ഐ.സി.എൽ ഫിൻകോർപ്പിന് പുതിയ ഡയറക്ടർമാർ

Saturday 27 July 2024 12:16 AM IST

തൃശൂർ: ഐ.സി.എൽ ഫിൻകോർപ്പിന്റെ പുതിയ ഡയറക്ടർമാരായി ഡോ.രാജശ്രീ അജിത്തും ഡോ.എം. എൻ.ഗുണവർദ്ധനും ചുമതലയേറ്റു. ഫിലോസഫിയിൽ ഡോക്ടറേറ്റും 26 വർഷത്തെ പ്രവർത്തിപരിചയവുമുള്ള ഡോ.രാജശ്രീ അജിത്ത് കെ.ടി.ഡി.എഫ്.സിയുടെ മുൻ എം.ഡിയാണ്. ഡോ.എം.എൻ.ഗുണവർദ്ധൻ ആലപ്പുഴ മുൻ കളക്ടറായിരുന്നു. സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷണർ ചീഫ് സെക്രട്ടറി റാങ്കിൽ നിന്നാണ് വിരമിച്ചത്.
32 വർഷത്തെ പാരമ്പര്യമുള്ള ഐ.സി.എൽ ഫിൻകോർപിന് കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക, ഒഡീഷ എന്നിവിടങ്ങളിൽ സാന്നിദ്ധ്യമുണ്ട്.

ഇന്ത്യയൊട്ടാകെ പുതിയ ശാഖകൾ ആരംഭിച്ച് ദേശീയ തലത്തിൽ പ്രവർത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിനിമാ താരങ്ങളായ മമ്മൂട്ടിയും സാമന്തയുമാണ് ബ്രാൻഡ് അംബാസിഡർമാർ. സ്വർണ, ബിസിനസ് വാഹന, പ്രോപ്പർട്ടി വായ്‌പകൾ, ഇൻവെസ്റ്റ്‌മെന്റ് ഓപ്ഷനുകൾ, മണി ട്രാൻസ്ഫർ, ഫോറിൻ എക്‌സ്‌ചേഞ്ച്, ക്രിട്ടിക്കൽ ഇൻഷ്വറൻസ്, ഹോം ഇൻഷ്വറൻസ്, ഹെൽത്ത് ഇൻഷ്വറൻസ്, വെഹിക്കിൾ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ സാമ്പത്തിക സേവനങ്ങളാണ് ഫിൻകോർപ്പിലുള്ളതെന്ന് സി.എം.ഡി അഡ്വ.കെ.ജി.അനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

റിസർവ് ബാങ്ക് ഒഫ് ഇന്ത്യ നിശ്ചയിച്ചിട്ടുളള മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് നൽകുന്ന മികച്ച സേവനങ്ങളിലൂടെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും ഫിൻകോർപ്പിനായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹോൾ ടൈം ഡയറക്ടറും സി.ഇ.ഒ.യുമായ ഉമ അനിൽകുമാർ, ഡോ.രാജശ്രീ അജിത്ത്, കമ്പനി സെക്രട്ടറി ടി.വി.വിശാഖ്, ഡയറക്ടർ ഷിന്റോ സ്റ്റാൻലി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ടി.മാധവൻകുട്ടി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.