ശബരിമല സ്ത്രീപ്രവേശന കേസ് വാദിച്ചതിന് 62 ലക്ഷം ആവശ്യപ്പെട്ട് അഭിഭാഷകൻ, കുറയ്ക്കാൻ പറ്റുമോ എന്ന് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീം കോടതിയിൽ വാദിച്ചതിന് 62 ലക്ഷം ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി. കേസ് വാദിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഫീസിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സിങ്‌വിയെ സമീപിക്കാനാണ് സംസ്ഥാന ദേവസ്വം ബോർഡ് ആലോച്ചിക്കുന്നത്. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് കാണിച്ച് ബോർഡ് എടുത്ത നിലപാട് കോടതിയിൽ പരാജയപ്പെട്ടിരുന്നു.
അതേസമയം ബോർഡിന്റെ അനുവാദമില്ലാതെയാണ് സിങ്‌വിയെ കേസ് ഏൽപ്പിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ ചൂണ്ടിക്കാണിച്ചു. മുതിർന്ന അഭിഭാഷകരായ മോഹൻ പരാശരനെയോ, ഗോപാൽ സുബ്രഹ്മണ്യത്തെയോ കേസ് ഏൽപ്പിക്കണം എന്നതായിരുന്നു ബോർഡ് കൈകൊണ്ട തീരുമാനം. എന്നാൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച അഭിഭാഷക, ബോർഡിന്റെ അനുമതിയില്ലാതെ കേസ് സിങ്‌വിയെ ഏൽപ്പിക്കുകയായിരുന്നു. പത്മകുമാർ വ്യക്തമാക്കി. ശബരിമലയുടെ വരുമാനം കുറഞ്ഞെന്ന് കാണിച്ചാണ് അഭിഷേക് മനു സിങ്‌വിയോട് ഇളവ് ചോദിക്കാൻ ദേവസ്വം ബോർഡ് ഒരുങ്ങുന്നത്.