിൽ സെന്റ് ഗോബൈൻ എത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സെന്റ് ഗോബൈൻ മെൻകോളിനെ ഏറ്റെടുത്തത്.

സെന്റ് ഗോബൈന്റെ ഏറ്റെടുക്കൽ നടപടി സംരംഭകനെന്ന നിലയിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്ന് മേഖലയിൽ 25 വർഷത്തെ പരിചയസമ്പത്തുള്ള കമ്പനി മാനേജിംഗ് ഡയറക്ടറായ സുധീഷ് സുബ്രഹ്മണ്യൻ പറയുന്നു.

Advertisement
Advertisement