ശബരിപാത:കേന്ദ്രവായ്പ  നേടിയെടുക്കാൻ നീക്കം  #പരിഗണിക്കുന്നത് 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയ സാദ്ധ്യത

Saturday 27 July 2024 12:41 AM IST

തിരുവനന്തപുരം: ആറ് ജില്ലകളിലെ ദശലക്ഷക്കണക്കിനാളുകൾക്കും ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തിനും ഗുണകരമാവുന്ന അങ്കമാലി-എരുമേലി ശബരി റെയിൽപാതയ്ക്കുള്ള 50 ശതമാനം സംസ്ഥാന വിഹിതം

കേന്ദ്രത്തിൽ നിന്ന് വായ്പയായി നേടാൻ നീക്കം.

സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ടു വർഷം മുമ്പ് കേന്ദ്രം കൊണ്ടുവന്ന പലിശയില്ലാത്ത വായ്പാ പദ്ധതിയായ കാപ്പക്സ് പ്രകാരം ഇപ്പോഴത്തെ ബഡ്ജറ്റിൽ 11.11ലക്ഷം കോടിരൂപയാണ് മാറ്റിവച്ചിരിക്കുന്നത്. തിരിച്ചടവിന് അര നൂറ്റാണ്ടിന്റെ സാവകാശവുമുണ്ട്.

ശബരിപാതയുടെ ആവശ്യകതയും പ്രാധാന്യവും കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തി ഇതിൽ നിന്ന് വായ്പ നേടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. ചീഫ്സെക്രട്ടറി, ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ, വകുപ്പ്സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്രബഡ്ജറ്റിലെ പലിശരഹിത, ദീർഘകാല വായ്പ ശബരിപാതയ്ക്ക് പ്രയോജനപ്പെടുത്താമെന്ന് ബുധനാഴ്ച 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

ശബരിപാതയ്ക്ക് 3800.94കോടിയാണ് നിർമ്മാണചെലവ്. ഇതിൽ 1900.47കോടിയാണ് കേരളം മുടക്കേണ്ടത്. ഇക്കാര്യത്തിൽ ഉറപ്പുകിട്ടാതെ പദ്ധതിരേഖ പരിഗണിക്കില്ലെന്നാണ് റെയിൽവേ നിലപാട്.

പരമാവധി വിശദാംശങ്ങൾ ഉൾപ്പെടുത്തി പാകപ്പിഴകൾ കൂടാതെ അപേക്ഷ തയ്യാറാക്കാൻ ഗതാഗത സെക്രട്ടറിയെചുമതലപ്പെടുത്തും. ചീഫ്സെക്രട്ടറി പരിശോധിച്ച് അപേക്ഷ ഡൽഹിയിലേക്ക് അയയ്ക്കുകയും വായ്പ നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യും.

ബൃഹദ് പദ്ധതികൾക്കാണ് കേന്ദ്രത്തിന്റെ പലിശരഹിത വായ്പയെങ്കിലും, ശബരിപാതയുടെ പ്രാധാന്യം ശ്രദ്ധയിൽപ്പെടുത്തി വായ്പ നേടിയെടുക്കാനാണ് ശ്രമം. കേന്ദ്രം ലൊക്കേഷൻ സർവേ നടത്താൻ അനുമതി നൽകിയ ചെങ്ങന്നൂർ-പമ്പ 75കിലോമീറ്റർ പാതയേക്കാൾ കേരളത്തിന് ഗുണകരം അങ്കമാലി-എരുമേലി പാതയാണെന്ന് കേന്ദ്രത്തെ അറിയിക്കും. പമ്പ പാതയിൽ ആറന്മുള സ്റ്റേഷനേയുണ്ടാവൂ.

8000 കോടി ചെലവുള്ള എലിവേറ്റഡ് ഇരട്ടപ്പാത പൂർണമായി വനഭൂമിയിലാണ്.

45 ദിവസത്തെ മണ്ഡലകാലത്തല്ലാതെ പാതയിൽ തിരക്കുണ്ടാവില്ല. ഭാവി വികസനത്തിനും സാദ്ധ്യതകുറവ്. ഈ പ്രദേശത്തെ ഒരു ടൗണിനും പ്രയോജനകരമാവില്ല. 19 കി.മീ വനഭൂമിയിലെ പദ്ധതിക്ക് അനുമതിക്കും പ്രയാസം. പഠനങ്ങൾ പൂർത്തിയാവാൻ വർഷങ്ങളെടുക്കും.

പണി തുടങ്ങിയ

ശബരിപാത

അങ്കമാലി-എരുമേലി 111കി.മീ പാതയിൽ 7കിലോമീറ്റർ റെയിലും ഒരു പാലവും നിർമ്മിച്ചിട്ടുണ്ട്. 264കോടി ചെലവിട്ട ശേഷം പദ്ധതി 2019ൽ റെയിൽവേ മരവിപ്പിച്ചതാണ്. എല്ലാ പഠനങ്ങളും പൂർത്തിയായതാണ്.

എറണാകുളം,ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഗതാഗതസൗകര്യമേറും. റെയിൽവേ കണക്ടിവിറ്റിയില്ലാത്ത മലയോരമേഖലകളിലേക്കും ഇടുക്കിജില്ലയിലേക്കും റെയിൽസൗകര്യമെത്തും.

പാഴായ

200കോടി

ഇത്തവണത്തെ കേന്ദ്രബഡ്ജറ്റിൽ 100കോടി പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. രണ്ടു കേന്ദ്രബഡ്‌ജറ്റുകളിലായി അനുവദിച്ച 200കോടി ഇതിനകം പാഴായിട്ടുണ്ട്.

`ഭൂമിയേറ്റെടുക്കൽ അടക്കം ചെലവുകൾക്കാണ് സംസ്ഥാനം 1900 കോടി നൽകേണ്ടത്. കേന്ദ്രത്തിന് എന്ത് മറുപടി നൽകണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഫയൽ മുഖ്യമന്ത്രിക്കയച്ചു.'

-ഡോ.വി.വേണു

ചീഫ്സെക്രട്ടറി

Advertisement
Advertisement